രാജസ്ഥാനിലെ 'ഹാദിയ'യെ ഭര്‍ത്താവിനൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്; അന്വേഷണം തുടരും

ഫയിസ് മോദിയുമായുള്ള പെണ്‍കുട്ടിയുടെ വിവാഹത്തില്‍ നേരത്തെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കോടതി കടന്നില്ല
രാജസ്ഥാനിലെ 'ഹാദിയ'യെ ഭര്‍ത്താവിനൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്; അന്വേഷണം തുടരും

ജയ്പുര്‍: ഹാദിയയുടേതിനു സമാനമായ മതപരിവര്‍ത്തന കേസില്‍ ഇസ്ലാമിലേക്കു മാറിയ യുവതിയെ ഭര്‍ത്താവിനൊപ്പം വിട്ട് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ഇരുപത്തിരണ്ടുകാരിയായ പായല്‍ സിങ്വി എന്ന ആരിഫയെയാണ് ഭര്‍ത്താവിനൊപ്പം വിട്ടുകൊണ്ട് കോടതി ഉത്തരവായത്. എന്നാല്‍ ആരിഫയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശം നല്‍കി.

ആരിഫയുടെ മതപരിവര്‍ത്തനവും വിവാഹവും അന്വേഷിക്കാന്‍ കഴിഞ്ഞയാഴ്ച കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. മതപരിവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് എതെങ്കിലും നിയമമോ ചട്ടമോ ഉണ്ടോയെന്നു വ്യക്താക്കാന്‍ സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ മറുപടി കൂടി പരിഗണിച്ച ശേഷം കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുമെന്ന് ജസ്റ്റിസ് ഗോപാല്‍ കൃഷ്ണ വ്യാസ്, മനോജ് കുമാര്‍ ഗാര്‍ഗ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ബുധനാഴ്ച വ്യക്തമാക്കി. ഗവ. റെസ്‌ക്യൂ ഹോമില്‍ കഴിയുന്ന ആരിഫയെ ഭര്‍ത്താവിനൊപ്പം പോവാന്‍ അനുവദിച്ചുകൊണ്ടാണ്, കേസ് തുടര്‍ന്നും കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയത്.

സഹോദരിയുടെ മതംമാറ്റത്തിനു പിന്നില്‍ ബാഹ്യശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിവാഹ രേഖകള്‍ വ്യാജമാണെന്നും ചൂണ്ടിക്കാട്ടി പായലിന്റെ സഹോദരന്‍ ചിരാഗ് സിങ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഫയിസ് മോദിയുമായുള്ള പെണ്‍കുട്ടിയുടെ വിവാഹത്തില്‍ നേരത്തെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കോടതി കടന്നില്ല.

കേരളത്തില്‍ മതംമാറി വിവാഹം കഴിച്ച ഹാദിയയുടേതിനു സമാനമായ കേസ് എന്ന നിലയില്‍ രാജസ്ഥാനിലെ ആരിഫയുടെ മതംമാറ്റം വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവാഹ രേഖകളില്‍ സംശയം പ്രകടിപ്പിച്ച കേരള ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ നല്‍കിയ അപ്പീലില്‍ സുപ്രിം കോടതിയില്‍ വാദം നടക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com