വിവാദ ഓര്‍ഡിനന്‍സ്; രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെ ബഹിഷ്‌കരിക്കുമെന്ന് പ്രമുഖ ദിനപ്പത്രം

'രാജസ്ഥാന്‍ പത്രിക'യുടെ ആദ്യ പേജില്‍ വന്ന എഡിറ്റോറിയലില്‍ സര്‍ക്കാര്‍ നടപടിയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്
വിവാദ ഓര്‍ഡിനന്‍സ്; രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയെ ബഹിഷ്‌കരിക്കുമെന്ന് പ്രമുഖ ദിനപ്പത്രം

ജയ്പൂര്‍: മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതുവരെ മുഖ്യമന്ത്രി വസുന്ധര രാജയെ ബഹിഷ്‌കരിക്കാന്‍ സംസ്ഥാനത്തെ പ്രമുഖ ഹിന്ദി ദിനപ്പത്രം തീരുമാനിച്ചു. ന്യായാധിപന്‍മാര്‍ക്കും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നവര്‍ക്കെതിരേയുള്ള അഴിമതി കേസ് അന്വേഷിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടാണ് സര്‍ക്കാര്‍ നിയമഭേദഗതി ചെയ്യുന്നത്. 'രാജസ്ഥാന്‍ പത്രിക'യുടെ ആദ്യ പേജില്‍ വന്ന എഡിറ്റോറിയലില്‍ സര്‍ക്കാര്‍ നടപടിയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. 

മുഖ്യമന്ത്രിയെക്കുറിച്ചുള്ള വാര്‍ത്തകളും മറ്റ് പ്രവര്‍ത്തനങ്ങളും നിയമം റദ്ദാക്കുന്നതുവരെ പത്രത്തില്‍ പ്രസിദ്ധീകരിക്കില്ലെന്ന് എഡിറ്റോറിയലിലൂടെ വ്യക്തമാക്കി. സെപ്റ്റംബര്‍ ആറിന് പ്രഖ്യാപിച്ച ഓര്‍ഡനന്‍സിനെ കരി നിയമം എന്നാണ് വിലയിരുത്തുന്നത്. ജനാധിപത്യം, അഭിപ്രായസ്വാതന്ത്ര്യംതുടങ്ങിയവയെ ചോദ്യം ചെയ്യുന്നതാണ് പുതിയ ഓര്‍ഡിനന്‍സെന്ന് രാജസ്ഥാന്‍ പത്രികയുടെ ചീഫ് എഡിറ്റര്‍ ഗുലാബ് കോത്താരി പറഞ്ഞു. 

റിട്ടയര്‍ ചെയ്തവരടക്കമുള്ള ഗവണ്‍മെന്റ് ജീവനക്കാര്‍, ന്യായാധിപന്‍മാര്‍ ഉള്‍പ്പടെയുള്ള പൊതുസേവകര്‍ക്ക് എതിരേയുള്ള പരാതികള്‍ അന്വേഷിക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ക്രിമിനല്‍ ലോ ഓര്‍ഡിനന്‍സ് 2017 ല്‍ പറയുന്നത്. അനുമതി കിട്ടി അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് ആരോപണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാനും ഇതില്‍ വ്യവസ്ഥയുണ്ട്. നിയമം ലംഘിച്ചാല്‍ രണ്ട് വര്‍ഷം തടവാണ് ശിക്ഷ. സംഭവം വിവാദമായതോടെ ബില്‍ പ്രത്യേക സമിതിയുടെ അനുമതിക്ക് വിട്ടിരിക്കുകയാണ്. 

എന്നാല്‍ ഇത് എല്ലാവരുടേയും കണ്ണില്‍പോടിയിടാന്‍ വേണ്ടിമാത്രമാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഓര്‍ഡിനന്‍സ് ഇപ്പോഴും നിലവിലുണ്ടെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും ജയ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന രാജസ്ഥാന്‍ പത്രിക കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com