ഡല്‍ഹി നിയമസഭയില്‍ കയ്യാങ്കളി; കപില്‍ മിശ്രയെ അടിച്ചു പുറത്താക്കി  

ചരക്കുസേവന നികുതിയെപ്പറ്റി ചര്‍ച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേര്‍ത്ത സഭയിലാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്
ഡല്‍ഹി നിയമസഭയില്‍ കയ്യാങ്കളി; കപില്‍ മിശ്രയെ അടിച്ചു പുറത്താക്കി  

ന്യുഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ മുന്‍മന്ത്രി കപില്‍ മിശ്രയ്ക്ക മര്‍ദ്ദനം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയെ ആം ആദ്മി എംഎല്‍എമാരാണ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനുമെതിരെ കടുത്ത അഴിമതി ആരോപണങ്ങളാണ് കപില്‍ മിശ്ര ഉന്നയിച്ചിരുന്നത്. 

ചരക്കുസേവന നികുതിയെപ്പറ്റി ചര്‍ച്ചചെയ്യാനായി ഒരു ദിവസത്തേക്കു പ്രത്യേകം വിളിച്ചുചേര്‍ത്ത സഭയിലാണു നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കേജ്രിവാളിനെതിരെ കപില്‍ മിശ്രയുടെ മുദ്രാവാക്യം വിളിയെത്തുടര്‍ന്നു സഭ ഏറെനേരം തടസ്സപ്പെട്ടു. ബഹളം തുടര്‍ന്ന മിശ്രയോടു സഭ വിട്ടുപോകാന്‍ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ ആവശ്യപ്പെട്ടു.അനുസരിക്കാതിരുന്ന മിശ്രയെ തൊട്ടടുത്ത നിമിഷം എഎപി എംഎല്‍എമാര്‍ കൂട്ടമായെത്തി മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദന ശേഷം എംഎല്‍എമാര്‍ ചേര്‍ന്ന് പുറത്താക്കിയ കപില്‍ മിശ്ര നിയമസഭയില്‍ തനിക്ക് സംസാരിക്കാന്‍ അവസരം തന്നില്ലെന്നും ഗുണ്ടകളെക്കണ്ടു ഞാന്‍ പേടിക്കില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. സഭയില്‍ അക്രമം അരങ്ങേറുമ്പോള്‍ മുഖ്യമന്ത്രി കേജ്രിവാള്‍ എല്ലാം കണ്ടു ചിരിച്ചിരിക്കുകയായിരുന്നു.തന്നെ മര്‍ദിക്കുന്ന സമയത്ത് സഭയ്ക്കുള്ളിലെ കാമറകള്‍ ഓഫ് ചെയ്തിരുന്നെന്നും മിശ്ര ആരോപിച്ചു.

കെജ്രിവാളിനെതിരെ കടുത്ത ആരോപണങ്ങളാണ് കപില്‍ മിശ്ര ഉന്നയിച്ചിരുന്നത്. ആശുപത്രികളിലേക്ക മരുന്ന് വാങ്ങിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്നായിരുന്നു കപില്‍ മിശ്രയുടെ പുതിയ ആരോപണം. മരുന്നുകള്‍ വാങ്ങുന്നുണ്ടായിരുന്നെങ്കിലും അവയൊന്നും ആശുപത്രികളിലെത്തിയിട്ടില്ല.ആംബുലന്‍സുകള്‍ക്ക് അധികപണം നല്‍കിയിട്ടുണ്ട്. ഇവയൊന്നും കൂടാതെ സ്ഥലം മാറ്റങ്ങളിലും നിയമനങ്ങളിലും പലവിധത്തിലുമുള്ള അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നും കേജ്‌രിവാളിനും സത്യേന്ദ്ര ജെയിനുമെതിരെ മിശ്ര ആരോപിച്ചിരുന്നു. ജലവകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് സ്ഥാനത്തുനിന്ന് നീക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com