ഝാര്‍ഖണ്ഡില്‍ വീണ്ടും ഗോസംരക്ഷകര്‍ കന്നുകാലി കച്ചവടക്കാരെ തല്ലിക്കൊന്നു

ഇവരുടെ കാര്‍ ഹെസ്സെല്‍ ഗ്രാമം കടന്നുപോകുന്നതിനിടെ ഇന്നലെ അര്‍ദ്ധരാത്രിയോടെ നൂറോളം പേര്‍ ചേര്‍ന്ന് കാര്‍ തടയുകയായിരുന്നു
ഝാര്‍ഖണ്ഡില്‍ വീണ്ടും ഗോസംരക്ഷകര്‍ കന്നുകാലി കച്ചവടക്കാരെ തല്ലിക്കൊന്നു

ജാംഷഡ്പൂര്‍: ഝാര്‍ഖണ്ഡിലെ  ജാംഷഡ്പൂരില്‍ ഗ്രാമവാസികള്‍ മൂന്ന് കന്നുകാലി വ്യാപാരികളെ തല്ലിക്കൊന്നു. ഒരു രാത്രിയും പകലുമായി കാര്‍ പിന്തുടര്‍ന്ന് പിടികൂടിയാണ് ഇന്നലെ ഉച്ചയോടെ ഇവരെ കൊലപ്പെടുത്തിയത്. ഷെയ്ഖ് നയിം(35), ഷെയ്ഖ് സജ്ജു(25), ഷെയ്ഖ് സിറാജ്(26) എന്നിവരാണ് കന്നുകാലികളെ വാങ്ങാന്‍ പോകുന്നതിനിടെ കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹാലിം(28) എന്ന കന്നുകാലി കച്ചവടക്കാരന്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നെന്നാണ് അറിയുന്നതെങ്കിലും ഇയാളെ കാണാതായിരിക്കുകയാണ്.

ഈ പ്രദേശത്ത് ഏതാനും ആഴ്ചകളായി കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെന്നും അതിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്. സാമുദായികമായ ലക്ഷ്യത്തിനായല്ല കൊലപാതകമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും ബിജെപി ഭരിക്കുന്ന ഝാര്‍ഖണ്ഡിലെ ലതേഹറില്‍ ഗോസംരക്ഷകര്‍ രണ്ട് കന്നുകാലി കച്ചവടക്കാരെ കൊലപ്പെടുത്തിയിരുന്നു. കിഴക്കന്‍ സിങ്ഖഭമിലെ ഹല്‍ദിപോഖറില്‍ നിന്നും കന്നുകാലികളെ വാങ്ങാനായി സെറെയ്‌കേലഖര്‍സാവന്‍ റോഡിലെ രാജ്‌നഗറിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. ഹല്‍ദിപോഖറിലെ വാരാന്ത ചന്തയില്‍ ശനിയാഴ്ച കാലികളെ വില്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ഇവരുടെ കാര്‍ ഹെസ്സെല്‍ ഗ്രാമം കടന്നുപോകുന്നതിനിടെ ഇന്നലെ അര്‍ദ്ധരാത്രിയോടെ നൂറോളം പേര്‍ ചേര്‍ന്ന് കാര്‍ തടയുകയായിരുന്നു. എന്നാല്‍ അപകടം മണത്ത ഇവര്‍ കാര്‍ വേഗതയില്‍ ഓടിച്ചുപോയി. കാറിനെ പിന്തുടര്‍ന്ന് ആള്‍ക്കൂട്ടം ദരു ഗ്രാമത്തില്‍ വച്ച് കാര്‍ പിടികൂടി. നയിമിനെ ജനക്കൂട്ടം നിര്‍ദ്ദാക്ഷിണ്യം മര്‍ദ്ദിക്കുന്നതിനിടെ മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു. ഇതോടെ ഇവരുടെ കാറിന് ആക്രമികള്‍ തീയിട്ടു. രാവിലെ ആറരയോടെ മുസ്ലിം ന്യൂനപക്ഷ പ്രദേശമായ ഷോഭപ്പൂരില്‍ എത്തിയ ആക്രമികള്‍ മൂന്ന് പേര്‍ക്കുമായി തിരച്ചില്‍ നടത്തി.

ഇവരെ തടയാന്‍ എത്തിയ മൂന്ന് പൊലീസുകാരെയും ജനക്കൂട്ടം മര്‍ദ്ദിച്ചു. ഇവരുടെ ജീപ്പും തീയിട്ടു. ഇതിനിടെ മറ്റൊരു പൊലീസ് സംഘം നയിമിനെ സെറെയ്‌കേല സബ്ഡിവിഷന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെ സജ്ജുവിനെയും സിറാജിനെയും കണ്ടുപിടിച്ച ആക്രമികള്‍ അവരെയും മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com