നാഗ്പൂരില്‍ മലയാളി യുവാവിന്റെ മരണം കൊലപാതകം; പിന്നില്‍ ഭാര്യയെന്ന് പൊലീസ് 

നിതിന്റെ മരണവാര്‍ത്തയറിഞ്ഞ ആഘാതത്തില്‍ പിതാവ് രമേശന്‍ നായരും ഹൃദയാഘാതം വന്നു മരണപ്പെട്ടിരുന്നു
നാഗ്പൂരില്‍ മലയാളി യുവാവിന്റെ മരണം കൊലപാതകം; പിന്നില്‍ ഭാര്യയെന്ന് പൊലീസ് 

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മരിച്ച മലയാളി യുവാവിന്റെ മരണം കൊലപാതകമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 29 നാണു കായങ്കുളം സ്വദേശി നിതിന്‍ നായരെ(27) നാഗ്പൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കസേരയില്‍ നിന്നും താഴെ വീണു തലയ്ക്കു മുറിവേറ്റതിനെ തുടര്‍ന്നാണ് നിതിന്‍ മരിച്ചെന്നായിരുന്നു ഭാര്യ ശ്രുതി(സ്വാതി) ബന്ധുക്കളോട് പറഞ്ഞത്.  എന്നാല്‍ നിതിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സംഭവച്ചിരിക്കുന്നത് കഴുത്ത് ഞെരിച്ചാണെന്നു വ്യക്തമായതോടെയാണു നടന്നത് കൊലപാതകമാണെന്നു തെളിഞ്ഞത്.

ഭാര്യ ശ്രുതി ഇപ്പോള്‍ ഒളിവിലാണ്. നിതിന്റെ സംസ്‌കാരത്തിനു പിന്നാലെ ശ്രുതിയും ബന്ധുക്കളും നാട്ടിലേക്കെന്നു പറഞ്ഞു പോകുകയായിരുന്നു. മഹാരാഷ്ട്ര പൊലീസ് ശ്രുതിക്കായി തിരച്ചില്‍ നടത്തുകയാണ്. കേരളത്തില്‍ ശ്രുതി എത്തിയിട്ടില്ല എന്നാണ് പൊലീസ് നിഗമനം. ശ്രുതിയെ തിരക്കി മഹാരാഷ്ട്ര പൊലീസ് ശ്രുതിയുടെ സ്ഥലമായ പാലക്കതാട് എത്തിയിരുന്നു.എന്നാല്‍ ഇവര്‍ പാലക്കാട് ഇല്ലായെന്നാണ് അറിയാന്‍ സാധിച്ചത്. മറ്റൊരാളുമായി ശ്രുതിക്കു ബന്ധം ഉള്ളതായും നിതിന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതായിരിക്കാമെന്നും നിതിന്റെ ബന്ധുക്കല്‍ പറയുന്നു. പാലക്കാട് തേങ്കുറിശി വിളയംചാത്തന്നൂര്‍ സ്വദേശിയായ ശ്രുതിയുടെ രണ്ടാം വിവാഹമായിരുന്നു നിതിനുമായി. നിതിന്റെ വീട്ടുകാര്‍ ആദ്യം ഈ വിവാഹത്തിന് എതിരായിരുന്നു. എന്നാല്‍ നിതിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പിന്നീട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. 

നിതിന്റെ മരണവാര്‍ത്തയറിഞ്ഞ ആഘാതത്തില്‍ പിതാവ് രമേശന്‍ നായരും ഹൃദയാഘാതം വന്നു മരണപ്പെട്ടിരുന്നു. രമേശന്‍ നായരും കുടുംബവും കഴിഞ്ഞ 30 വര്‍ഷമായി മധ്യപ്രദേശിലെ ബേത്തൂളിലാണു താമസം. ടയര്‍ റീട്രേഡിംഗ് വ്യാപാരിയായിരുന്നു രമേശന്‍ നായര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com