സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ ടാക്‌സ് വെട്ടിപ്പ് അന്വേഷിക്കാന്‍ കിരണ്‍ ബേദി; കോടികള്‍ സമ്പാദിക്കുന്നവര്‍ ലാഭത്തിനായി നിയമം ലംഘിക്കുന്നു 

കോടികള്‍ സമ്പാദിക്കുന്ന ചിലര്‍ ചെറിയ ലക്ഷങ്ങള്‍ ലാഭിക്കാനാണ് ഇത്തരം ടാക്‌സ് വെട്ടിപ്പുകള്‍ നടത്തുന്നതെന്ന് കിരണ്‍ ബേദി പറഞ്ഞു
സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവരുടെ ടാക്‌സ് വെട്ടിപ്പ് അന്വേഷിക്കാന്‍ കിരണ്‍ ബേദി; കോടികള്‍ സമ്പാദിക്കുന്നവര്‍ ലാഭത്തിനായി നിയമം ലംഘിക്കുന്നു 

പോണ്ടിച്ചേരി: ബിജിപി എംപി സുരേഷ് ഗോപി ഉള്‍പ്പെടെ വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ ചെയ്ത് നികുതി വെട്ടിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ പോണ്ടിച്ചേരി  ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ ഉത്തരവ്. കോടികള്‍ സമ്പാദിക്കുന്ന ചിലര്‍ ചെറിയ ലക്ഷങ്ങള്‍ ലാഭിക്കാനാണ് ഇത്തരം ടാക്‌സ് വെട്ടിപ്പുകള്‍ നടത്തുന്നതെന്ന് കിരണ്‍ ബേദി പറഞ്ഞു. 

പോണ്ടിച്ചേരി സ്വദേശികളുടെ മേല്‍വിലാസത്തിലാണ് സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ള ആളുകളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെ വലിയതോതിലുള്ള നികുതി വെട്ടിപ്പാണ് ഇവര്‍ നടത്തിയിരിക്കുന്നത് എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് നികുതി വെട്ടിപ്പിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ പോണ്ടിച്ചേരി ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നത്. 

90 വാഹനങ്ങള്‍ പോണ്ടിച്ചേരി വാസികളുടെ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കിരണ്‍ ബേദി പറഞ്ഞു. പോണ്ടിച്ചേരി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയതിന് ശേഷമായിരുന്നു ബേദിയുടെ പ്രതികരണം. 

നിയമം പറയുന്നത് ആറ് മാസത്തില്‍ കൂടുതല്‍ ഒരിടത്ത് താമസിച്ചാല്‍ നിങ്ങളവിടെ റോഡ് ടാക്‌സ് നല്‍കണം എന്നാണ്. എന്നാല്‍ പോണ്ടിച്ചേരിയിലെ അഴിമതി നിറഞ്ഞ സിസ്റ്റം കാറ് കച്ചവടക്കാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 86പേര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ ലോ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്,ബേദി കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ പോണ്ടിച്ചേരിയില്‍ നടക്കുന്ന അനധികൃത രജിസ്‌ട്രേഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഗതാഗത വകുപ്പ് മന്ത്രി എം ഒ എച്ച് എഫ് ഷാജഹാന്‍ നിഷേധിച്ചു. എന്നാല്‍ ഷാജഹാന്‍ ഒരു കാറ് കച്ചവടക്കാരനാണെന്നും പിതാവിന്റെ കാറ് കച്ചവടം ഇപ്പോള്‍ നോക്കിനടത്തുന്നത് ഷാജഹാനാണെന്നും കിരണ്‍ ബേദി ആരോപിക്കുന്നു. പ്രദേശവാസികളല്ലാത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കാതിരുന്നാല്‍ അദ്ദേഹത്തിന്റെ കച്ചവടം നഷ്ടത്തിലാകും എന്നും കിരണ്‍ ബേദി പറയുന്നു. 

സുരേഷ് ഗോപി എംപിയുടെ ഓഡി കേരളത്തില്‍ 15 ലക്ഷം റോഡ് ടാക്‌സ് അടയ്ക്കുന്നതിന് പകരം 1 ലക്ഷം രൂപയാണ് പോണ്ടിച്ചേരി രജിസ്‌ട്രേഷിലൂടെ ലാഭിച്ചത്. കാര്‍ത്തിക് അപ്പാര്‍ട്‌മെന്റ്, 100ഫീറ്റ് റോഡ്,എല്ലൈപ്പിള്ളൈചാവടി എന്ന അഡ്രസാണ് സുരേഷ് ഗോപി എംപി രജിസ്‌ട്രേഷനായി നല്‍കിയിരിക്കുന്നത്. 1.12 കോടി രൂപ റോഡ് ടാക്‌സ് കര്‍ണാടകയില്‍ അടക്കേണ്ട അമല പോളിന്റെ ബെന്‍സ് കാറിന് പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ വഴി അടക്കേണ്ടി വരുന്നത് 20 ലക്ഷം മാത്രമാണ്. 

പോണ്ടിച്ചേരിയില്‍ വാഹന രജ്‌സിട്രേഷന്‍ നടത്തി ടാക്‌സ് വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കാന്‍ കേരള ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്ത് പോണ്ടിച്ചേരി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com