'ബാഹുബലി'യുടെ 'വളര്‍ത്തച്ഛന്‍' പീഡനക്കേസില്‍ അറസ്റ്റില്‍

തെലുങ്കു സിനിമാ താരം വെങ്കട പ്രസാദിനെയാണ് ബെഞ്ചാര ഹില്‍സ് പൊലീസ് അറസ്റ്റുചെയ്തത്
'ബാഹുബലി'യുടെ 'വളര്‍ത്തച്ഛന്‍' പീഡനക്കേസില്‍ അറസ്റ്റില്‍

ഹൈദരാബാദ് : പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 'ബാഹുബലി'യുടെ വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. തെലുങ്കു സിനിമാ താരം വെങ്കട പ്രസാദിനെയാണ് ഹൈദരാബാദ് ബെഞ്ചാര ഹില്‍സ് പൊലീസ് അറസ്റ്റുചെയ്തത്. നടനും പ്രസാദ് ഐ മാക്‌സ് മള്‍ട്ടിപ്ലക്‌സ് മാനേജരുമായ വെങ്കട പ്രസാദ് തന്നെ പ്രണയം നടിച്ച് ഏഴു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. 

വെങ്കട പ്രസാദിന് കീഴില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. 33 കാരിയായ തന്നെ കഴിഞ്ഞ ഏഴു വര്‍ഷമായി വെങ്കട പ്രസാദ് ലൈംഗീകമായി പീഡിപ്പിച്ചു. ഇയാളില്‍ നിന്നും രണ്ടു തവണ ഗര്‍ഭണിയായി. എന്നാല്‍ രണ്ടുതവണയും നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇപ്പോള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പരാതിയില്‍ ബോധിപ്പിച്ചു. 

വെങ്കട പ്രസാദ് ഇപ്പോള്‍ മറ്റൊരു യുവതിയുമായി അടുപ്പത്തിലാണെന്നും യുവതി ആരോപിക്കുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് വെങ്കട പ്രസാദിനെ വഞ്ചന, പീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റുചെയ്തു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

എസ്എസ് രാജമൗലി ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ പ്രഭാസിന്റെ കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായി അഭിനയിച്ച താരമാണ് വെങ്കട പ്രസാദ്.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com