അസാധു നോട്ടുകള്‍ മാറ്റല്‍: ഭരണഘടനാ ബെഞ്ച് തീരുമാനിക്കും
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 03rd November 2017 03:07 PM |
Last Updated: 03rd November 2017 03:07 PM | A+A A- |

ന്യൂഡല്‍ഹി : അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ഈ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച 14 ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് സുപ്രീംകോടതിയുടെ തീരുമാനം. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ നിയമസാധുത പരിശോധിക്കുന്നതിന് പുറമേയാണ് പുതിയ ഉത്തരവ്.
ചിഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാന്‍ വീണ്ടും അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സമയപരിധിയില്‍ , ഇതിന് സാധിക്കാത്തവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ ചില വകുപ്പുകളുടെയും നവംബര്‍ എട്ടില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെയും ഭരണഘടനാ സാധുത ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചില ഹര്‍ജികളില്‍ പറയുന്നു. തങ്ങള്‍ കഷ്ടപ്പെട്ടു നേടിയ സമ്പത്ത് മാന്യമായ അവസരം നല്‍കാതെ കേന്ദ്രം കണ്ടുകെട്ടി എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു.