കിച്ച്ടി ഇനി രാജ്യത്തിന്റെ ദേശീയ ഭക്ഷണം; പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് 

വേള്‍ഡ് ഫുഡ് ഇന്ത്യ 2017 ല്‍ വെച്ച് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അടുത്തിടെ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്
കിച്ച്ടി ഇനി രാജ്യത്തിന്റെ ദേശീയ ഭക്ഷണം; പ്രഖ്യാപനം അടുത്ത ദിവസമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് 

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശിയ ഭക്ഷണമെന്ന സ്ഥാനം ഇനി കിച്ച്ടിക്ക് സ്വന്തം. വേള്‍ഡ് ഫുഡ് ഇന്ത്യ 2017 ല്‍ വെച്ച് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് അടുത്തിടെ പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ദേശിയ ഭക്ഷണമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഇവന്റില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാചകവിദഗ്ധര്‍ 800 കിലോഗ്രാം കിച്ച്ടി തയാറാക്കും. 

കേന്ദ്ര മന്ത്രി ഹര്‍സിംമ്രത് കൗര്‍ ബാദലിന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യ മന്ത്രാലയമാണ് കിച്ച്ടിക്ക് ദേശിയ ഭക്ഷണമാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് നവ്ഭാരത് ടൈസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജാതി, മത, വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും കിച്ച്ടി ഇഷ്ടമാണെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്. അരിയും മറ്റ് ധാന്യങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷ്യ റാണി ഇന്ത്യയുടെ ഭക്ഷണ ചരിത്രത്തിന്റെ ഭാഗമാണ്. 

വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഭക്ഷണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പല രീതിയിലാണ് തയാറാക്കുന്നത്. വടക്കേ ഇന്ത്യയിലാണ് ഇത് കിച്ച്ടി എന്ന പേരില്‍ അറിയപ്പെടുന്നത്. ദക്ഷിണ മേഖലയില്‍ ഈ ഭക്ഷണത്തിന്റെ പേര് പുലാവ്, പൊങ്കല്‍ എന്നിങ്ങനെയാണ്. നവംബറില്‍ മൂന്നിനോ നാലിനോ പ്രഖ്യാപനം നടക്കുന്നതോടെ ഇന്ത്യയുടെ ദേശീയ ഭക്ഷണമായി കിച്ച്ടിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com