ബിജെപി തനിക്കെതിരെ വ്യാജ സെക്‌സ് സിഡി ഇറക്കിയേക്കുമെന്ന് ഹര്‍ദിക് പട്ടേല്‍

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം നടത്തിയേക്കുമെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു
ബിജെപി തനിക്കെതിരെ വ്യാജ സെക്‌സ് സിഡി ഇറക്കിയേക്കുമെന്ന് ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ് : തന്നെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ട് ബിജെപി തനിക്കെതിരെ വ്യാജ സെക്‌സ് സിഡി ഇറക്കിയേക്കുമെന്ന് പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് സിഡി ഇറക്കുമെന്നാണ് തനിക്ക് വിവരം ലഭിച്ചത്. ബിജെപിയില്‍ നിന്നും ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാന്‍. നമുക്ക് കാത്തിരുന്നു കാണാം. ഹര്‍ദീക് പട്ടേല്‍ പറഞ്ഞു. 

എന്നാല്‍ സെക്‌സ് സിഡി ഇറക്കുന്ന കാര്യം എങ്ങനെ അറിഞ്ഞു എന്ന ചോദ്യത്തിന്, ഇതാണ് ബിജെപിയുടെ സ്വഭാവമെന്നായിരുന്നു ഹര്‍ദികിന്റെ മറുപടി. എന്നാല്‍ ഹര്‍ദികിന്റെ ഈ ആരോപണത്തോട് ബിജെപി സംസ്ഥാന പ്രസിഡന്റ് ജിത്തു വഗാനി പ്രതികരിച്ചില്ല. 

ഗുജറാത്തില്‍ തെരഞ്ഞെടുപ്പിനായി കൊണ്ടുവരുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ബിജെപി കൃത്രിമം നടത്തിയേക്കുമെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. 3350 വിവിപാറ്റ് മെഷീനുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ വട്ട പരിശോധനയില്‍ തന്നെ പരാജയപ്പെട്ടു. തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിക്കുമെന്ന് ഉറപ്പാണെന്നും ഹര്‍ദിക് പട്ടേല്‍ ആരോപിച്ചു. 

ഗുജറാത്തില്‍ 70,182 വിവിപാറ്റ് മെഷീനുകളാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. കൂടാതെ 4150 മെഷീനുകള്‍ കൂടി കൂടുതലായി ലഭ്യമാകും. 3350 മെഷീനുകളാണ് ആദ്യവട്ട പരിശോധനയില്‍ പരാജയപ്പെട്ടതെന്നും, ഇത് വലിയ പ്രശ്‌നമായി കരുതുന്നില്ലെന്നുമാണ് ഗുജറാത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബിബി സ്വെയിന്‍ അഭിപ്രായപ്പെട്ടത്. ആദ്യവട്ട പരിശോധനയില്‍ അഞ്ചുശതമാനം വിവിപാറ്റ് മെഷീനുകള്‍ മാത്രമാണ് പരാജയപ്പെട്ടതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്തും അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com