ഞങ്ങള്‍ മരിച്ച മനുഷ്യരെ തിന്നണോ?

നമുക്ക് ഈ സ്വാതന്ത്ര്യം എന്തിനാണ്. സ്വാതന്ത്ര്യം നമ്മുടെ സാമൂഹ്യവ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ വേണ്ടിയുള്ളതാകണം 
ചിത്രം: അഭിലാഷ് തിരുവോത്ത്‌
ചിത്രം: അഭിലാഷ് തിരുവോത്ത്‌

മോദി സര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിന് പിന്നാലെ ദളിത് സാംസ്‌കാരിക സംഘടനയായ കബീര്‍ കലാമഞ്ചിന്റെ മുന്‍ പ്രവര്‍ത്തകരായ ശീതള്‍ സാതെയും സച്ചിന്‍ മാലിയും ചോദിക്കുന്നു. പ്രിയപ്പെട്ട ജനധിപത്യമേ ഞങ്ങള്‍ മരിച്ച മനുഷ്യരുടെ ശവം തിന്നണോ. വിശപ്പിനെകുറിച്ചുള്ള ഈ കവിത അധികാര സോപാനങ്ങളിലിരിക്കുന്നവരോടാണ് കലഹിക്കുന്നത്.

കവിത രചിച്ചിരിക്കുന്നത് സച്ചിന്‍മാലിയാണ്. മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതാകട്ടെ ശീതള്‍ സാതെയും സച്ചിന്‍ മാലിയും കൂടിയാണ്. ഇവരുടെ ഈ കവിതയ്ക്ക് വലിയ രീതിയിലുള്ള പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെയും സമാനമായ രീതിയില്‍ ഇവര്‍ അധികാര വര്‍ഗത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടോയിരുന്നു. 
പ്രിയപ്പെട്ട ജനാധിപത്യമേ
ഞങ്ങള്‍ ഞങ്ങളുടെ വിശപ്പിന് എന്ത് ഭക്ഷിക്കണം
മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ രാജ്യത്തിനകത്തേക്ക് 
കയറ്റുന്ന ഫാസിസത്തെ ഭക്ഷിക്കണോ
ഹിന്ദുത്വത്തിന്റെ പേരില്‍ തുപ്പുന്ന വിഷത്തെ ഭക്ഷിക്കണോ
ഞങ്ങളുടെ വിശപ്പ് മാറാന്‍ ഞങ്ങള്‍ മരിച്ച മനുഷ്യരെ ഭക്ഷിക്കണോ
പട്ടിണികൊണ്ട് ആത്മഹത്യചെയ്ത കര്‍ഷകരെ ഭക്ഷിക്കണോ
ആത്മഹത്യക്ക് മുമ്പായി കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണ്‍ ഭക്ഷിക്കണോ
സര്‍ക്കാര്‍ അവര്‍ക്കായി നല്‍കിയ മോഹന വാഗ്ദാനങ്ങള്‍ ഭക്ഷിക്കണോ
ഗാട്ട് കരാര്‍, ദംഗല്‍ കരാര്‍, ഡ്ബ്ല്യുടിഒ കരാര്‍ ഭക്ഷിക്കണോ
പ്രിയപ്പെട്ട ജനാധിപത്യമേ 
കര്‍ഷകര്‍ ആത്മഹത്യ ചെയ്ത കയറില്‍ തൂങ്ങി മരിക്കൂ.
പ്രിയപ്പെട്ട ജനാധിപത്യമേ
ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന ചേരികളെ ഭക്ഷിക്കണോ
ലക്ഷക്കണക്കിന് അമ്മമാര്‍ വേശ്യാവൃത്തിക്കൊണ്ടുണ്ടാക്കിയ വരുമാനം ഭക്ഷിക്കണോ
ദളിതരുടെ രക്തം കൊണ്ട് അലങ്കരിച്ച നഗരത്തിന്റെ 
അതിരുകള്‍ ഭക്ഷിക്കണോ.
രാജ്യം മറ്റുള്ളവരുടെ രക്തം കുടിക്കുന്ന നരകമാകുന്നു
ഞങ്ങള്‍ക്ക്് വിശപ്പ് അഗ്നി പര്‍വതം പോലെ പുകയുന്നു
ഈ വിശപ്പ് ഞങ്ങളെ വെറുതെയിരിക്കാന്‍ അനുവദിക്കുന്നില്ല
ഈ വിശപ്പ് ഞങ്ങളെ മരിക്കാനും അനുവദിക്കുന്നില്ല
ഈ വിശപ്പ് ഞങ്ങളെ നിശബ്ദരാക്കുന്നില്ല
ഈ വിശപ്പ് ഭക്ഷണത്തിന് വേണ്ടിയായിരുന്നെങ്കില്‍ 
പുഴുവരിക്കുന്ന റേഷനരിയിലൂടെ മാറുമായിരുന്നു.
ഈ വിശപ്പ് വെറുമൊരു വിശപ്പല്ല
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വിശപ്പല്ല
ഈ വിശപ്പ് ഞങ്ങളെ തത്വജ്ഞാനികളാക്കുന്നു
ഈ വിശപ്പിന് വചനങ്ങളുണ്ട്
സ്വാതന്ത്ര്യം സമത്വം ജനാധിപത്യത്തിന് വേണ്ടിയാണ് ഈ വിശപ്പ് 
ജനാധിപത്യത്തെ പ്രകീര്‍ത്തിക്കുന്നവരോട്
ഞങ്ങള്‍ ജനാധിപത്യവിരുദ്ധരല്ല
നിങ്ങള്‍ക്ക് ഞങ്ങളോട് വെറുപ്പ് തോന്നരുത്
കാരണം ഞങ്ങളുടെ ചോദ്യം വിശപ്പിനെ പറ്റിയാണ്
ഇങ്ങനെ നീളുന്നു ഈ വരികള്‍.

ബി ആര്‍ അംബേദ്കറുടെ വചനങ്ങളും ഈ വീഡിയോ ചിത്രീകരണത്തിലുണ്ട്. നമുക്ക് ഈ സ്വാതന്ത്ര്യം എന്തിനാണ്. സ്വാതന്ത്ര്യം നമ്മുടെ സാമൂഹ്യവ്യവസ്ഥയെ പരിഷ്‌കരിക്കാന്‍ വേണ്ടിയുള്ളതാകണമെന്നും ഇവര്‍ പറയുന്നു

നക്‌സലൈറ്റ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ജയിലിലായ ഇവര്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ജനാധിപത്യത്തെ കുറിച്ച് ഉയര്‍ന്ന മൂല്യങ്ങളുള്ള ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com