ഗോവധ നിരോധനം മുസ്‌ലിങ്ങളെയും ദലിതരെയും പട്ടിണിക്കിട്ട് കൊല്ലാന്‍: കാഞ്ച ഇളയ്യ 

ഹിന്ദുത്വവാദികള്‍ക്ക് എരുമകളെ കൊല്ലുന്നതില്‍ വിരോധമില്ല. പശുവിനെ കൊല്ലുന്നതില്‍ മാത്രമേയുള്ളൂ. എരുമ കറുത്തതും പശു തവിട്ടുനിറമുള്ളതോ വെളുത്തനിറമുള്ളതോ അല്ലേ?
ഗോവധ നിരോധനം മുസ്‌ലിങ്ങളെയും ദലിതരെയും പട്ടിണിക്കിട്ട് കൊല്ലാന്‍: കാഞ്ച ഇളയ്യ 

ഹിന്ദുത്വവാദികള്‍ക്ക് എരുമകളെ കൊല്ലുന്നതില്‍ വിരോധമില്ല. പശുവിനെ കൊല്ലുന്നതില്‍ മാത്രമേയുള്ളൂ. എരുമ കറുത്തതും പശു തവിട്ടുനിറമുള്ളതോ വെളുത്തനിറമുള്ളതോ അല്ലേ? ചരിത്രപരമായി പറഞ്ഞാല്‍ വെളുത്ത ആര്യന്‍മാര്‍ക്ക് കറുത്തവരെ വംശോന്‍മൂലനം ചെയ്യുന്നതിലും കൊന്നൊടുക്കുന്നതിലുമാണ് താല്‍പര്യം. 2015 ഏപ്രിലില്‍ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച, കാഞ്ച ഇളയ്യയുമായി സതീശ് സൂര്യന്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന് 

ദലിത് ചിന്തകനും സാമൂഹ്യപ്രവര്‍ത്തകനും ബഫലോ നേഷനലിസം, വൈ ഐ ആം നോട്ട് എ ഹിന്ദു മുതലായ പുസ്തകങ്ങളുടെ രചയിതാവുമായ കാഞ്ച ഇളയ്യ ഈയിടെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കാന്‍  കൊച്ചിയിലെത്തി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സാംസ്‌കാരിക, സാമൂഹിക മണ്ഡലങ്ങളിലെ വര്‍ധിച്ച ഫാസിസ്റ്റ് ഇടപെടലുകളെക്കുറിച്ച് സമകാലിക മലയാളത്തോട് അദ്ദേഹം ദീര്‍ഘമായി സംസാരിക്കുകയുണ്ടായി. സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍

മകാലിക പ്രശ്‌നങ്ങളില്‍ നിന്ന് തുടങ്ങാം. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി കാണുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ സാംസ്‌കാരിക, സിവില്‍ സൊസൈറ്റി തലത്തിലുള്ള ഇടപെടലുകളും വര്‍ധിച്ചുവരുന്നു. ഘര്‍ വാപസി, ഗോവധനിരോധനം എന്നിങ്ങനെ. ശക്തമായി ദലിത് രാഷ്ട്രീയം പറയുന്നയാളെന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് ഈ സംഭവവികാസങ്ങളോട് പ്രതികരിക്കുന്നത്?

മോദിയുടെ വികസനരാഷ്ട്രീയത്തിന് ഇടങ്കോലിടുവാനാണ് ഹിന്ദുത്വശക്തികള്‍ ഈ ഇടപെടലുകളിലൂടെ യഥാര്‍ത്ഥത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് എന്റെ വിലയിരുത്തല്‍. ആര്‍.എസ്.എസടക്കമുള്ള ഹിന്ദുത്വശക്തികളും മോദിസര്‍ക്കാരും പരസ്പരം എതിരിടുന്ന സ്ഥിതിവിശേഷമാണ് ഇവ സൃഷ്ടിക്കുന്നത് എന്നും പറയാം. ഇത് വഴിയേ വിശദമാക്കാം.

എന്റെ കാഴ്ചപ്പാടില്‍ ഹിന്ദുത്വ അജണ്ടയ്ക്ക് രണ്ട് വശങ്ങളുണ്ട്. ഒന്ന് ബ്രാഹ്മിണിക്കലായ രാഷ്ട്രീയ, സാമൂഹിക വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റേതാണ്. മറ്റൊന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ക്യാംപിന്‍േതും. ആര്‍.എസ്.എസ് രാഷ്ട്രീയവും മോഹന്‍ ഭഗവതും അതുപോലെയുള്ള സംഘ്പരിവാറിലെ ബ്രാഹ്മണിക്കല്‍ ഘടകങ്ങളും ശ്രമിക്കുന്നത് രാഷ്ട്രീയ, സാംസ്‌കാരിക വ്യവസ്ഥയിലൊരു കൂട്ടക്കുഴപ്പം സൃഷ്ടിക്കാനാണ്. ആവശ്യമെങ്കില്‍ അതുവഴി രാജ്യത്ത് ഒരു ആഭ്യന്തരയുദ്ധത്തിനുതകുന്ന സാഹചര്യം സൃഷ്ടിക്കാനും.  മോഹന്‍ ഭഗവത് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതാണ് നമ്മുടെ അജണ്ട നടപ്പാക്കാന്‍ പറ്റിയ ശരിയായ അവസരമെന്നാണ്. എന്താണ് ആ ശരിയായ സന്ദര്‍ഭം? ബി.ജെ.പിയാണ് സുഖപ്രദമായ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലിരിക്കുന്നത് എന്നതാണ് പ്രഥമവും പ്രധാനവുമായ ഒരു കാര്യം. വികസനമെന്ന മുദ്രാവാക്യമുന്നയിച്ചാണ് മോദി വോട്ടു സമാഹരിച്ചത്. അദ്ദേഹത്തിന്റെ ജാതിസ്വത്വം അഞ്ചുമുതല്‍ ആറുശതമാനം വരെ വോട്ടുകള്‍ ബി.ജെ.പിക്ക് നേടിക്കൊടുത്തിട്ടുണ്ട്്. മോദി മോധ് ഗാഞ്ചി എന്ന വണിക ജാതിയില്‍ പെടുന്നയാളാണ്. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിക്ക് അധികാരത്തില്‍ വരാനൊത്തതും. പക്ഷെ ബി.ജെ.പി അധികാരത്തില്‍ വന്നപ്പോഴും ദലിതരുടെ പഴയ അവസ്ഥ തുടര്‍ന്നു. അവര്‍ക്കിടയിലെ തൊഴിലില്ലായ്മ, ഇംഗ്‌ളിഷ് ബോധന മാധ്യമമായുള്ള വിദ്യാഭ്യാസത്തിന്റെ അഭാവം തുടങ്ങിയവയൊക്കെ പഴയ പോലെ തന്നെ. 

അവരുടെ അജണ്ടയിലെ ഹിന്ദി വിദ്യാഭ്യാസം മതി എന്ന വാദഗതി നടപ്പാക്കിക്കൊണ്ടാണ് അവര്‍ തുടങ്ങിവച്ചത്. കാരണം ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് മാറിയ പിന്നാക്കജാതിക്കാരും ഒരു വിഭാഗം ദലിതരും ഇംഗ്‌ളിഷ് വിദ്യാഭ്യാസം ലഭിക്കുന്നവരാണ്. ഈ നിലയില്‍ പോയാല്‍ തങ്ങളുടെ കൂടെ ആരും കാണില്ലെന്ന് ആര്‍.എസ്.എസ് മനസ്‌സിലാക്കുന്നു. ഇംഗ്‌ളിഷ് വിദ്യാഭ്യാസത്തിലേക്ക് ദലിതര്‍ പൂര്‍ണമായും മാറിപ്പോയാല്‍ എല്ലാ തലങ്ങളിലും ബ്രാഹ്മണരുടെ ആധിപത്യം അവസാനിക്കുമെന്ന് അവരും തിരിച്ചറിയുന്നു. 

അവരുടെ അജണ്ടയിലെ രണ്ടാമത്തെ ഇനം ബാബ്‌റി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കലാണ്. ഹിന്ദുശക്തി സമാഹരിക്കുന്നതിന് അവരെ അത് സഹായിക്കുന്നു. പക്ഷെ സര്‍ക്കാരിനെ തല്‍ക്കാലം കുഴപ്പത്തിലാക്കാന്‍ ആര്‍.എസ്.എസിന് ഉദ്ദേശ്യമില്ലാത്തതിനാല്‍ രാമജന്‍മഭൂമി പ്രശ്‌നം കുത്തിപ്പൊക്കുന്നത്  അവര്‍ മാറ്റിവെച്ചു. രാമജന്‍മഭൂമി പ്രശ്‌നം കുത്തിപ്പൊക്കിയാല്‍ സര്‍ക്കാരിന് ഒന്നുകില്‍ അതിന്റെ ശരിയായ മര്‍ദകസ്വഭാവം കാണിക്കേണ്ടിവരും. രാജ്യം മുഴുവന്‍ എതിരായപ്പോള്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുപോലെ. അല്ലെങ്കില്‍ അത് താഴെപ്പോകും. 

പിന്നീട് അവരുടെ അടുത്ത നീക്കമായിരുന്നു ഘര്‍ വാപസി. ഞാന്‍ എന്റെ ഒരു ലേഖനത്തില്‍ പറഞ്ഞതുപോവലെ ഘര്‍ ഇല്ലാത്തവര്‍ക്ക് എങ്ങനെ ഘര്‍ വാപസി സാധ്യമാകും. ക്രിസ്തുമതത്തിലേക്കോ, ഇസ്‌ലാം മതത്തിലേക്ക് ഇനി ബുദ്ധമതത്തിലേക്കോ മാറിയവര്‍ ഏത് മതത്തിലേക്കാണ് തിരിച്ചുപോകേണ്ടത്?. ഒരു ദലിതന് ഗുരുവായൂരിലോ, വൈഷ്ണവ് ദേവി ക്ഷേത്രത്തിലോ അങ്ങനെ ഏതെങ്കിലും ക്ഷേത്രത്തില്‍ പുരോഹിതനാകാന്‍ പറ്റുമോ..? ഇങ്ങനെയൊക്കെ കുറേ ചോദ്യങ്ങളുയര്‍ന്നു. മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഈ പ്രശ്‌നം അനുരണനങ്ങളുണ്ടാക്കി. ഇത്തരമൊരു നീക്കവും പ്രാവര്‍ത്തികമാകില്ലെന്ന വസ്തുത ഹിന്ദുത്വവാദികള്‍ പെട്ടെന്നാണ് മനസ്‌സിലാക്കിയത്. 

അങ്ങനെയാണ് നാലാമതൊരു നീക്കത്തിലേക്ക് ആര്‍.എസ്. എസ് കടക്കുന്നത്. അതായിരുന്നു ഗോവധനിരോധനം. ഹിന്ദുത്വവാദികള്‍ക്ക് എരുമകളെ കൊല്ലുന്നതില്‍ വിരോധമില്ല. പശുവിനെ കൊല്ലുന്നതില്‍ മാത്രമേയുള്ളൂ. എരുമ കറുത്തതും പശു തവിട്ടുനിറമുള്ളതോ വെളുത്തനിറമുള്ളതോ അല്ലേ? ചരിത്രപരമായി പറഞ്ഞാല്‍ വെളുത്ത ആര്യന്‍മാര്‍ക്ക് കറുത്തവരെ വംശോന്‍മൂലനം ചെയ്യുന്നതിലും കൊന്നൊടുക്കുന്നതിലുമാണ് താല്‍പര്യം.

'ഫലോ നേഷനലിസം' എന്ന കൃതിയില്‍ താങ്കള്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നുണ്ട്..?

അതേയതെ..ഋഗ്വേദകാലത്ത് ബ്രാഹ്മണര്‍ പശുമാംസം ഭക്ഷിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ തെക്കേ ഇന്ത്യയിലെ ശങ്കരാചാര്യരും മധ്വാചാര്യരുമൊക്കെയാണ് മാംസാഹാരവിരോധം ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നത്. ബുദ്ധ, ജൈന മതങ്ങള്‍ക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായിരുന്നു അത്. അക്രമത്തെ, ഹിംസയെ, വിശ്വാസമാക്കിക്കൊണ്ടുനടന്നുകൂടാ എന്ന് മാത്രമേ ബുദ്ധമതം പറയുന്നുള്ളൂ. ഹിന്ദുത്വശക്തികള്‍ക്ക് വയലന്‍സ് ക്രീഡ് തന്നെയാണ്. അക്രമത്തെ, ഹിംസയെ അവര്‍ ആരാധിക്കുന്നു. ഹിംസയെ സകലതലങ്ങളിലും അപലപിച്ച ഒരാളായിരുന്നു മഹാത്മാ ഗാന്ധി. അദ്ദേഹം ഒരു ജൈനമതക്കാരനല്ലായിരുന്നുവെങ്കില്‍ ഹിംസയെ ഇത്രമേല്‍ എതിര്‍ക്കുമായിരുന്നില്ല. ആ അര്‍ധനഗ്‌നത, തല മുണ്ഡനം ചെയ്യുന്ന ശീലം, സ്വയം ദാരിദ്ര്യം വരിയ്ക്കാനുള്ള താല്‍പര്യം ഇതെല്ലാം ജൈനമതത്തിന്റേതാണ്. അദ്ദേഹത്തിന്റെ വേരുകള്‍ ചരിത്രപരമായി ജൈനമതത്തിലാണ്. അതേ, ഗാന്ധി യഥാര്‍ത്ഥത്തില്‍ ഹിന്ദുവായിരുന്നില്ല. ജൈനമതക്കാരനായിരുന്നു. ബനിയകളുടെ പിന്തുണ പോലെത്തന്നെ ഹിന്ദുബ്രാഹ്മണരുടെ പിന്തുണയും അദ്ദേഹത്തിന്റെ രാഷ്ട്രീയശ്രമങ്ങളില്‍ അദ്ദേഹത്തിന് അനിവാര്യമായിരുന്നു. അതുകൊണ്ട് അദ്ദേഹം രാമഭക്തനായി എന്ന് മാത്രം. താന്‍ ഒരു സനാതനഹിന്ദുവാണെന്ന  അദ്ദേഹത്തിന്റെ അവകാശവാദമൊക്കെ പിന്നീടുവന്നതാണ്. ഹിന്ദുമതത്തിന് യഥാര്‍ഥത്തില്‍ അഹിംസ എന്ന തത്വം തന്നെ അന്യമായിരിക്കേ എങ്ങനെയാണ് ഗാന്ധിജി ഹിന്ദുവാകുക? 

എല്ലാതിനുമുപരി ഗാന്ധിജി ഒരു ഇവാഞ്ചലിസ്റ്റ് ആയിരുന്നു. ജൈനമതക്കാരനായ ഞാന്‍ കഴിക്കാത്ത ഒന്നും മറ്റുള്ളവര്‍ കഴിച്ചുകൂടെന്ന വാശിക്കാരനായിരുന്നു. സ്വന്തം കുടുംബത്തില്‍ പോലും ജനാധിപത്യം അദ്ദേഹം അനുവദിച്ചില്ല. 

എരുമയെക്കൊല്ലാമെന്നും പശുവിനെക്കൊല്ലാന്‍ പാടില്ലെന്നുമുള്ള ആര്‍.എസ്.എസിന്റെ വാദത്തിന് യഥാര്‍ഥത്തില്‍ ഒരു വംശീയച്ചുവയുണ്ട്. കറുത്തവരായ ദ്രാവിഡജനതയെ കൊന്നൊടുക്കിയതിന്റെ സമാന്തരത നിങ്ങള്‍ക്ക് ചരിത്രത്തില്‍ ഗോവധവിരോധത്തിലും എരുമകളെക്കൊന്നൊടുക്കിയതിലും കണ്ടെത്താനാകും. അമേരിക്കയില്‍ കറുത്ത എല്ലാ എരുമകളെയും കൊന്നൊടുക്കിയ ചരിത്രമുണ്ട്. വംശീയവിരോധത്തിന്റെയും വര്‍ണവെറിയുടെയും ചുവ ആ പ്രവൃത്തിക്കുണ്ടെന്ന് ചരിത്രം വിലയിരുത്തുമ്പോള്‍ മനസ്സിലാകും. ആര്യന്‍മാരും തുടക്കത്തില്‍ പശുക്കളെയും എരുമകളെയും കൊന്നൊടുക്കിയിരുന്നു. പിന്നീട് ഇതില്‍ നിന്ന് കാളകളെ ഒഴിവാക്കി. ആ മൃഗം ഗ്രാമീണസമ്പദ്‌വ്യവസ്ഥയില്‍ വഹിച്ചിരുന്ന പങ്കായിരുന്നു അതിനൊരു കാരണമെന്ന് കാണാം. വണ്ടിവലിക്കുന്നതിന്, നിലമുഴുന്നതിന്, എണ്ണയാട്ടുന്നതിന്, വംശവര്‍ധന വരുത്തി പാലിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന്, അങ്ങനെ പലതിനും കാളകളുടെ ശക്തി ഉപയോഗിച്ചിരുന്നു. ഒരുപക്ഷേ , കുതിരശക്തി എന്നതിന് പകരം കാളക്കരുത്ത് എന്നായിരുന്നു പ്രയോഗിക്കേണ്ടിയിരുന്നത്. മൃഗങ്ങളുടെ കായികശേഷി ഉല്‍പാദനപ്രക്രിയയില്‍ വലിയൊരു പങ്കുവഹിച്ചു. യന്ത്രവല്‍ക്കരണം വന്നതോടെ മൃഗശക്തിക്ക് പകരംവെയ്ക്കല്‍ നടന്നു. ഇനി പശുവിനെയും കാളയേയും ആരാണ് വളര്‍ത്താന്‍ പോകുന്നത്? ഇനി കാളകളെ മറ്റെന്തിനാണ് നമുക്കുപയോഗിക്കാനാകുക? ലഭ്യമാകുന്ന പാലിന്റെ വലിയൊരുശതമാനം പശുക്കളില്‍ നിന്നല്ല, മറിച്ച് എരുമകളില്‍ നിന്നാണ് ഇന്ന് ലഭിക്കുന്നത്. ഗുജറാത്തിലാണ് എരുമപ്പാലിന് പകരം പശുവിന്‍പാല്‍ കൂടുതലായി ഉല്‍പാദിപ്പിക്കാനുള്ള ശ്രമം ആദ്യമായി നടന്നത്. അമുല്‍ മില്‍ക്കുകാര്‍ ഇക്കാര്യത്തില്‍ വഴികാട്ടി. എന്തായാലും പശുവിനെക്കൊല്ലേണ്ടയെങ്കില്‍ തുകലുകൊണ്ടുള്ള ഉല്‍പന്നങ്ങള്‍ എങ്ങനെയുണ്ടാകും? യഥാര്‍ത്ഥത്തില്‍ പശുക്കളെ കൊല്ലരുതെന്ന് പറഞ്ഞത് വികസനവിരുദ്ധതയാണ്. 

ബീഫ് കഴിക്കാത്തവര്‍ക്ക് ഹിന്ദുവാകാന്‍ സാധ്യമല്ലെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്..? 

സ്വാമി വിവേകാനന്ദന്‍ മാംസാഹാരിയായിരുന്നു. ഗൗതമബുദ്ധനും മാംസാഹാരിയായിരുന്നു. എന്നാല്‍ മഹാത്മാ ഗാന്ധി ആയിരുന്നില്ല. അദ്ദേഹം അടിസ്ഥാനപരമായി ജൈനമതക്കാരനായിരുന്നതുകൊണ്ടാണത്. അദ്ദേഹം ഹിന്ദുവാണെന്ന് ഭാവിച്ചത് യഥാര്‍ത്ഥത്തില്‍ ബ്രാഹ്മണരെ നയിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു. മഹാത്മാവിന്റെ ഫിലോസഫി ജൈനമായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ഞാനിത് പറയുന്നത്. പൂണൂലിടാത്ത ബനിയ ആയിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. കുശാഗ്രബുദ്ധിയും തന്ത്രശാലിയുമായിരുന്നു അദ്ദേഹം. ഇപ്പോള്‍ കുറേശേ്ശയായി നരേന്ദ്രമോദിയും ഗാന്ധിയെപ്പോലെ തന്ത്രശാലിയായിത്തീരുമെന്നാണ് ഞാനാശിക്കുന്നത്. മോദിയല്ല പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. മോഹന്‍ ഭഗവത് ആണ്. പാര്‍ട്ടി മാത്രമല്ല, മിക്കവാറും സംഘപരിവാര്‍ ആകെത്തന്നെയും. മോഹന്‍ ഭഗവതിന് പകരം അവിടെ ഒരു പിന്നാക്കക്കാരനോ പട്ടികജാതിക്കാരനോ ആയിരുന്നെങ്കില്‍ ചിത്രം വ്യത്യസ്തമായേനെ. പക്ഷെ അതിന് അവര്‍ അനുവദിക്കുകയില്ല. മോഹന്‍ ഭഗവത് നയിക്കുന്നത് യഥാര്‍ത്ഥത്തില്‍ മോദിവിരുദ്ധ ക്യാംപയിനാണ്. ബീഫ് നിരോധനം യഥാര്‍ത്ഥത്തില്‍ വികസനവിരുദ്ധ അജണ്ടയുടെ ഭാഗമാണ്.  വേണ്ടത്ര ഭക്ഷണമില്ലെങ്കില്‍ വികസനം എങ്ങനെയാണ് സാധ്യമാകാന്‍ പോകുന്നത്..? 

കേരളത്തിലെ വികസനത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്ന് ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ഈ സ്വാതന്ത്ര്യമാണ്. നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം എവിടെനിന്നും കഴിക്കാം. ഏതു ഹോട്ടലിലും കയറാം. ഉയരെ നിന്ന് പറന്ന് എവിടെയെങ്കിലും ചെന്നിറങ്ങാന്‍ കഴിയുകയെന്ന ഒന്നല്ല വികസനം. മെച്ചപ്പെട്ട ജീവിതം നയിക്കാനും സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകുകയെന്നതാണ് വികസനമെന്നതിന്റെ അര്‍ഥം. മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിട്ടുണ്ട്. എങ്ങനെയാണ് അതുവര്‍ധിച്ചത്? മെച്ചപ്പെട്ട ഭക്ഷണം കഴിക്കാന്‍, നന്നായുറങ്ങാന്‍ ഒക്കെ അവസരമുണ്ടായി. അതുതന്നെയാണ് വികസനം. മോദി പറയുന്നത് ഇവിടെ കൂടുതല്‍ വികസനം കൊണ്ടുവരുമെന്നാണ്. നിങ്ങള്‍ ബീഫ് നിരോധിക്കുന്നു. മത്സ്യം നിരോധിക്കുന്നു. എങ്കില്‍ കച്ചവടം നടത്താന്‍ ഇവിടെ ആരെങ്കിലും വരുമോ..? വാള്‍മാര്‍ട്ട് എന്തിനാണ് ഇവിടെ വരുന്നത്..? അതുകൊണ്ടാണ് ബീഫ് നിരോധനം വികസനവിരുദ്ധമാണ് എന്ന് ഞാന്‍ പറയുന്നത്. 

പിന്നാക്കക്കാരനായ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. അഞ്ചുമുതല്‍ ആറ് ശതമാനം വരെ കൂടുതല്‍ വോട്ടുകള്‍ പിന്നാക്കക്കാരില്‍ നിന്ന് കിട്ടി. കോണ്‍ഗ്രസ് ഒരിക്കലും പിന്നാക്കക്കാരനായ ഒരു പ്രധാനമന്ത്രിയുണ്ടാകാന്‍ അനുവദിച്ചിട്ടില്ല. മൂന്ന് മുസ്‌ലിം പ്രസിഡന്റുമാരുണ്ടായിട്ടുണ്ട് എന്നത് ശരി. മോദിയെയും ബി.ജെ.പിയെയും അധികാരത്തിലെത്തിച്ച പിന്നാക്കക്കാര്‍ക്ക് അവര്‍ തിരിച്ചെന്താണ് നല്‍കിയത്.? മോദിക്ക് പുറമെ ഉണ്ടായിരുന്ന ഒരേയൊരു പിന്നാക്കക്കാരന്‍ മന്ത്രി ഗോപിനാഥ് മുണ്ടെയായിരുന്നു. അദ്ദേഹം അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. മോദിയുടെ മന്ത്രിസഭയെ നിയന്ത്രിക്കുന്നത് ആര്‍.എസ്. എസ് എന്ന ബാഹ്യശക്തിയാണ്. നെഹ്‌റു അധികാരത്തിലിരുന്നപ്പോള്‍ ബ്രാഹ്മണനോ, അബ്രാഹ്മണനോ ആകട്ടെ, എല്ലാ മന്ത്രിമാരും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു. വിദേശി എന്ന ആക്ഷേപമുണ്ടായിരുന്നിട്ടുകൂടി സോണിയയുടെ ആജ്ഞകളെ ചോദ്യം ചെയ്യാന്‍ ഒരു ബാഹ്യശക്തിയും യു.പി.എ സര്‍ക്കാരുകളുടെ കാലത്തുപോലും ഉണ്ടായിരുന്നില്ല. ആരെയും അവര്‍ക്ക് പുറത്താക്കാന്‍ കഴിയുമായിരുന്നു. ഇത് മോദിക്ക് ചെയ്യാന്‍ കഴിയുമോ..?

നാഗ്പൂരില്‍ നിന്നാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്, അല്ലേ..?

നാഗ്പൂര്‍ എന്ന് ഒറ്റയടിക്ക് പറഞ്ഞുകൂടാ..നാഗ്പൂരില്‍ ധാരാളം ദലിതരുണ്ട്. അതൊരു ബുദ്ധമതകേന്ദ്രം കൂടിയാണ്. ബ്രാഹ്മണനായ ഒരു വ്യക്തിയെന്ന് വേണം പറയാന്‍. മോഹന്‍ ഭഗവതാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്ന് പറയൂ. ഡല്‍ഹിയിലെ പാര്‍ട്ടിയുടെ നിയന്ത്രണം മോദിയിലല്ല, മറിച്ച് മോഹന്‍ ഭഗവതിലാണ്. 

ബീഫ് നിരോധനത്തെ മറ്റൊരു തരത്തില്‍ നോക്കിക്കാണുന്ന വേറൊരു ചര്‍ച്ച കേരളത്തില്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല. ബീഫ് കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ചര്‍ച്ച ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നുവരുന്നുണ്ട്. താങ്കളുടെ അഭിപ്രായം എന്താണ്..?

പ്രശ്‌നത്തിന്റെ രാഷ്ട്രീയസ്വഭാവമെന്തെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ ബ്രാഹ്മണ്യത്തിന്റെ ഉദ്ദേശ്യമെന്തെന്നും ശ്രദ്ധയില്‍ പെടാതിരിക്കാനേ ഇത്തരം ചര്‍ച്ചകള്‍ സഹായകമാകൂ. മുസ്‌ലിങ്ങളെയും ദലിതുകളെയും പട്ടിണിക്കിട്ടു കൊല്ലണമെന്നാണ് അവരുടെ ആവശ്യം. ബനിയമാരോ ബ്രാഹ്മണരോ മരിക്കില്ലെന്നും അവരുറപ്പുവരുത്തിയിട്ടുമുണ്ട്. 

യഥാര്‍ത്ഥത്തില്‍ മാംസ്യത്തിന്റെയും പോഷകങ്ങളുടെയും വലിയ കലവറയാണ് റെഡ് മീറ്റ് എന്ന വിഭാഗത്തില്‍ പെടുന്നവ. നാഷണല്‍ ന്യൂട്രീഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കുപ്രകാരം പച്ച ബീഫിലും ഉണക്ക ബീഫിലും അമ്പതുശതമാനത്തിലധികം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതേസമയം പച്ചക്കറിയിലും മറ്റും ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനമേ പ്രോട്ടീനടങ്ങിയിട്ടുള്ളൂ. പോഷാകാഹാരക്കുറവ് കൊണ്ട് കുഞ്ഞുങ്ങള്‍ മരിക്കുന്ന രാജ്യമാണ് ഇതെന്ന് ഓര്‍ക്കണം. പച്ചക്കറികളില്‍ നിന്ന് ലഭിക്കുന്ന മാംസ്യം വ്യത്യസ്തവുമാണ്. ഒരുവയസ്‌സുമുതല്‍ ആറ് വയസ്‌സുവരെയുള്ള കാലത്ത് നമ്മുടെ കുട്ടികളെല്ലാം ബീഫും കോഴിമുട്ടയും കഴിക്കുകയാണെങ്കില്‍ ചൈനീസ് കുട്ടികളുടേതു പോലെ നമ്മുടെ കുട്ടികളുടെയും തലച്ചോറു വികസിക്കും. ഇത്തരമൊരു ഭക്ഷണത്തിന് പകരം വെയ്ക്കാനെന്താണുള്ളത്..? ഭക്ഷണത്തില്‍ നിന്ന് ബീഫും മുട്ടയുമൊക്കെ ഒഴിവാക്കിയാല്‍ നമ്മുടെ ആരോഗ്യത്തിനെയാണ് അത് ബാധിക്കുക. മതപരമായ മുന്‍വിധികള്‍ നമ്മുടെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുകയെന്നതിന് അഗ്രചര്‍മഛേദനം തന്നെ നല്ല ഉദാഹരണമാണ്. ലോകരോഗ്യസംഘടനയുടെ പഠനങ്ങള്‍ പ്രകാരം എയ്ഡ്‌സിനെ ചെറുക്കുന്നതില്‍ അഗ്രചര്‍മഛേദനം നല്ല ഉപാധിയാണ്. പക്ഷെ നമ്മുടെ സര്‍ക്കാര്‍ അതിനെ പ്രോത്‌സാഹിപ്പിക്കുന്നില്ല. കാരണം ഇവിടുത്തെ ഭൂരിപക്ഷ ഹിന്ദുസമുദായത്തിന് അതുവേണ്ട എന്നതുതന്നെ. 

ചൈനക്കാരുടെ വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യത്തിന് കാരണമെന്താണെന്ന് നോക്കൂ. അവര്‍ എന്തും കഴിക്കും. ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോള്‍ തന്നെ മികച്ച പോഷകങ്ങള്‍ ലഭ്യമാക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ ശിശുമരണനിരക്കും കുറവാണ്. മാംസം, മുട്ട, പച്ചക്കറികള്‍ എല്ലാം അവര്‍ കഴിയ്ക്കുന്നു. ഇവിടെ ബ്രാഹ്മണര്‍ അനുശാസിക്കുന്നത് ആരും മാംസം കഴിക്കരുത് എന്നാണ്. പച്ചക്കറികള്‍ എങ്ങനെയുണ്ടാക്കുന്നുവെന്ന് അറിയാത്ത ബ്രാഹ്മണര്‍ക്ക് ഇതുപറയാനുള്ള അവകാശമെന്താണ്..? 

ല്ലാതിനുമുപരി ഭക്ഷണം വ്യക്തിപരമായ ഒരു തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമല്ലേ..?

ഹിറ്റ്‌ലര്‍ ഒരു സസ്യഭുക്കായിരുന്നു എന്ന് ചിലര്‍ വാദിച്ചു കേട്ടിട്ടുണ്ട്. ആ ഹിറ്റ്‌ലര്‍ പോലും ഇങ്ങനെ ചെയ്തിട്ടില്ല. എങ്ങനെയാണ് ഭരണകൂടത്തിന് ഒരാള്‍ എന്തു കഴിക്കണമെന്ന കാര്യത്തില്‍ ഇടപെടാന്‍ കഴിയുക? പൊതുവേ പറഞ്ഞാല്‍ ഈ വെജിറ്റേറിയനുകളുടെ നിലപാടുകള്‍ പൊതുവേ മനുഷ്യവിരുദ്ധമാണ്. അവരെ പൊതുവേ കണ്ടുവരുന്നത് മനുഷ്യസ്വാതന്ത്ര്യത്തെ ബഹുമാനിക്കാത്തവരായാണ്. കടുംപിടുത്തക്കാരായാണ്. ശ്രീശങ്കരാചാര്യര്‍ മുതലുള്ള ബ്രാഹ്മണപുരോഹിതരെ നോക്കൂ..അയിത്തം കണ്ടുപിടിച്ചത് അവരാണ്. അത് ഇപ്പോഴും ആചരിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയും അവര്‍ കാണിക്കുന്നു. മത്സ്യവും മാംസവും കഴിക്കുന്ന കാഞ്ച ഇളയ്യയല്ല അയിത്തം കണ്ടുപിടിച്ചത്. കഴിക്കുന്ന ഭക്ഷണവുമായി ഒരാളുടെ സ്വഭാവത്തെ ബന്ധപ്പെടുത്തുന്നത് അസംബന്ധമാണ്. നിങ്ങള്‍ ഒരു കാളയെ കൊല്ലുകയാണെങ്കില്‍ ഇരുപതുമുതല്‍ മുപ്പതുപേര്‍ക്ക് വരെ കഴിക്കാം. പക്ഷെ ഒരു വെജിറ്റേറിയനുവേണ്ടി നിങ്ങള്‍ക്ക് ഇരുപത് തക്കാളി വേണ്ടിവരും.  അല്ലെങ്കില്‍ പത്തു വഴുതന വേണ്ടിവരും. സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നുള്ളത് നിങ്ങള്‍ മറന്നോ..?

രിക്കും ഒരു ധര്‍മസങ്കടമാണത്...?

ശരിക്കും വലിയൊരു പ്രശ്‌നമാണത്. ഹിംസയുടെയും അഹിംസയുടെയും പ്രശ്‌നങ്ങളെ എളുപ്പത്തില്‍ നിര്‍ധാരണം ചെയ്യാന്‍ ശ്രമിക്കുന്നത് ബാലിശമായ ശ്രമമായേ കലാശിക്കൂ. കാളയിറച്ചിയും പോത്തിറച്ചിയുമൊക്കെ നിരോധിക്കാനിറങ്ങിത്തിരിച്ചാല്‍ രാജ്യത്ത് വലിയ കാര്‍ഷികപ്രതിസന്ധി ഉണ്ടാകും. എന്തും തിന്നാനുള്ള അവകാശം സൂക്ഷിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വിട്ടുപോകാനുള്ള ശ്രമം ശക്തമാക്കും. ഗോവ, കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ചെറുക്കും. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ തന്നെ ജനം ഇത് ജനാധിപത്യമല്ലെന്ന് ആക്ഷേപിച്ച് സമരരംഗത്തിറങ്ങിയിട്ടുണ്ട്. ആര്‍.എസ്.എസിന് പശുവിന്‍ പാലേ വേണ്ടൂ..എരുമപ്പാല്‍ വേണ്ട..എരുമ കറുത്തല്ലേ..അതുകൊണ്ടായിരിക്കും. 

സംഘ്പരിവാറിന്റെ ഇത്തരം ഇടപെടലുകള്‍ ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ..?

തീര്‍ച്ചയായും. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ ജനം സഹിക്കുമോ..? കൂട്ടബലാത്‌സംഗത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജനം സംഘടിച്ചിറങ്ങിയതുപോലെ ചെറുത്തുനില്‍പുണ്ടാകും. ഈയൊരു സ്ഥിതിവിശേഷം സംജാതമാകണമെന്നുതന്നെയാണ് ആര്‍.എസ്.എസും ആശിക്കുന്നത്. 

.ഐ.ടികളും ഐ. ഐ. എമ്മുകളും നമുക്ക് വേണ്ടെന്ന് ഒരിക്കല്‍ താങ്കളെഴുതി. ഇപ്പോഴും ആ അഭിപ്രായമുണ്ടോ..?

ഉണ്ട്. അവിടെ നൈസര്‍ഗികമായ ജ്ഞാനത്തിന്റെ ഉല്‍പാദനമൊന്നും നടക്കുന്നില്ല. മേല്‍ജാതി സമ്പദ് വ്യവസ്ഥയ്ക്കാവശ്യമായ ചില ശേഷികള്‍ വികസിപ്പിച്ചെടുക്കുന്നതിന് പരിശീലനം നല്‍കുന്ന കേന്ദ്രങ്ങളാണവ. ഐ.ഐ.ടികള്‍ക്കും ഐ.ഐ.എമ്മുകള്‍ക്കും വേണ്ടി കൂടുതല്‍ പണം ചെലവഴിക്കുന്നതിന് പകരം സാര്‍വത്രികമായി ഇംഗ്‌ളിഷ് മീഡിയം സ്‌കൂളുകള്‍ തുടങ്ങുന്നതിന് പണം വിനിയോഗിക്കണം. അതാണ് വേണ്ടത്. 

ന്നത്തെ പുതുസമ്പദ്ക്രമത്തില്‍ ഒരു ദലിതന്റെ സ്ഥാനമെന്താണ്..?

ഒരു ദലിതന്‍ തീര്‍ച്ചയായും ആഗോളനവസമ്പദ്ക്രമത്തിന്റെയും പുതുമുതലാളിത്തത്തിന്റെയും ഭാഗമായിത്തീരണം. അതിന് ഇംഗ്്‌ളിഷ് അടക്കം എല്ലാം പഠിക്കണം. സ്വന്തം ജനതയുടെ സംസ്‌കാരത്തെക്കുറിച്ച് പഠിക്കണം. സംസ്‌കാരം വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. യാത്ര ചെയ്യാന്‍ നിങ്ങള്‍ വിമാനമാണ് മിക്കപ്പോഴും തെരഞ്ഞെടുക്കുന്നതെങ്കില്‍ അതൊരു സംസ്‌കാരം കൂടിയാണ്. നിങ്ങള്‍ ബീഫ് കഴിക്കുന്നുവെങ്കില്‍ അത് സംസ്‌കാരവും സമ്പദ്‌വ്യവസ്ഥയും കൂടിയാണ്. ദലിതര്‍ ഇപ്പോഴും പ്രാകൃതമര്‍ദനവ്യവസ്ഥയുടെ ഇരകളായി തുടരുകയാണ്. ദലിതരുടേതായ വിഗ്രഹാരാധനകള്‍ അവര്‍ ഉപേക്ഷിക്കണം. പകരം പുസ്തകത്തെ ആരാധിക്കണം. ആഗോളവല്‍ക്കരണം എതിര്‍ക്കപ്പെടേണ്ട ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. യൂറോപ്യന്‍മാരോ അമേരിക്കക്കാരോ ഇവിടെ വന്ന് കച്ചവടം നടത്തുന്നതിനെ എതിര്‍ക്കേണ്ടതില്ല. ഉദാഹരണത്തിന് നാളെ വാള്‍മാര്‍ട്ട് ഇവിടെ വരികയും കുറേയേറെ ദലിതര്‍ക്ക് ജോലി നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കേണ്ടതുണ്ടോ? ബ്രാഹ്മണരും ബനിയകളും അവര്‍ക്കെന്തെങ്കിലും നല്‍കുന്നുണ്ടോ..?  ജാതിവ്യവസ്ഥയുടെ കാര്യത്തിലെന്ന പോലെ കമ്യൂണിസ്റ്റുകള്‍ക്ക് ഇക്കാര്യത്തിലും വികലമായ നയമാണുള്ളത്. കേരളത്തെ തന്നെ നോക്കൂ. അതിന്റെ വികസനം എങ്ങനെയാണ് സാധ്യമായത്? ജനാധിപത്യപരമായ സംവാദത്തിലൂടെയും ഇടപെടലിലൂടെയുമല്ലേ..?

കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയില്‍ പ്രധാനപങ്ക് ഭൂപരിഷ്‌കരണത്തിനില്ലേ..?

ഭൂപരിഷ്‌കരണത്തിന് അമിത പ്രാധാന്യം നല്‍കുന്നത് മേല്‍ജാതി ബ്രാഹ്മണ കമ്യൂണിസ്റ്റുകള്‍ സൃഷ്ടിച്ച ആശയപരപമായ ഒരു കെണിയാണ്. ബംഗാളില്‍ നോക്കൂ. അവിടെ ഭൂപരിഷ്‌കരണം നടന്നു. ഭൂമി കീഴ്ജാതിക്കാര്‍ക്കും കിട്ടി. പക്ഷെ സാമ്പത്തികമായും സാമൂഹികമായും അവരിന്നും പിറകിലല്ലേ..? ബംഗാളിലെ മേല്‍ജാതി കമ്യൂണിസ്റ്റുകള്‍ വിദേശത്ത് സുഖിച്ചു കഴിയുകയും ചെയ്യുന്നു. ഇന്ന് ഇന്ത്യയില്‍ ഭൂവിസ്തൃതിയുടെ വലിയൊരു വിഭാഗത്തിന്റെ ഉടമസ്ഥത  ദലിതരുടെ കൈയിലാണ്. എന്നിട്ടും അവരുടെ സ്ഥിതി മെച്ചപ്പെട്ടോ..?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com