ജനിച്ച 'വീട്ടില്‍' നിന്ന് സ്വന്തം 'വീട്ടിലേക്ക്'; ഇന്ത്യന്‍ ജയിലില്‍ ജനിച്ച് വളര്‍ന്ന പതിനൊന്നുകാരി  പാക്കിസ്ഥാനിലേക്ക് മടങ്ങി 

അമ്മയുടേയും മാതൃസഹോദരിയുടേയും ശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് ഹിനയുടെ ജയില്‍ ജീവിതത്തിന് വിരാമമായത്
ജനിച്ച 'വീട്ടില്‍' നിന്ന് സ്വന്തം 'വീട്ടിലേക്ക്'; ഇന്ത്യന്‍ ജയിലില്‍ ജനിച്ച് വളര്‍ന്ന പതിനൊന്നുകാരി  പാക്കിസ്ഥാനിലേക്ക് മടങ്ങി 

അട്ടാരി: ഇന്ത്യയിലെ ജയിലിനുള്ളിലായിരുന്നു അവള്‍ പിറന്നുവീണത്. പിന്നീടുള്ള 11 വര്‍ഷത്തെ ജീവിതവും ജയില്‍ അഴിക്കുള്ളിലായിരുന്നു. ഇനി അവളുടെ ജീവിതം സ്വന്തം രാജ്യമായ പാക്കിസ്ഥാനിലാണ്. ആദ്യമായി സ്വന്തം രാജ്യത്തേക്ക് എത്തിയ പതിനൊന്ന് വയസുകാരിയായ ഹിനയ്ക്ക് വലിയ സ്വീകരണമാണ് പാക്കിസ്ഥാന്‍ ഒരുക്കിയത്. അമ്മയുടേയും മാതൃസഹോദരിയുടേയും ശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് ഹിനയുടെ ജയില്‍ ജീവിതത്തിന് വിരാമമായത്. 

അട്ടാരി അതിര്‍ത്തി വഴിയാണ് ഹിന തന്റെ രാജ്യത്തേക്ക് പ്രവേശിച്ചത്. കൈയിലേക്ക് പാക്കിസ്ഥാന്റെ പതാക വെച്ചുകൊടുത്താണ് പാക്കിസ്ഥാന്‍ റേഞ്ചര്‍മാര്‍ ഹിനയെ സ്വീകരിച്ചത്. മകളെ ആദ്യമായി കാണുന്നതിന്റെ സന്തോഷത്തിലായിരുന്നു കുട്ടിയുടെ അച്ഛന്‍ സയ്ഫുള്‍ റെഹ്മാന്‍. ജനിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യയിലെ ജയിലിലായതിനാല്‍ കുട്ടിയെ ഇതുവരെ കാണാന്‍ റഹ്മാന് സാധിച്ചിരുന്നില്ല. 

2006 മെയ് ആറിനാണ് കള്ളക്കടത്ത് നടത്തിയതിന് കുട്ടിയുടെ അമ്മ ഫാത്തിമയും മാതൃ സഹോദരി മുംതാസും ഇവരുടെ അമ്മ റഷീദയേയും പൊലീസ് അറസ്റ്റു ചെയ്യുന്നത്. 2008 ല്‍ അമൃത്സര്‍ സെന്‍ട്രല്‍ സെക്യൂരിറ്റി ജയിലില്‍ വെച്ച് റഷീദ മരിച്ചു. 2016 ല്‍ ഇവരുടെ ശിക്ഷ അവസാനിച്ചെങ്കില്‍ പിഴ അടയ്ക്കാന്‍ കഴിയാതിരുന്നതിനാലാണ് ജയില്‍ വാസം നീണ്ടുപോയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഓ ഹ്യുമാനിറ്റി ക്ലബ് ഇരുവരുടേയും പിഴ അടച്ചതാണ് ഹിനയുടെ മോചനത്തിന് വഴിതെളിച്ചത്. ഇരു രാജ്യങ്ങളുടേയും പതാകകള്‍ ചേര്‍ത്തുള്ള ലോക്കറ്റോടുകൂടിയ സ്വര്‍ണമാലയും ഹ്യുമാനിറ്റി ക്ലബ് ഹിനക്ക് സമ്മാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com