'ലൗ ജിഹാദ്'; യുവതിയുടെ മതം മാറ്റവും വിവാഹവും അന്വേഷിക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്‌

യുവതിയുടെ മതംമാറ്റം നിയമപരമാണെന്ന് പൊലീസ് എങ്ങനെയാണ് ഊഹിച്ചതെന്നും കോടതി ചോദിച്ചു
'ലൗ ജിഹാദ്'; യുവതിയുടെ മതം മാറ്റവും വിവാഹവും അന്വേഷിക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ്‌

ജയ്പൂര്‍: രാജസ്ഥാനില്‍ 22 കാരിയെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതം മാറ്റിയെന്നും വിവാഹം കഴിപ്പിച്ചെന്നുമുള്ള ആരോപണത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. ലവ്‌ ജിഹാദ് ആണെന്ന് ആരോപിച്ച് യുവതിയുടെ സഹോദരന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ഗോപാല്‍ കൃഷ്ണ വ്യാസ്, മനോജ് കുമാര്‍ ഗാര്‍ഗ് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.

യുവതിയുടെ കുടുംബത്തിന്റെ പരാതി ലഭിച്ചിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറാവാതിരുന്ന പൊലീസ് നടപടിയെ കോടതി വിമര്‍ശിച്ചെന്നും പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ മതംമാറ്റം നിയമപരമാണെന്ന് പൊലീസ് എങ്ങനെയാണ് ഊഹിച്ചതെന്നും കോടതി ചോദിച്ചു. 10 രൂപയുടെ സ്റ്റാംപ് പേപ്പറില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതുകൊണ്ട് ഇത് നിയമപരമാവില്ല. ഈ രീതിയിലാണെങ്കില്‍ നാളെ മുതല്‍ എനിക്ക് ഗോപാല്‍ മുഹമ്മദ്‌ എന്ന് സ്വയം വിശേഷിപ്പിക്കാനാവുമെന്നും കോടതി പറഞ്ഞു. 

ഈ വര്‍ഷം ഏപ്രില്‍ 14 നാണ് യുവതിയുടെ വിവാഹം നടക്കുന്നത്. കഴിഞ്ഞ മാസം 25 വരെ ഹര്‍ജിക്കാരന്റെ കുടുംബത്തോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. പിന്നെ എങ്ങനെയാണ് 2017 ഏപ്രിലിന് മുന്‍പ് മുസ്ലീമായി മതം മാറിയതെന്നും കോടതി നിരീക്ഷിച്ചു. 

മതം മാറുന്നതിനായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമപരമായ വ്യവസ്ഥകള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ഗവണ്‍മെന്റിനോട് കോടതി ആവശ്യപ്പെട്ടു. ഇരു വിഭാഗത്തില്‍പ്പെടുന്നവരും കൂടിക്കാഴ്ച നടത്തരുതെന്ന വ്യവസ്ഥയില്‍ ജോദപൂരിലെ വീട്ടില്‍ നിന്ന് നീരി നികേതനിലേക്ക് യുവതിയെ മാറ്റി. 

ഒക്‌റ്റോബര്‍ 25 ന് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. ജോദപ്പൂരിലെ പ്രതാപ് നഗര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ താന്‍ മതം മാറിയെന്നും വിവാഹം മുസ്ലിം ആചാരപ്രകാരം ഫായിസ് മോദിയുമായി നടന്നെന്നും യുവതി ജോദപൂര്‍ മെട്രോ സ്‌റ്റേഷനിലെ പൊലീസ് കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത്. 

മാസങ്ങള്‍ക്ക് മുന്‍പ് മതം മാറിയെങ്കില്‍ പഴയ പേരില്‍ എങ്ങനെയാണ് സ്വന്തം വീട്ടില്‍ കഴിഞ്ഞതെന്നാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗോകുലേഷ് ബൊഹ്‌റ ചോദിച്ചു. ഇതേ രീതിയിലുള്ള നിരവധി കേസുകള്‍ ജോദപ്പൂരില്‍ നടക്കുന്നുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. ഹാദിയ കേസ് വലിയ വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് മതം മാറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസ് ചര്‍ച്ചയാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com