വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കൂടി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തു

എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വില്‍ക്കുന്നതു നിരോധിച്ചു. 
വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കൂടി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തു

കന്നുകാലികളെ അറക്കുന്നതിനായി നിരോധിച്ചതിനു പിന്നാലെത്തന്നെ മറ്റു വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇതനുസരിച്ച്, എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വില്‍ക്കുന്നതു നിരോധിച്ചു. കൂടാതെ വില്‍പ്പനയ്ക്കായി ഇവയെ കടകളിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിരിക്കുകയാണ്.

സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് മാത്രമേ ഇനി മുതല്‍ വളര്‍ത്തു മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കാനാവു. ഈ ഉത്തരവ് കടകള്‍ക്ക് പുറത്ത് പ്രദര്‍ശിപ്പിക്കണം. ഇതുകൂടാതെ വാങ്ങുകയും വില്‍ക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന മൃഗങ്ങളുടെ വിശദാംശങ്ങളും കടകളില്‍ സൂക്ഷിക്കണം. മൃഗങ്ങളെ എവിടെനിന്ന്, എപ്പോള്‍ ലഭിച്ചു; ആര്‍ക്ക്, എപ്പോള്‍ വിറ്റു തുടങ്ങിയ വിശദാംശങ്ങളടക്കം സൂക്ഷിക്കണം.

വളര്‍ത്തു മൃഗങ്ങളെ (നായകളെയും പൂച്ചകളെയും) വില്‍ക്കുന്നതും വാങ്ങുന്നതും രാജ്യത്ത് വലിയൊരു വ്യവസായമായി വളര്‍ന്നിട്ടുള്ള സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നത്. കൂടാതെ ചിലയിടങ്ങളില്‍ മൃഗങ്ങളെ വളരെ മോശം സാഹചര്യങ്ങളിലാണ് വളര്‍ത്തുന്നതെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനാല്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം -1960 അനുസരിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com