നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; കരിദിനമാചരിച്ച് പ്രതിപക്ഷം

നോട്ട് നിരോധന വാര്‍ഷികദിനമായ ഇന്ന് രാജ്യമൊട്ടാകെ കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുകയാണ് ബിജെപി
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; കരിദിനമാചരിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി : നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളായ ആയിരവും അഞ്ഞൂറും പിന്‍വലിച്ചതിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. കള്ളനോട്ട്, കള്ളപ്പണം, കള്ളക്കടത്ത് തുടങ്ങിയവ തടയുക ലക്ഷ്യമിട്ടാണ് മോഡി സര്‍ക്കാര്‍ 2017 നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത്. നോട്ട് നിരോധന വാര്‍ഷികദിനമായ ഇന്ന് രാജ്യമൊട്ടാകെ കള്ളപ്പണ വിരുദ്ധദിനമായി ആചരിക്കുകയാണ് ബിജെപി. അതേസമയം ഇന്ന് കരിദിനമായി ആചരിക്കാനാണ് 18 ഓളം പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇടതുപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 11 മണിയ്ക്ക്  ഡല്‍ഹി മണ്ഡിഹൗസില്‍ നിന്നാണ് ഇടതുപക്ഷത്തിന്റെ മാര്‍ച്ച്. 

സാമ്പത്തിക രംഗത്ത് മിന്നലാക്രമണമായി മാറിയ നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനമായ ഇന്ന് കരിദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്താനും കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്. ദില്ലിയില്‍  പാര്‍ലമെന്റ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിനെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു്. നോട്ട് നിരോധനം ദേശീയ ദുരന്തമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ മുഖചിത്രങ്ങള്‍ കറുത്ത നിറമാക്കി മാറ്റണമെന്നും മമത ആഹ്വാനവും ചെയ്തു. 

അതേസമയം നോട്ടുപരിഷ്‌കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന് മറുപടിയായി വന്‍ പ്രചാരണപരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ സംസ്ഥാനങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. 
കേന്ദ്ര മന്ത്രിമാര്‍ എം.പിമാര്‍ എന്നിവര്‍ പരിപാടികളില്‍ പങ്കെടുക്കും. കഴിഞ്ഞ നവംബര്‍ എട്ടിലേതുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുതിയ പ്രഖ്യാപനം നടത്തുമോ എന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്. 

അതിനിടെ നോട്ട് അസാധുവാക്കിയ ദിനം രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിനമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ പണരഹിത സമ്പദ് വ്യവസ്ഥയായിരുന്നു ലക്ഷ്യമിട്ടത്. നോട്ട് പരിഷ്‌കരണം വരും തലമുറയ്ക്ക് ഗുണം ചെയ്യും. സത്യസന്ധവും, നീതിപൂര്‍വവുമായി ജീവിക്കുന്നതിന് നോട്ട് നിരോധനം ഗുണമാകും. നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നും ജയ്റ്റ്‌ലി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com