കന്നുകാലി കശാപ്പ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിരോധിച്ചു

കന്നുകാലികളെ വില്‍ക്കുമ്പോള്‍ കശാപ്പിനല്ലെന്ന് ഉറപ്പുവരുത്തണം -  വില്‍പ്പന കാര്‍ഷികാവശ്യത്തിന് മാത്രം - സംസ്ഥാനന്തര വില്‍പ്പന പാടില്ലെന്നും ഉത്തരവ്‌ 
കന്നുകാലി കശാപ്പ് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിരോധിച്ചു

ന്യുഡല്‍ഹി: കേന്ദ്രപരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലി കടത്തിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം.  ഇതേതുടര്‍ന്ന് കന്നുകാലി വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ടാകും. കന്നുകാലികളെ വില്‍ക്കുമ്പോള്‍ കശാപ്പിനല്ലെന്ന് ഉറപ്പുവരുത്തണം. വില്‍പ്പന കാര്‍ഷികാവശ്യത്തിന് മാത്രമാണെന്നും വില്‍പ്പന കേന്ദ്രങ്ങള്‍ ഉറപ്പുവരുത്തണം. സംസ്ഥാന അതിര്‍ത്തിക്ക്‌ 25 കിലോമീറ്റര്‍ ചുറ്റളവില്‍ കന്നുകാലി വില്‍പ്പനപാടില്ലെന്നും ഉത്തരവിലുണ്ട്. കൂടാതെ സംസ്ഥാനന്തര വില്‍പ്പനയ്ക്കും വിലക്കുണ്ട്. കന്നുകാലികളെ ബലി നല്‍കുന്നതിനും നിരോധനമുണ്ട്

കാള, പശു പോത്ത് ഒട്ടകം എന്നിവയാണ് നിരോധനത്തിന്റെ പരിധിയില്‍പ്പെടുന്നത്. സംസ്ഥാനാന്തര വില്‍പ്പന നിരോധിക്കുന്ന്തിലൂടെ ഇറച്ചി വ്യാപാരത്തില്‍ നിയന്ത്രണം  കൊണ്ടുവരുകയും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സംസ്ഥാനന്തര വില്‍പ്പനയില്ലാതാകുന്നതോടെ അതിര്‍ത്തി കടന്നുള്ള കന്നുകാലി കടത്തും ഇറച്ചി വില്‍പ്പനയിലും ഗണ്യമായ കുറവുണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ് കന്നുകാലി കശാപ്പ് എന്നിരിക്കെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇത്തരത്തിലൊരു വിജ്ഞാപനം ഇറക്കിയത് എത്രമാത്രം പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തിലും സംശയമുണ്ട്. 

ഒരുവര്‍ഷം ഒരുലക്ഷം കോടിയിലേറെയാണ് ഇന്ത്യ ഇറച്ചി കയറ്റുമതി ചെയ്യുന്നത്. 2016- 17 വര്‍ഷത്തില്‍ 26,303 കോടി രൂപയാണ് ഇതില്‍ നിന്നുണ്ടായ വരുമാനം. പ്രധാനമായും ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതലായും ഇറച്ചി കയറ്റുമതിയും വില്‍പ്പനയും നടക്കുന്നത്. സംസ്ഥാന അതിര്‍ത്തിയില്‍ 25 കിലോമീറ്റര്‍ പരിധിയില്‍ കന്നുകാലി ചന്തകളില്‍ ഇല്ലാതാകുന്നതോടെ കന്നുകാലി കടത്തും ഇല്ലാതാകുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. 

യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ അനധികൃത കശാപ്പുശാലകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതേതുടര്‍ന്ന് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com