നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് തൊഴില്‍ രഹിതരായത് 15 ലക്ഷം പേര്‍;കണക്കുകളുമായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി 

2016 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല്‍പ്പത് കോടി അറുപത്തിയഞ്ച് ലക്ഷം പേര്‍ക്ക് തൊഴിലുണ്ടായിരുന്ന സ്ഥാനത്ത്  2017 ജനുവരി മുതല്‍ ഏപ്രില്‍ വരെ  നാല്‍പ്പത് കോടി അമ്പത് ലക്ഷമായി കുറഞ്ഞു
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് തൊഴില്‍ രഹിതരായത് 15 ലക്ഷം പേര്‍;കണക്കുകളുമായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി 

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിന് ശേഷം രാജ്യത്ത് പതിനഞ്ച് ലക്ഷം തൊഴില്‍ നഷ്ടം സംഭവിച്ചതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയുടെ കണ്ടെത്തല്‍. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. പ്രധാനപ്പെട്ട കമ്പനികളില്‍ നിന്ന് 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കുകകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

നോട്ട് നിരോധനത്തിന് ശേഷം ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം ഇതിലും വലുതാകാമെന്നും കൃത്യമായ കണക്കുകള്‍ ഇനിയും ലഭിച്ചിട്ടില്ലെന്നും സര്‍വ്വേ പറയുന്നു. 2016 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല്‍പ്പത് കോടി അറുപത്തിയഞ്ച് ലക്ഷം പേര്‍ക്ക് തൊഴിലുണ്ടായിരുന്ന സ്ഥാനത്ത് നോട്ട് നിരോധന ശേഷം 2017 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നാല്‍പ്പത് കോടി അമ്പത് ലക്ഷമായി കുറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി കൗശല്‍  വികാസ് യോജനയും ഈ കണക്കുകള്‍ ശരിവെക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ജൂലൈ ആദ്യവാരം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പദ്ധതി പ്രകാരം 30.67 ലക്ഷം യുവാക്കള്‍ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിക്കായ് കാത്തിരിക്കുന്നുണ്ട്. 

2016-17 വര്‍ഷത്തില്‍ ഐടി കമ്പനികളും ഫിനാന്‍ഷ്യല്‍ കമ്പനികളും ഒഴികെയുള്ള 121 കമ്പനികളില്‍ തൊഴില്‍ നിരക്കില്‍ കനത്ത ഇടിവ് സംഭവിച്ചിട്ടുണ്ട്. 107 കമ്പനികളില്‍ 14,668 തൊഴിലാളികളെ പിരിച്ചുവിട്ടു. 2015 മാര്‍ച്ചില്‍ ഈ കമ്പനികളില്‍  684,452 തൊഴിലാളികള്‍ ഉണ്ടായിരുന്നു. 2016 മാര്‍ച്ച് ആയപ്പോഴേക്കും 677,296 ആയി മാറി. 2017 മാര്‍ച്ചില്‍ അത് 669,784 ആയി കുറഞ്ഞു. 

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ അവരുടെ തൊഴിലാളികളെ 1453 ആയി വെട്ടിച്ചുരുക്കിയപ്പോള്‍ ഐഡിയ 707ലേക്കും ടാറ്റാ മോട്ടോര്‍സ് 534ലേക്കും ടാറ്റാ സ്റ്റീല്‍ 450ലേക്കും തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചു. 

ലേബര്‍ ബ്യൂറോകളുടെ 2016 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കെടുപ്പില്‍ പ്രധാനപ്പെട്ട എട്ട് സാമ്പത്തിക മേഖലകളില്‍ 46,000 പാര്‍ട്ട് ടൈം ജോലികള്‍ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയതായും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. 

നോട്ട് നിരോധനത്തിന് ശേഷം നിര്‍മ്മാണ മേഖലയില്‍ മാത്രം 1.13 ലക്ഷം തൊഴില്‍ രഹിതരാണ് സൃഷ്ടിക്കപ്പെട്ടത്. ഐടി,ബിപിഒ മേഖലകളില്‍ 20,000പേര്‍ക്കും ജോലി നഷ്ടപ്പെട്ടുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com