അഴിമതി സൗഹൃദാന്തരീക്ഷം മാറിയെന്ന് അരുണ്‍ ജെയ്റ്റലി; എല്ലാവര്‍ക്കും അറിയാമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്ത് ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടിട്ടില്ലെന്ന് രാജ്യം ഒന്നടങ്കം മുറവിളി കൂട്ടുന്നുവെന്ന് രാഹുല്‍ ഗാന്ധി 
അഴിമതി സൗഹൃദാന്തരീക്ഷം മാറിയെന്ന് അരുണ്‍ ജെയ്റ്റലി; എല്ലാവര്‍ക്കും അറിയാമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ഇന്ത്യയുടെ ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടു എന്ന ലോകബാങ്ക് റിപ്പോര്‍ട്ടിന് പിന്നാലെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പരസ്പരം കൊമ്പുകോര്‍ക്കുന്നു. രാജ്യത്ത് ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടിട്ടില്ലെന്ന് രാജ്യം ഒന്നടങ്കം മുറവിളി കൂട്ടുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നവേളയിലാണ് , അരുണ്‍ ജെയ്റ്റലിയെ ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി ഒളിയമ്പെയ്തത്. ഇതിന് ചുട്ടമറുപടിയുമായി അരുണ്‍ ജെയ്റ്റലി രംഗത്തുവന്നു. അഴിമതി സൗഹൃദാന്തരീക്ഷത്തില്‍ നിന്നും രാജ്യത്തെ ബിസിനസ്സ് സൗഹൃദാന്തരീക്ഷത്തിലേക്ക് നയിച്ചു എന്നായിരുന്നു അരുണ്‍ ജെയ്റ്റലിയുടെ മറുപടി. യുപിഎ സര്‍ക്കാരും എന്‍ഡിഎ സര്‍ക്കാരും തമ്മിലുളള വ്യത്യാസം എന്ന നിലയില്‍ ട്വിറ്ററിലുടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

The difference between the UPA and NDA-“The ease of doing corruption has been replaced by the ease of doing business"

കഴിഞ്ഞ ദിവസമാണ് ബിസിനസ്സ് സൗഹൃദാന്തരീക്ഷത്തെ അടിസ്ഥാനമാക്കിയുളള രാജ്യങ്ങളുടെ പട്ടിക ലോകബാങ്ക് പുറത്തുവിട്ടത്. ഇതനുസരിച്ച് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 സ്ഥാനം മെച്ചപ്പെടുത്തി ആദ്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിരുന്നു.

മന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പുറത്തുളളവര്‍ പറയുന്നത് ശ്രവിക്കുകയാണ് അരുണ്‍ ജെയ്റ്റലി എന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പകരം പുറത്തിറങ്ങി ചെറുകിട കച്ചവടക്കാരോടും , ഇടത്തരം ബിസിനസ്സുകാരോടും രാജ്യത്തിന്റെ ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടോയെന്ന് ചോദിക്കാന്‍ അരുണ്‍ ജെയ്റ്റലി തയ്യാറാകണമെന്ന്് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ബിസിനസ്സ് സൗഹൃദാന്തരീക്ഷം ഇനിയും മെച്ചപ്പെടുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. പരിഷ്‌ക്കരണ നടപടികള്‍ പ്രതീക്ഷിച്ച വേഗത കൈവരിക്കുകയാണ് എങ്കില്‍ ഇതിന് തടസമില്ലെന്നും അരുണ്‍ ജെയ്റ്റലി ട്വിറ്ററിലുടെയാണ് പ്രതികരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com