ഞങ്ങളൊന്നും നേടിയില്ല, അവരിപ്പോഴും അവിടെത്തന്നെയുണ്ട്; നക്‌സല്‍ബാരിയിലെ വിപ്ലവകാരികള്‍ പറയുന്നു 

ഞങ്ങളുടെ വിപ്ലവം ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ല, നേതാക്കന്‍മാര്‍ അതിനെ ശരിയായ പാതയില്‍ക്കൊണ്ടുവരും
 ഞങ്ങളൊന്നും നേടിയില്ല, അവരിപ്പോഴും അവിടെത്തന്നെയുണ്ട്; നക്‌സല്‍ബാരിയിലെ വിപ്ലവകാരികള്‍ പറയുന്നു 

'നിക്കറിയില്ല ഇപ്പോള്‍ ആരെയാണ് വിപ്ലവകാരി എന്ന് വിളിക്കേണ്ടതെന്ന്...എന്തിനെയെങ്കിലും എതിര്‍ത്താല്‍ എതിര്‍ക്കുന്നവനെ മാവോയിസ്റ്റായി മുദ്രകുത്തുകയാണ്...'മുജീബുര്‍ റഹ്മാന്‍ എന്ന വസന്തത്തിന്റെ ഇടിമുഴക്കത്തിന് നക്‌സല്‍ബാരിയില്‍ തുടക്കമിട്ട വിപ്ലവകാരികളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആദ്യ നക്‌സേലിറ്റിന്റെ വാക്കുകളാണിത്.

1967 മെയ് 25ന്‌ നക്‌സല്‍ബാരിയിലെ കര്‍ഷകര്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ രണ്ടായി പകുത്ത സായുധകലാപത്തിലേക്ക് നീങ്ങുമ്പോള്‍ മുന്നണിപ്പോരാളിയായി മുജീബുര്‍ റഹ്മാനുമുണ്ടായിരുന്നു.
' ഞങ്ങളൊന്നും  നേടിയെടുത്തില്ല, ഞങ്ങള്‍ ആര്‍ക്കെതിരേയാണോ പോരാടിയത് അവരിപ്പോഴും ഭൂമാഫിയയുടേയും കോര്‍പ്പറേറ്റുകളുടേയും രൂപത്തില്‍ അധികാരത്തില്‍ത്തുടരുന്നു...' മുജീബൂര്‍ റഹ്മാന്‍ പറയുന്നു. 

1967ല്‍ നടന്ന സായുധ കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുജീബുര്‍ റഹ്മാന്‍ ഇപ്പോഴും അന്ന് നടന്ന കാര്യങ്ങള്‍ വ്യക്തമായി ഓര്‍ത്തെടുക്കുന്നുണ്ട്. 

'സോനം വാങ്ഡിയെന്ന പൊലീസ് ഓഫീസറെ കൊന്നുകൊണ്ടാണ് കലാപം ആരംഭിക്കുന്നത്. അയ്യാള്‍ ഗര്‍ഭിണിയായ ഒരു കര്‍ഷക സ്ത്രീയെ ഉപദ്രവിച്ചിരുന്നു.അയ്യാളെ കര്‍ഷകര്‍ കൊന്നുകളഞ്ഞു, ബംഗായി ജോട്ട് ഗ്രാമത്തില്‍വെച്ച് മെയ് 25ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 11പേരെ കൊന്നുകൊണ്ടാണ് പൊലീസ് ഇതിന് പകരംവീട്ടിയത്. 

അവിടെനിന്ന് പടര്‍ന്ന വിപ്ലവത്തിന്റെ തീപ്പൊരി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും പടര്‍ന്നുപിടിച്ചു. ഇപ്പോഴത് സൈന്യത്തിന് നേരെ വെല്ലുവിളിയുയയര്‍ത്തുന്ന വലിയ ശക്തിയായും രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ പ്രശ്‌നമായും മുദ്രകുത്തപ്പെട്ടു. 

എന്നിരുന്നാലും ചുരുക്കം ചിലര്‍ ഇപ്പോഴും മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നു. മുമ്പ് രണ്ട് വര്‍ഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളു അടിച്ചമര്‍ത്തപ്പെടുന്നവനും ചൂഷകനും. ഇപ്പോള്‍ ഒരു വര്‍ഗ്ഗം കൂടിയുണ്ടായിരിക്കുന്നു, വൃത്തികെട്ട ഇടനിലക്കാര്‍. ഭരണവര്‍ഗ്ഗത്തിന്റെ കൂടെ പാവപ്പെട്ടവരെ കൂടുതല്‍ അടിച്ചമര്‍ത്താന്‍ അവര്‍ കൂട്ടുനില്‍ക്കുന്നു. 

മുഖ്യധാര ഇടതുപക്ഷം ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നു. ഞങ്ങളുടെ പ്രതീക്ഷയായ വിദ്യാര്‍ത്ഥികളെ പിന്നോട്ട് വലിക്കുന്നു'. മുജീബുര്‍ പറയുന്നു.
പ്രക്ഷോഭ സമയത്ത് വിപ്ലവകാരികള്‍ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്ന പൊലീസ് ചെക്‌പോസ്റ്റിലൊന്നിലാണ് ഇപ്പോള്‍ ഈ പഴയ വിപ്ലവകാരിയുടെ താമസം. 

'ഞങ്ങള്‍ സില്‍ഗുരി സബ്ഡിവിഷന്‍ മുഴുവന്‍ വിമോചിപ്പിച്ചിരുന്നു. എനിക്കായിരുന്നു നക്‌സല്‍ബാരിയുടെ ചാര്‍ജ്.നാല് മാസത്തിനുള്ളില്‍ ഞങ്ങള്‍ പൊലീസ് പിടിയിലായി'. അദ്ദേഹം പറയുന്നു. 

ഈ പഴയ വിപ്ലവകാരി ഇപ്പോഴും വിശ്വസിക്കുന്നത് സിപിഐഎമ്മാണ് നക്‌സലുകളുടെ ഏറ്റവും വലിയ ശത്രുവെന്നാണ്. 'ജ്യോതിബസുവും ബിനോയ് കൃഷ്ണ കൊണാറും ഞങ്ങളുടെ അടുത്ത് വരികയും കൈക്കൂലി തരാന്‍ ശ്രമിക്കുകയും കീഴടങ്ങന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങള്‍ വഴങ്ങിയില്ല'. അദ്ദേഹം പറയുന്നു.

റഹ്മാന്റെ ഭാര്യ റഷീദ ബീഗം അക്കാലത്തെ ഓര്‍ത്തെടുക്കുന്നതിങ്ങനെയാണ്:     

'ഞങ്ങളുടെ മകന് അന്ന് പത്തുമാസമായിരുന്നു പ്രായം. ഞാന്‍ ഒരുതവണ പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയയായി. മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കിയാല്‍ ഭര്‍ത്താവിനെ വിട്ടയക്കാം എന്നവര്‍ പറഞ്ഞു. പക്ഷേ ഒരു വിവരവും നല്‍കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഞങ്ങള്‍ പ്രസ്ഥാനത്തില്‍ അത്രമേല്‍ വിശ്വസിച്ചിരുന്നു'. റഷീദ പറയുന്നു. 

കനു സന്യാലിനെക്കുറിച്ച് പറയഞ്ഞപ്പോള്‍ റഷീദയുടെ കണ്ണുകള്‍ നിറഞ്ഞു. 'അദ്ദേഹം വളരെ ലളിതനായ മനുഷ്യനായിരുന്നു'. റഷീദ ഓര്‍ക്കുന്നു. 'അയഞ്ഞ പൈജാമകളാണ് അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്നത്. പശുക്കച്ചവടക്കാരനെന്ന് ഞാന്‍ അദ്ദേഹത്തെ കളിയാക്കി വിളിക്കുമായിരുന്നു. ഞാനൊരിക്കലും കരുതുന്നില്ല അദ്ദേഹം സ്വയം മരിക്കുമെന്ന്. അദ്ദേഹത്തിന്റെ പ്രസരിപ്പ് നഷ്ടപ്പെട്ടുവെന്ന് തോന്നിയിരുന്നുവെങ്കില്‍ ഇതിന് മുമ്പേ ആത്മഹത്യ ചെയ്‌തേനേ...ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്ന അദ്ദേഹം പോരാട്ടത്തില്‍ തോറ്റുപോയെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല'. റഷീദ പറയുന്നു.

കനു സന്യാല്‍
 

നക്‌സല്‍ബാരി വിപ്ലവത്തിന് തുടക്കമിട്ട നേതാക്കളില്‍ പ്രധാനിയായിരുന്ന കനു സന്യാല്‍ നക്‌സല്‍ബാരിയിലെ സെബ്‌ദെല്ല ജോട്ട് ഗ്രാമത്തിലെ വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.2010 മാര്‍ച്ച് 23നാണ് അദ്ദേഹം മരിച്ചത്. 

കലാപത്തില്‍ പങ്കെടുത്ത വിപ്ലവകാരികളില്‍ ജീവിച്ചിരിക്കുന്നവര്‍ക്കിപ്പോഴും വിപ്ലവത്തെപ്പറ്റി പറയാന്‍ നൂറ് നാവാണ്. 1967ല്‍ സോനം വാങ്ഡിയുടെ കൊലപാതകത്തിലേക്ക് നയിച്ച ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ തന്റെ 15മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും മുതുകില്‍ത്തൂക്കി പോയ കഥ പറയുമ്പോള്‍ ഇപ്പോഴും ആവേശമാണ് സ്ത്രീ പോരാളികളില്‍ പ്രധാനിയായിരുന്ന,ഇപ്പോഴും നക്‌സലേറ്റ് പ്രസ്ഥാനത്തില്‍ തുടരുന്ന ശാന്തി മുണ്ടയ്ക്ക്. 

ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെക്കുറിച്ച ശാന്തി മുണ്ട പറയുന്നത് ഇങ്ങനെയാണ്, 
'കമ്മ്യൂണിസത്തിന്റെ ഗര്‍ഭപാത്രത്തില്‍ ജനിച്ച രണ്ടു ഇരട്ടക്കുട്ടികളില്‍ ഒരാള്‍ തിരുത്തല്‍വാദിയും ഒരാള്‍ തീവ്രവാദിയുമായി'.ഇപ്പോള്‍ നമുക്ക് വേണ്ടത് മധ്യപാതയാണ്. 

ശാന്തി മുണ്ട
 

കനുദാ(കനു സന്യാല്‍) 'വിശ്വസിച്ചിരുന്നത് ഇന്ത്യന്‍ ഭരണഘടന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു എന്നാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണഘടന നമ്മള്‍ പൊളിച്ചെഴുതേണ്ടതുണ്ട്. ജനങ്ങള്‍ക്കായുള്ള പുതിയ ഭരണഘടന നമ്മള്‍ നിര്‍മ്മിക്കണം'.ശാന്തി മുണ്ട ഇപ്പോഴും ആവേശത്തോടെ പറയുന്നു. 

'വിപ്ലവത്തിലെ ആദ്യ രക്തസാക്ഷികളില്‍ ഒരാള്‍ എന്റെ അമ്മയായിരുന്നു...'1967ല്‍ നടന്ന പൊലീസ് വെടിവെയ്പ്പില്‍ മരിച്ച തന്റെ അമ്മയെക്കുറിച്ചോര്‍ക്കുകയാണ് മറ്റൊരു വിപ്ലവകാരി പബന്‍ സിന്‍ഹ. 'പൊലീസിന്റെ വെടിയുണ്ട കടന്നുപോയത് അമ്മയുടെ ചെവി തുളച്ചുകൊണ്ടായിരുന്നു...ഞാനമ്മയെ വീട്ടില്‍ക്കൊണ്ടു വന്നു,പക്ഷേ അമ്മയെ സംസ്‌കരിക്കണമോ വേണ്ടയോ എന്നെനക്കറിയില്ലായിരുന്നു...എന്താണ് പാര്‍ട്ടി ലൈന്‍ എന്നെനിക്കറിയില്ലായിരുന്നു...ഗ്രാമവാസികളെല്ലാവരും നേപ്പാളിലേക്ക് ഒളിച്ചോടിയിരുന്നു...'

'ഞങ്ങളുടെ വിപ്ലവം ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ല, നേതാക്കന്‍മാര്‍ അതിനെ ശരിയായ പാതയില്‍ക്കൊണ്ടുവരും,സമ്രാജ്യത്വത്തില്‍ നിന്നും മുതലാളിത്തത്തില്‍ നിന്നും ഇന്ത്യ തീര്‍ച്ചയായും വിമോചിതമാകും...' നക്‌സല്‍ബാരിയിലെ ഇപ്പോഴും പ്രതീക്ഷ കൈവിടാത്ത ചില
വിപ്ലവകാരികള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com