ഉത്തര്‍പ്രദേശില്‍ വീണ്ടും വിദേശ സഞ്ചാരിക്ക് നേരെ ആക്രമണം
Published: 05th November 2017 03:27 PM |
Last Updated: 05th November 2017 03:27 PM | A+A A- |

ലഖ്‌നൗ: ഉത്തര്‍പ്രദേശല്‍ വിദേശ സഞ്ചാരിക്ക് നേരെ ആക്രമണം. ആഗ്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡുകാരായ യുവാവും യുവതിയും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും വിദേശസഞ്ചാരികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ജര്‍മനിയിലെ ബെര്‍ലിന്‍ സ്വദേശിയായ ഹോള്‍ഗര്‍ എറീക് എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്‌സ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഒരു കൂട്ടം ആളുകള്‍ എറീക്കിനെ മര്‍ദ്ദിച്ചത്.
എറീക്കിന്റെ പരാതിയെ തുടര്‍ന്ന് റെയില്‍വേ കോണ്‍ട്രാക്ടറായ അമാല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷന്‍ മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് റോബര്‍ട്ട്‌സ്ഗഞ്ച് പൊലീസ് ഇയാളെ പിടികൂടിയത്.
അക്രമണ സമയത്ത് മദ്യലഹരിയിലായിരുന്നു അമാല്‍ കുമാര്‍ എന്നാണ് പൊലീസ് വിശദീകരണം. അഘോരി സ്ന്ദര്‍ശിക്കാനായിരുന്നു എറീക് സ്‌റ്റേഷനില്‍ ഇറങ്ങിയത്. റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ബെര്‍ലിന്‍ സ്വദേശിയോട് കുമാര്‍ പേരും വിശദാംശങ്ങളും തിരക്കി. മദ്യത്തിന്റെ മണമടിച്ചതിനാല്‍ ജര്‍മന്‍കാരന്‍ പ്രതികരിക്കാതെ നടന്നുനീങ്ങി. ഇതേ തുടര്‍ന്നാണ് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. അതേസമയം, തന്റെ മുഖത്തടിച്ച ജര്‍മന്‍ പൌരന്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് താന്‍ അയാളെ മര്‍ദ്ദിച്ചതെന്നാണ് അമാല്‍ കുമാറിന്റെ വിശദീകരണം.
ആക്രമണത്തെ തുടര്‍ന്ന് എറീകിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും യാതൊരു വിധത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിട്ടില്ലെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. യുപിയില്‍ രണ്ടാഴ്ചയ്ക്കിടെ വിദേശ സഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ രണ്ടാമത്തെ ആക്രമണമാണ് ഇത്. ആഗ്രയ്ക്ക് സമീപം സ്വിസ് യുവതിയേയും ആണ്‍ സുഹൃത്തിനേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ വിദേശകാര്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു