ബിജെപി ലൗ ജിഹാദ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പ്യാര്‍ ഇഷ്‌ക് മൊഹബത് സിന്ദാബാദ് എന്ന് പറയും: ജിഗ്നേഷ് മേവാനി

ജിഗ്‌നേഷ് തെറ്റാണ്, അല്‍പ്പേഷ് തെറ്റാണ്, ഹാര്‍ദിക് പട്ടേലും തെറ്റാണ്. എന്നാല്‍ ബിജെപിക്കെതിരെ തെരിവിലിറങ്ങിയ ആയിരക്കണക്കിനാളുകള്‍ തെറ്റാണെന്ന് അവര്‍ പറയുമോ 
ബിജെപി ലൗ ജിഹാദ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പ്യാര്‍ ഇഷ്‌ക് മൊഹബത് സിന്ദാബാദ് എന്ന് പറയും: ജിഗ്നേഷ് മേവാനി

ന്ത്യ 22ാം നൂറ്റാണ്ടിലേക്ക് പോകുന്നതിന് പകരം 17ാം നൂറ്റാണ്ടിലേക്ക് മടങ്ങിപ്പോകുകയാണെന്ന് ഗുജറാത്ത് ദലിത് പ്രക്ഷോഭ നേതാവ് ജിഗ്നേഷ് മേവാനി. രാമന്റെ ബാണത്തിന് ഐഎസ്ആര്‍ഒ മിസൈലുകളെക്കാള്‍ വേഗമുണ്ടെന്നും റൈറ്റ് സഹോദരങ്ങളുടെ കണ്ടെത്തലിനെ പുഷ്‌ക വിമാനവുമായി താരതമ്യം ചെയ്യുകയും ചെയ്യുന്ന ഗുജറാത്ത് മുഖ്യമന്ത്രിയെപ്പോലുള്ള ഭരണാധികാരികള്‍ ഉള്ളപ്പോള്‍ ഇന്ത്യ ഡിജിറ്റലാകുകയല്ല ചെയ്യുന്നതെന്നും കൂടുതല്‍ മാടമ്പി രാഷ്ട്രമായി മാറുകയാണ് ചെയ്യുന്നതെന്നും മേവാനി പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തില്‍ സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. 

നരേന്ദ്ര മോദിയോട് വ്യക്തിപരമായി ഒരു വിദ്വേഷവുമില്ലെന്നും ഭരണ പാര്‍ട്ടിയായ ബിജെപി ദലിതരോടും പാവപ്പെട്ടവരോടും നിരന്തരം ധാര്‍ഷ്ട്യം കാട്ടുമ്പോള്‍ എങ്ങനെ പ്രതികരിക്കാതിരിക്കുമെന്നും മേവാനി ചോദിക്കുന്നു. 

ഞാന്‍ ഒരു ദലിതനാണ്,അതുപോലെ യുവാവും. രണ്ട് ലക്ഷം തൊഴില്‍ സാധ്യതകള്‍ എല്ലാവര്‍ഷവും സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ്് വാഗ്ദാനം. എവിടെയാണ് ആ തൊഴില്‍ അവസരങ്ങള്‍? ഗുജറാത്തിലേയും ഇന്ത്യയിലേയും ജനങ്ങളെ പറ്റിക്കുകയാണ് മോദി ചെയ്തത്, മേവാനി പറയുന്നു. 

നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വേച്ഛാധിപത്യത്തെയാണ് എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത്. ബിജെപിയെ നിഷ്‌കാസനം ചെയ്യാനുള്ള സമയമാണിത്. ഉന അക്രമത്തിനിരയാവര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി അവര്‍ കൊടുത്തില്ല, പക്ഷേ കോര്‍പ്പറേറ്റുകള്‍ക്ക് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നല്‍കാന്‍ അവര്‍ക്ക് മടിയില്ല,മേവാനി പറയുന്നു. 

ഞങ്ങള്‍ ആവശ്യപ്പെടുന്നത് സാമൂഹ്യ നീതിയാണെന്നും ഗുജറാത്തിലെ 18000 ഗ്രാമങ്ങളില്‍ 12000വും ദലിത് ഗ്രാമങ്ങളാണെന്നും അതില്‍ ഒന്നിനെപ്പോലും തൊട്ടുകൂടായ്മയില്‍ നിന്ന് രക്ഷിക്കാന്‍ ബിജെപി സര്‍ക്കാരിനായില്ലെന്നും മേവാനി ചൂണ്ടിക്കാട്ടുന്നു. 

ബിജെപി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്തിലെ വികസനം നുണയാണെന്നും യത്ഥാര്‍ത്ഥത്തില്‍ ഒന്നും നടന്നിട്ടില്ലെന്നും തങ്ങളുടെ ജീവിതം മാറിയിട്ടില്ലെന്നും മേവാനി പറയുന്നു. 

ദലിതരും ഒബിസിയും പട്ടേലുകളും ഒരുമിച്ച് അണിനിരന്നപ്പോള്‍ ബിജെപി വിശേഷിപ്പിച്ചത് ഞങ്ങള്‍ കോണ്‍ഗ്രസ് ഏജന്റുമാരാണ് എന്നാണ്, അങ്ങനെ തന്നെ വിശേഷിപ്പിക്കട്ടെ. ജിഗ്‌നേഷ് തെറ്റാണ്, അല്‍പ്പേഷ് തെറ്റാണ്, ഹാര്‍ദിക് പട്ടേലും തെറ്റാണ്. എന്നാല്‍ ബിജെപിക്കെതിരെ തെരിവിലിറങ്ങിയ ആയിരക്കണക്കിനാളുകള്‍ തെറ്റാണെന്ന് അവര്‍ പറയുമോ? 60000ത്തിന് മുകളില്‍ എഫ്ഡിഐ ലഭിക്കുമെന്ന് അവര്‍ അവകാശപ്പെടുന്ന ഒരു സംസ്ഥാനത്തില്‍ അംഗനവാടി ജീവനക്കാര്‍ക്കും ആശാ വര്‍ക്കേഴ്‌സിനും മിനിമം വേദനം ലഭിക്കുന്നില്ല. ഗുജറാത്ത് തിളങ്ങുന്നതും ഒന്നാംസ്ഥാനത്തുമാണെങ്കില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് നാലായിരത്തിന് പകരം നല്‍പ്പത്തയ്യായ്യിരം നല്‍കൂ, ജിഗ്നേഷ് പറയുന്നു. 

ഒരുലക്ഷത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് ന്യയമായ ശമ്പളം ഗുജറാത്തില്‍ ലഭിക്കുന്നില്ല. ദേശഭക്തിയെക്കുറിച്ചാണ് ബിജെപിക്കാര്‍ സംസാരിക്കുന്നത്. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികന്‍ കിഷോര്‍ വാല്‍മിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞിട്ട് ഒരു ചില്ലി കാശ് പോലും കൊടുത്തില്ല. 30000 കോടി സബ്‌സിഡി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാം,പക്ഷേ സൈനികനില്ല,എന്നിട്ടവര്‍ അവരെ വിളിക്കുന്നത് രാജ്യസ്‌നേഹികള്‍ എന്നാണ്,ജിഗ്നേഷ് തുറന്നടിക്കുന്നു. ഇന്ന് ഞങ്ങള്‍ തെരിവിലാണ്, നാളെ ചിലപ്പോള്‍ പാര്‍ലമെന്റിലായിരിക്കുനെന്നും മേവാനി പറയുന്നു. 

ഗോമാതാവിന്റെയും ലൗ ജിഹാദിന്റെയും ഘര്‍ വാപസിയുടേയും പേരില്‍ ആര്‍ക്കും കൊല്ലാനുള്ള അധികാരമില്ല. ബിജെപി ലൗ ജിഹാദ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പ്യാര്‍ ഇഷ്‌ക് മൊഹബത് സിന്ദാബാദ് എന്ന് പറയും. ഞങ്ങള്‍ അംബേദ്കര്‍ ജയന്തിയും  പ്രണയദിനവും കൊണ്ടാടും,മേവാനി പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com