രാഹുല്‍ വിട്ടുനിന്നു; ഗുജറാത്തിലെ കോണ്‍ഗ്രസ് യാത്രയില്‍ ആളൊഴിഞ്ഞു

രാഹുല്‍ ഗാന്ധിയാണ് പരിപാടിയിലെ പ്രധാന ആകര്‍ഷണമെന്നും അദ്ദേഹത്തിന്റെ അഭാവം ആളു കുറയാന്‍ കാരണമായിട്ടുണ്ടാകാമെന്നുമാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നത്.
രാഹുല്‍ വിട്ടുനിന്നു; ഗുജറാത്തിലെ കോണ്‍ഗ്രസ് യാത്രയില്‍ ആളൊഴിഞ്ഞു

അഹമ്മദാബാദ്:  ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പെട്ടെന്നുളള അഭാവം  കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷീണമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി നേതൃത്വത്തെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയതിന് പിന്നാലെയാണ് താല്ക്കാലികമായ വിട്ടുനില്‍ക്കല്‍. ഇത് തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും പ്രതിഫലിച്ചു. ശുഷ്‌കായ സദസ്സാണ് പല പാര്‍ട്ടി സ്‌മ്മേളനങ്ങളെയും ഇന്ന് വരവേറ്റത്. താപി ജില്ലയിലെ ഡോള്‍വനിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് മുഖ്യമായി രാഹുല്‍ ഗാന്ധിയുടെ അഭാവം നിഴലിച്ചത്.  

ഉത്തര്‍പ്രദേശിലെ എന്‍ടിപിസി പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ ഇരകളാക്കപ്പെട്ടവരെ സന്ദര്‍ശിക്കാനാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി താല്ക്കാലിക അവധി നല്‍കിയത്. ആദിവാസികള്‍ക്ക് ഏറെ സ്വാധീനമുളള ദക്ഷിണ ഗുജറാത്തായിരുന്നു രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കേണ്ടിയിരുന്നത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയുടെ അഭാവം സൃഷ്ടിച്ച ക്ഷീണം പരിഹരിക്കാന്‍ വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷനെ മേഖലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് തുഷാര്‍ ചൗധരി പറഞ്ഞു.  

 അതേസമയം  റാലിയില്‍ ജനപങ്കാളിത്തം ചൂണ്ടിക്കാട്ടിയപ്പോള്‍, രാഹുല്‍ ഗാന്ധിയാണ് പരിപാടിയിലെ പ്രധാന ആകര്‍ഷണമെന്നും അദ്ദേഹത്തിന്റെ അഭാവം ആളു കുറയാന്‍ കാരണമായിട്ടുണ്ടാകാമെന്നുമാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വര്‍ധിച്ചുവരുന്ന ജനകീയതയ്ക്ക് തെളിവാണ് ഇതെന്നും അവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com