കൈകോര്‍ത്ത് രാഹുല്‍ ഗാന്ധിയും ജിഗ്‌നേഷ്  മേവാനിയും;  ആശങ്കയോടെ ബിജെപി ക്യാമ്പ്

രാഹുലുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ജിഗ്‌നേഷ് മേവാനി
കൈകോര്‍ത്ത് രാഹുല്‍ ഗാന്ധിയും ജിഗ്‌നേഷ്  മേവാനിയും;  ആശങ്കയോടെ ബിജെപി ക്യാമ്പ്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദളിത് നേതാവ് ജിഗ്‌നേഷ് മെവാനി കൂടിക്കാഴ്ച നടത്തി. രാഹുലുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് ജിഗ്‌നേഷ് മേവാനി പ്രതികരിച്ചു. ദളിത് ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടി 17 ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു. അത് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയതായി  മേവാനി പ്രതികരിച്ചു.ഗുജറാത്തിലെ നവസാരിയിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം മെവാനി രാഹുലിനൊപ്പം യാത്ര ചെയ്തു. രാഹുലിന്റെ ജാഥാ വാഹനത്തിലാണ് ജിഗ്‌നേഷ് യാത്ര നടത്തിയത്.  അതേസമയം ഹാര്‍ദിക് പട്ടേലിന് പിന്നാലെ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനോട് കൂടുതല്‍ അടുക്കുന്നത് ബിജെപി ക്യാമ്പുകളെ ആശങ്കപ്പെടുത്തുകയാണ്. 

നേരത്തെ രാഹുലുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ജിഗ്‌നേഷ് പറഞ്ഞിരുന്നു. അഥവാ താന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയാല്‍ തന്നെ അതു ദളിത് വിഭാഗത്തിന്റെ പ്രശ്‌നങ്ങളിലെ കോണ്‍ഗ്രസ് നിലപാടറിയാന്‍ വേണ്ടിയായിരിക്കുമെന്ന് മേവാനി വ്യക്തമാക്കിയിരുന്നു. അല്ലാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടിയാകില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജിഗ്‌നേഷ് മെവാനി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com