ഷോ കാണിച്ചതു മതി, ഭരണം നന്നാക്കിയില്ലെങ്കില്‍ വോട്ടര്‍മാര്‍ പണിതരും; മോദിയോട് ഇക്കണോമിസ്റ്റ്‌

സ്വന്തം പ്രതിച്ഛായയുടെ പ്രകടനപരതയില്‍ ഭരണം മറക്കുന്നതാണ് മോദിയെ പിന്നോട്ടടിക്കുന്നത്
ഷോ കാണിച്ചതു മതി, ഭരണം നന്നാക്കിയില്ലെങ്കില്‍ വോട്ടര്‍മാര്‍ പണിതരും; മോദിയോട് ഇക്കണോമിസ്റ്റ്‌

അപരാജിതന്‍ എന്ന നിലയിലായിരുന്നു മാര്‍ച്ചിലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മോദിയിലേക്ക് നീണ്ട വിലയിരുത്തലുകള്‍. എന്നാല്‍ ജിഎസ്ടിയും, നോട്ട് അസാധുവാക്കലും, രാഷ്ട്രീയ ലക്ഷ്യത്തിനായി ഭരണതലത്തില്‍ സ്വീകരിക്കുന്ന നയങ്ങളും മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും, അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചതായുമാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വാരിക ദി ഇക്കണോമിസ്റ്റ് പറയുന്നത്. 

2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയേക്കാം. എന്നാല്‍ മോദിയുടെ പ്രഭാവം മങ്ങുകയാണെന്ന് മുഖപ്രസംഗത്തില്‍ ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. പ്രഭാവം മങ്ങുന്നതില്‍ മോദിക്ക് തന്നെ മാത്രമേ പഴിക്കാന്‍ സാധിക്കുകയുള്ളു. സ്വന്തം പ്രതിച്ഛായയുടെ പ്രകടനപരതയില്‍ ഭരണം മറക്കുന്നതാണ് മോദിയെ പിന്നോട്ടടിക്കുന്നത്. 

അടുക്കും ചിട്ടയുമില്ലാതെ നടപ്പിലാക്കിയ ജിഡിപി സമ്പദ് വ്യവസ്ഥയുടെ നില മോശമാക്കി. വിജയാഘോഷത്തോടെ മോദി പറഞ്ഞത് ജിഎസ്ടി ലളിതവും മികവുറ്റതുമാണെന്നാണ്. എന്നാല്‍ ലളിതവും ഗുണകരവുമായ രീതിയില്‍ ജിഎസ്ടി എങ്ങിനെ നടപ്പിലാക്കണം എന്നത് സംബന്ധിച്ച സ്വന്തം ഉപദേഷ്ടാക്കളുടെ നിര്‍ദേശങ്ങള്‍ കൂടി കേള്‍ക്കാന്‍ മോദി തയ്യാറായില്ലെന്ന് ഇക്കണോമിസ്റ്റിന്റെ എഡിറ്റോറിയയില്‍ പറയുന്നു. 

മൂന്ന് തട്ടുകളിലായി ജിഎസ്ടി നിരക്കുകള്‍ പ്രഖ്യാപിക്കുന്നതിന് പകരം ആറ് തട്ടുകളാണ് മോദി തിരഞ്ഞെടുത്തത്. മുന്നൊരുക്കങ്ങളില്‍ വലിയ പ്രാധാന്യം നല്‍കാതെ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ വെച്ചായിരുന്നു ജിഎസ്ടി നടപ്പിലാക്കിയത്. ഗുജറാത്തിലെ കാക്രാസിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് മാറ്റിയതും ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടുന്നു. 

ജിഎസ്ടിയുടെ പ്രത്യാഘാതങ്ങളാണ് മോദിയിപ്പോള്‍ നേരിടുന്നത്. രാജ്യത്താകമാനമുള്ള വ്യാപാരികള്‍ ജിഎസ്ടിയുടെ സങ്കീര്‍ണത ചൂണ്ടിക്കാട്ടിയാണ് അലമുറയിടുന്നത്. എന്നാല്‍ വിമര്‍ശനങ്ങളോട് അസഹിഷ്ണുതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. വിമര്‍ശകരെ ശിക്ഷിക്കുന്ന നയം സര്‍ക്കാര്‍ പിന്തുടരുന്നു.

എതിര്‍ ശബ്ദം ഉയര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടമാകും. മാധ്യമപ്രവര്‍ത്തനം ഭീതിയിലാണ്. ബിജെപിയിലെ രണ്ടാമനായ അമിത് ഷായുടെ മകനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമത്തെ നിയമക്കുരുക്കില്‍ പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം.മോദിയെ അനുകരിക്കുന്ന തമാശക്കാര്‍ എങ്ങോട്ടെന്നില്ലാതെ മറഞ്ഞുപോവുകയാണ്. 

മീഡിയയെ ചങ്ങലയ്ക്കിടുന്ന നയം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതിലൂടെ മോദി സര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും വേണ്ടവിധം ചര്‍ച്ചകള്‍ക്കോ, സൂക്ഷ്മ നിരീക്ഷണങ്ങള്‍ക്കോ വിധേയമാകുന്നില്ലെന്നും ഇക്കണോമിസ്റ്റിന്റെ എഡിറ്റോറിയലില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com