സോണിയയേയും പ്രതിപക്ഷത്തേയും വെട്ടിലാക്കി നിതീഷ് കുമാര്‍; സോണിയയുടെ ക്ഷണം നിഷേധിച്ച് ഇന്ന് മോദിയെ കാണും

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി കോണ്‍ഗ്രസ് ഒരുക്കിയ വിരുന്നില്‍ നിന്നും വിട്ടുനിന്ന നിതീഷ് കുമാര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും
സോണിയയേയും പ്രതിപക്ഷത്തേയും വെട്ടിലാക്കി നിതീഷ് കുമാര്‍; സോണിയയുടെ ക്ഷണം നിഷേധിച്ച് ഇന്ന് മോദിയെ കാണും

ന്യൂഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുകയായിരുന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മോദി സര്‍ക്കാര്‍ മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനം, പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യം കാണിക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി കോണ്‍ഗ്രസ് ഒരുക്കിയ വിരുന്നില്‍ നിന്നും വിട്ടുനിന്ന നിതീഷ് കുമാര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. 

നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ബിഹാര്‍ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയൊരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുക. മൗറിഷ്യന്‍ പ്രധാനമന്ത്രിക്കായി പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നിലേക്കാണ് നിതീഷ് കുമാറിനേയും ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ വെള്ളിയാഴ്ച സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്കായി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു നിതീഷ് കുമാര്‍ അറിയിച്ചത്. 

പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരാതെ, ബിജെപിക്കൊപ്പം നീങ്ങാനാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ നീക്കമെന്നാണ് വിലയിരുത്തലുകള്‍ ഉയരുന്നത്. എന്നാല്‍ സോണിയാ ഗാന്ധിയുടേയും, പ്രധാനമന്ത്രിയുടേയും ക്ഷണങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിക്കേണ്ടതില്ലെന്നാണ് ജെഡിയു നേതാക്കളുടെ നിലപാട്. 

മൗറിഷ്യസില്‍ 52 ശതമാനം ജനങ്ങളും ബിഹാര്‍ വംശജരാണ്. ഇതാണ് മൗറിഷ്യന്‍ പ്രധാനമന്ത്രിക്ക് നല്‍കുന്ന വിരുന്നിലേക്ക് പ്രധാനമന്ത്രി ബിഹാര്‍ മുഖ്യമന്ത്രിയേയും ക്ഷണിക്കാന്‍ കാരണമെന്നും ജനതാദള്‍ യുനൈറ്റഡ് നേതാക്കള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com