ടിപ്പുജയന്തിയില്‍ നിറഞ്ഞ് നിന്നത് ബിജെപി എംഎല്‍എമ്മാര്‍; വെട്ടിലായി നേതൃത്വം 

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ടിപ്പു ജയന്തി ആഘോഷങ്ങളില്‍ എംഎല്‍എമ്മാരും രണ്ടാംനിര നേതാക്കളും പങ്കെടുത്തത് ബിജെപിയെ വെട്ടിലാക്കി
ടിപ്പുജയന്തിയില്‍ നിറഞ്ഞ് നിന്നത് ബിജെപി എംഎല്‍എമ്മാര്‍; വെട്ടിലായി നേതൃത്വം 

ബംഗ്ലൂരു: പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ടിപ്പു ജയന്തി ആഘോഷങ്ങളില്‍ എംഎല്‍എമ്മാരും രണ്ടാംനിര നേതാക്കളും പങ്കെടുത്തത് ബിജെപിയെ വെട്ടിലാക്കി. ടിപ്പു ജയന്തി ആഘോഷങ്ങള്‍ സംസ്ഥാന ചെലവില്‍ നടത്തുന്നതിനെ എതിര്‍ക്കണമെന്നാണ് ബിജെപിയുടെ നിലപാട്. ഈ പ്രഖ്യാപിത നിലപാട് തളളി എംഎല്‍എമ്മാരും രണ്ടാം നിരനേതാക്കളും ആഘോഷങ്ങളില്‍ പങ്കെടുത്തത് ബിജെപിയെ പ്രതിരോധത്തിലാക്കി

മുന്‍ മന്ത്രിയും ബിജെപി എംഎല്‍എയുമായ അനന്ത് സിങ് ബല്ലാരിയില്‍ നടന്ന പരിപാടിയിലാണ് പങ്കെടുത്തത്. ഷഹാപൂര്‍ എംഎല്‍എയായ ഗുരുപട്ടീല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല, ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കാനും തയ്യാറായി.ഇത്തരം വിവാദങ്ങളില്‍ അകപ്പെടാന്‍ താന്‍ ഒരു രാഷ്ട്രീയക്കാരന്‍ അല്ലെന്നായിരുന്നു ഇതിനോടുളള അനന്ത്‌സിങിന്റെ പ്രതികരണം.  ഒരു മനുഷ്യന്‍ എന്ന നിലയില്‍ സമുദായ പരിഗണനയില്ലാതെ ജനങ്ങളുടെ സഹായത്തിനായി താന്‍ ഓടിയെത്തുമെന്നും അനന്ത് സിങ് പറഞ്ഞു. 

തന്റെ ചിത്രം ആഘോഷത്തിന്റെ ഭാഗമായുളള ഫഌക്‌സുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ബൊമ്മനഹളളി എംഎല്‍എ സതീഷ് റെഡ്ഡിയും വിവാദത്തിലായി. എന്നാല്‍ ഇത് ഇലക്ട്രോണിക് മീഡിയയുടെ വേലയാണെന്ന് ചൂണ്ടികാട്ടി പ്രശ്‌നത്തില്‍ നിന്നും തടിയൂരാനാണ് സതീഷ് റെഡ്ഡി ശ്രമിച്ചത്. കോണ്‍ഗ്രസിന് ഇതില്‍ പങ്കുളളതായും സതീഷ് റെഡ്ഡി ആരോപിച്ചു. പാര്‍ട്ടി നിലപാടില്‍ നിന്നും താന്‍ ഒരു കാരണവശാലും വ്യതിച്ചലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടി തീരുമാനം ലംഘിച്ചതിന്റെ പേരില്‍ അനന്ത് സിങിന് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ മുന്നറിയിപ്പ് നല്‍കി

ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്ക് തന്നെ കര്‍ണാടക സര്‍ക്കാര്‍ ക്ഷണിക്കരുതെന്ന് കര്‍ണാടകത്തില്‍ നിന്നുളള കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വിവാദങ്ങളുടെ തുടക്കം. കിരാതനായ കൊലയാളിയും മതഭ്രാന്തനുമായ ടിപ്പുസുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കരുതെന്നായിരുന്നു അനന്ത് കുമാറിന്റെ പ്രതികരണം. തുടര്‍ന്ന് ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം ആഘോഷത്തിന് എതിരെ രംഗത്തുവരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com