ലോകത്ത് പോഷകാഹാര കുറവുളള കുട്ടികളില്‍ ഇന്ത്യ ഒന്നാമത്; പൊണ്ണത്തടിയില്‍ മൂന്നാമത്

പോഷകാഹാര കുറവുളള കുട്ടികളില്‍ 50 ശതമാനവും ഇന്ത്യയിലാണ് അധിവസിക്കുന്നത്
ലോകത്ത് പോഷകാഹാര കുറവുളള കുട്ടികളില്‍ ഇന്ത്യ ഒന്നാമത്; പൊണ്ണത്തടിയില്‍ മൂന്നാമത്

ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവുമധികം പോഷകാഹാര കുറവുളള കുട്ടികള്‍ ഇന്ത്യയില്‍ എന്ന് റിപ്പോര്‍ട്ട്.  ഇത്തരത്തിലുളള കുട്ടികളില്‍  50 ശതമാനവും ഇന്ത്യയിലാണ് അധിവസിക്കുന്നത്. 2015 വരെയുളള കണക്ക് അനുസരിച്ച് രാജ്യത്തെ കുട്ടികളില്‍ 40 ശതമാനവും പോഷകാഹാര കുറവ് നേരിടുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ലോകത്ത് ഏറ്റവും അധികം പൊണ്ണത്തടിയുളള ആളുകള്‍ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന വിരോധഭാസവും അസോചം, ഏണസ്റ്റ് ആന്റ യങുമായി ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും ചൈനയുമാണ് ഇന്ത്യയ്ക്ക് മുന്‍പില്‍. പ്രമേഹരോഗികളുടെ എണ്ണത്തില്‍ ലോകത്തിന്റെ തലസ്ഥാനമായി ഇന്ത്യയെ കണക്കാക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 6.9 കോടി പ്രമേഹരോഗികള്‍ രാജ്യത്തുളളതായാണ് ലോകാരോഗ്യസംഘടന കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ശിശുമരണനിരക്കിലും, അഞ്ചു വയസ്സില്‍ താഴെയുളള കുട്ടികളുടെ മരണനിരക്കിലും  ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 

പോഷകാഹാരകുറവ് നേരിടുന്ന അഞ്ചുവയസില്‍ താഴെയുളള കുട്ടികളില്‍ 37 ശതമാനവും തൂക്കകുറവ് അനുഭവിക്കുന്നുണ്ട്. 39 ശതമാനം കുട്ടികള്‍ ശാരീരിക വളര്‍ച്ച എത്താത്തവര്‍ ആണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. എന്നാല്‍ 2005-2006 കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ ശാരീരിക വളര്‍ച്ച എത്താത്തവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ആറുമാസം മുതല്‍ 23 മാസം വരെ പ്രായമായ കുട്ടികളില്‍ 10 ശതമാനത്തിന് മാത്രമാണ് വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നത്. ആരോഗ്യ, സാമൂഹ്യരംഗത്തെ ഈ അസമത്വം അവസാനിപ്പിക്കുന്നതിന് സമഗ്രമായ നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. തൂക്കകുറവുളള കുട്ടികളുടെ എണ്ണത്തില്‍ ബീഹാറും, മധ്യപ്രദേശും, ഉത്തര്‍പ്രദേശുമാണ് മുന്‍പന്തിയില്‍. ശാരിരീക വളര്‍ച്ച കുറഞ്ഞ കുട്ടികളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് ഏറ്റവും മുന്‍പന്തിയിലും, കേരളം ഏറ്റവും താഴെയുമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com