ചന്ദ്രസ്വാമി:  ബാബറി കേസില്‍ റാവുവിനെ കുഴിയില്‍ ചാടിച്ച ഗുരു 

റാവു തന്റെ ആത്മീയ ഗുരുവായി കണ്ടിരുന്നതും അവസാനം റാവുവിനെ ഏറ്റവും വലിയ കുഴിയില്‍ കൊണ്ടു ചാടിച്ചതും ചന്ദ്രസ്വാമി തന്നെ
ചന്ദ്രസ്വാമി:  ബാബറി കേസില്‍ റാവുവിനെ കുഴിയില്‍ ചാടിച്ച ഗുരു 


ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മുന്‍ പ്രധാന മന്ത്രി നരസിംഹ റാവുവിനെ തെറ്റിദ്ധരിപ്പിച്ച് സംഘപരിവാര്‍ ലക്ഷ്യം നേടിയെടുക്കാന്‍ കൂട്ടുനിന്നവരില്‍ പ്രധാനിയായിരുന്നു ഇന്നലെ അന്തരിച്ച ചന്ദ്രസ്വാമി. റാവു തന്റെ ആത്മീയ ഗുരുവായി കണ്ടിരുന്നതും അവസാനം റാവുവിനെ ഏറ്റവും വലിയ കുഴിയില്‍ കൊണ്ടു ചാടിച്ചതും ചന്ദ്രസ്വാമി തന്നെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയമില്ലാതെ പറയുന്ന കാര്യമാണ്. 

സംഘപരിവാര്‍ ഒരിക്കലും അക്രമം അഴിച്ചുവിടുകയില്ലെന്നും ബാബറി മസ്ജിദ് തകര്‍ക്കുകയില്ലെന്നും ചന്ദ്രസ്വാമി നരസിംഹ റാവുവിനെ പറഞ്ഞു വിശ്വിസിപ്പിച്ചിരുന്നു. അതിന്റെ പേരിലാണ് നടക്കാന്‍ പോകുന്ന സംഭവം മുന്‍കൂട്ടി അറിഞ്ഞിട്ടും നരസിംഹ റാവു നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 

നരസിംഹ റാവു അധികാമേറ്റയുടന്‍തന്നെ ചന്ദ്രസ്വാമി ഡല്‍ഹിയില്‍ ആശ്രമം സ്ഥാപിക്കുകയുണ്ടായി. ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും ഗുല്‍സാരിലാല്‍ നന്ദയ്ക്കും ശേഷം നെഹ്രു കുടുംബത്തില്‍ നിന്നല്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് എന്ന ബഹുമതിയുമായി അധികാരമേറ്റ നരസിംഹ റാവു ഏത് കാര്യങ്ങള്‍ക്കും ചന്ദ്രസ്വാമിയുടെ ഉപദേശം തേടിയിരുന്നു.

രാജീവ് ഗാന്ധി വധക്കേസിലും സ്വാമിക്ക് പങ്കുള്ളതായി പറയപ്പെടുന്നു.എന്നാല്‍ അധികം പരിക്കുക്കേല്‍ക്കാതെ സ്വാമിക്ക് ഊരിപ്പോരാന്‍ സാധിച്ചത് നരസിംഹ റാവുവുമായുള്ള അടുപ്പം തന്നെയായിരുന്നു. രാജീവ് ഗാന്ധി വധത്തെക്കുറിച്ച് അന്വേഷിച്ച ജെയിന്‍ കമ്മീഷന്‍ സാമ്പത്തിക ഇടനിലക്കാരന്‍ എന്നാണ് റിപ്പോര്‍ട്ടില്‍ ചന്ദ്രസ്വാമിയെ വിശേഷിപ്പിച്ചിരിക്കുന്നത്. 

നരസിംഹ റാവു അധികാരത്തില്‍ നിന്നൊഴിഞ്ഞതോടുകൂടി ചന്ദ്രസ്വാമിയുടെ അധികാരത്തിനൊപ്പമുള്ള ജീവിതത്തിന് തിരിച്ചടികളേല്‍ക്കാന്‍ തുടങ്ങി. ഒന്നിനു പുറകേ ഒന്നായി ക്രിമിനല്‍ കേസുകളില്‍ കുടുങ്ങിയ സ്വാമിക്ക് പതിയെ ഉള്‍വലിയേണ്ടിവന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി സ്വാമിയെപ്പറ്റി അധികം വിവരമൊന്നുമുണ്ടായിട്ടില്ല. ലണ്ടനിലെ വ്യവസായിയുടെ കയ്യില്‍ നിന്നും പണം തട്ടിയെന്ന കേസില്‍ 1996ല്‍ ചന്ദ്രസ്വാമി അറസ്റ്റിലായി. എന്‍ഫോഴ്‌സ്‌മെന്റ് സ്വാമിക്കെതിരെ വിദേശനാണയ വിനിമയ നിയമ പ്രകാരം കേസെടുത്തു. 1011ല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്വാമിക്ക് 9കോടി രൂപ പിഴയിട്ടു. 

ഇന്ത്യന്‍ നേതാക്കളോട് മാത്രമായിരുന്നില്ല സ്വാമിയുടെ ബന്ധങ്ങള്‍. ബ്രിട്ടണിലെ ഉരുക്കുവനിത മാര്‍ഗരറ്റ് താച്ചറെ കയ്യിലെടുക്കാനും സ്വാമിക്കു കഴിഞ്ഞു. മാര്‍ഗരറ്റ് താച്ചര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നും 11 വര്‍ഷം ഭരിക്കുമെന്നും സ്വാമി പ്രവചിച്ചിരുന്നു. അത് സത്യമായെന്നും താച്ചര്‍ സ്വാമിയുടെ കടുത്ത ആരാധികയായി മാറിയെന്നും മുന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയും നയതന്ത്രപ്രതിനിധിയുമായ നട്‌വര്‍ സിംഗ് സിംഹങ്ങള്‍ക്കൊപ്പമുള്ള നടത്തം എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. 

വിഖ്യാത ഹോളിവുഡ് നടി എലിസബത്ത് ടെയ്‌ലര്‍,അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം,ആയുധ വ്യാപാരി അദ്‌നന്‍ ഖഷോഗി,ബ്രൂണൈ സുല്‍ത്താന്‍ ഇവരൊക്കെ ചന്ദ്രസ്വാമിയുചടെ ഉപദേശം സ്വീകരിച്ചിരുന്നതായി പറയപ്പെടുന്നു. ഏറെക്കാലം ബീഹാറിലെ വനമേഖവലയില്‍ ധ്യാനത്തില്‍ മുഴുകിയിരുന്നുവെന്നും അക്കാലത്ത് തനിക്ക് അസാമാന്യ സിദ്ധി ലഭിച്ചുവെന്നും അവകാശപ്പെട്ടാണ് ചന്ദ്രസ്വാമി മുഖ്യധാരയിലേക്ക് കടന്നുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com