രാജ്യത്ത് സിക വൈറസ് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് സിക വൈറസ് ബാധിച്ചു

രാജ്യത്ത് സിക വൈറസ് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് സിക വൈറസ് ബാധിച്ചു

അഹമ്മദാബാദ്: ഗര്‍ഭിണിയടക്കം മൂന്ന് പേര്‍ക്ക് ഇന്ത്യയില്‍ സിക വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ). ഗുജറാത്തിലെ അഹ്മദാബാദിലാണ് രാജ്യത്ത് ആദ്യമായി സിക വൈറസിന്റെ സാന്നിധ്യം ഡബ്ല്യുഎച്ച്ഒ സ്ഥിരീകരിച്ചത്.

അതേസമയം, ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ സിക വൈറസിന്റെ സാന്നിധ്യം വ്യക്തമായിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഡബ്ല്യൂഎച്ച്ഒ ഇക്കാര്യം പരസ്യപ്പെടുത്തുന്നത്. ഈഡിസ് എജിപ്റ്റിപോ കൊതുകുകള്‍ വഴി പടരുന്ന സിക വൈറസിന് പ്രത്യേക വാക്‌സിനേഷനോ മരുന്നോ നിലവിലില്ലാത്തതിനാല്‍ രോഗം പകരാതിരിക്കാന്‍ പ്രത്യേക മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശമുണ്ട്. ഗര്‍ഭിണികളില്‍ സിക വൈറസ് ബാധിച്ചാല്‍ കുട്ടികളുടെ തല ചുരുങ്ങുന്ന മൈക്രോസെഫലി എന്ന അവസ്ഥയ്ക്ക് കാരണമാകും.

വൈറസ് കണ്ടെത്തിയിട്ടും പ്രശ്‌നം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചത്. കൃത്യമായ പരിശോധനകളും പരീക്ഷണങ്ങളും നടത്തി സിക നിയന്ത്രണവിധേയമാക്കാനാണ് അഞ്ച് മാസക്കാലം ഇത് രഹസ്യമായി വച്ചതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അഞ്ച് മാസക്കാലം സിക വൈറസ് സാന്നിധ്യം മറച്ചുവെച്ച ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം ഞെട്ടിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വൈറസാണ് സിക. വൈറസ് ബാധ ശക്തമായാല്‍ മരണംവരെ സംഭവിക്കാം. ഡെങ്കി വൈറസിന്റെ കുടുംബത്തില്‍ പെടുന്ന സികയ്ക്കും ഡെങ്കിയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com