'വിഷം പുറന്തള്ളുന്ന കൃഷിനിലങ്ങള്‍'; ഡല്‍ഹിയില്‍ പുകമഞ്ഞ് രൂപപ്പെടാന്‍ കാരണം അയല്‍ സംസ്ഥാനങ്ങള്‍ വിളകള്‍ കത്തിച്ചത്

മഞ്ഞ് കാലം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വര്‍ഷവും ഒക്‌റ്റോബറില്‍ ലക്ഷക്കണക്കിന് ടണ്ണിന്റെ വിളകളാണ് വടക്കേ ഇന്ത്യയില്‍ തീയിടുന്നത്
'വിഷം പുറന്തള്ളുന്ന കൃഷിനിലങ്ങള്‍'; ഡല്‍ഹിയില്‍ പുകമഞ്ഞ് രൂപപ്പെടാന്‍ കാരണം അയല്‍ സംസ്ഥാനങ്ങള്‍ വിളകള്‍ കത്തിച്ചത്

 ന്യൂഡല്‍ഹി: ഹഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ വിള കത്തിച്ചതാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വലിയ രീതിയില്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. വായുവിന്റെ നിലവാരം ഇടിഞ്ഞതോടെ ഡല്‍ഹിയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് പേരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. 

അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് കണക്കാക്കാനുള്ള എയര്‍ ക്വാളിറ്റി ലെവല്‍ ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. മലിനീകരണം വര്‍ധിച്ചതിനെത്തുടര്‍ന്നുണ്ടായ പുകമഞ്ഞ് നഗരത്തിന്റെ കാഴ്ച മറച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജീവിതം താറുമാറായി. മഞ്ഞ് കാലം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വര്‍ഷവും ഒക്‌റ്റോബറില്‍ ലക്ഷക്കണക്കിന് ടണ്ണിന്റെ വിളകളാണ് വടക്കേ ഇന്ത്യയില്‍ തീയിടുന്നത്. ശീതകാല വിളകളുടെ കൃഷിക്ക് നിലമൊരുക്കാനായി പഞ്ചാബിലും ഹരിയാനയിലും മാത്രം ഏകദേശം 35 മില്യണ്‍ ടണ്ണിന്റെ വിളകളാണ് കത്തിച്ച് കളയുന്നത്. 

നാസ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതിന് തൊട്ടുമുന്നുള്ള ദിവസങ്ങളില്‍ വലിയ രീതിയില്‍ വിളകള്‍ക്ക് തീവെച്ചിട്ടുണ്ട്. ഒക്‌റ്റോബര്‍ 27, 29, 31 എന്നീ ദിവസങ്ങളില്‍ ഇത് വര്‍ധിച്ചു. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വിള നശീകരണം നടത്തിയിരിക്കുന്നതെന്നും നാസയുടെ എടുത്ത ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 

വിള കത്തിച്ചതിനെത്തുടര്‍ന്നുണ്ടാകുന്ന പുക പഞ്ചാബില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ മൂന്ന് മുതല്‍ നാല് ദിവസം വരെ എടുക്കുമെന്ന് കാന്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറായ സച്ചിത നന്ദ് ത്രിപതി പറഞ്ഞു. വിള കത്തിച്ചതാണ് ഡല്‍ഹിയിലേയും മറ്റ് നഗരങ്ങളിലേയും മലിനീകരണ തോത് വര്‍ധിക്കാന്‍ കാരണമായതെന്ന് ത്രിപതിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 

വായു മലിനീകരണം രൂക്ഷമായത് അവിടത്തെ താമസക്കാരുടെ ആരോഗ്യത്തിന് വലിയ രീതിയില്‍ ദോഷകരമാകുമെന്നാണ് കണക്കാക്കുന്നത്. ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കാന്‍ ഇത് കാരണമാകും. വിളകള്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്നതിന് തെളിവാണ് നിലവിലെ ഡല്‍ഹിയിലെ അവസ്ഥ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com