പേരിനൊപ്പം 'ഗാന്ധി' ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എംപി ആകുമായിരുന്നില്ല; സ്വയം വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

പേരിനെ മാറ്റി നിര്‍ത്തി എല്ലാ പൗരനും തുല്യ പ്രാധാന്യം നല്‍കുന്ന ഇന്ത്യയെ ആണ് താന്‍ ആഗ്രഹിക്കുന്നതെന്നും വരുണ്‍ ഗാന്ധി
പേരിനൊപ്പം 'ഗാന്ധി' ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എംപി ആകുമായിരുന്നില്ല; സ്വയം വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

ഗാന്ധി കുടുംബത്തില്‍ നിന്നുമുള്ള വ്യക്തി അല്ലായിരുന്നു എങ്കില്‍ താന്‍ എംപി ആകുമായിരുന്നില്ലെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. ഫിറോസ് വരുണ്‍ ഗാന്ധിയാണ് ഞാന്‍. പേരിനൊപ്പം ഗാന്ധി ഇല്ലായിരുന്നു എങ്കില്‍ 29ാമത്തെ വയസില്‍ തനിക്ക് എംപിയാകാന്‍ സാധിക്കുമായിരുന്നുവോ എന്ന് വരുണ്‍ ഗാന്ധി ചോദിക്കുന്നു.

ഞാന്‍ വരുണ്‍ ദത്തയോ, വരുണ്‍ ഘോഷോ, വരുണ്‍ ഖാനോ ആയിരുന്നെങ്കില്‍, അത് ഒരു വേര്‍തിരിവും തീര്‍ക്കാത്ത ഇന്ത്യയയെ ആണ് താന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. പേരിനെ മാറ്റി നിര്‍ത്തി എല്ലാ പൗരനും തുല്യ പ്രാധാന്യം നല്‍കുന്ന ഇന്ത്യയെ ആണ് താന്‍ ആഗ്രഹിക്കുന്നതെന്നും വരുണ്‍ ഗാന്ധി പറയുന്നു. 

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് മാത്രമല്ല പ്രധാനം. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധി ജനങ്ങളുടെ താത്പര്യത്തിനൊത്ത്  പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവരെ പദവിയില്‍ നിന്നും പുറത്താക്കാനുള്ള അവകാശം കൂടി ജനങ്ങളിലേക്ക് എത്തണമെന്നും ഗുവാഹട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ വരുണ്‍ ഗാന്ധി പറഞ്ഞു. 

തെരഞ്ഞെടുക്കപ്പെട്ടതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, വോട്ട് ചെയ്ത ജനങ്ങളില്‍ 75 ശതമാനം പേര്‍ ആ ജനപ്രതിനിധിക്കെതിരെ നിലപാട് സ്വീകരിക്കുന്നു എങ്കില്‍ ആ എംപിയെ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് നിര്‍ദേശിക്കുന്ന ഭരണഘടനാ ഭേദഗതിക്കായി വരുണ്‍ ഗാന്ധി നേരത്തെ വാദിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി പ്രൈവറ്റ് മെമ്പര്‍ ബില്ലും വരുണ്‍ ഗാന്ധി ലോക് സഭയില്‍ അവതരിപ്പിച്ചിരുന്നു. 

ബ്രിട്ടനില്‍, ജനപ്രതിനിധിക്കെതിരെ വികാരം ഉയര്‍ന്നാല്‍ ഒരു പെറ്റീഷന്‍ വരികയും, ഒരു ലക്ഷത്തിലധികം പേര്‍ അതില്‍ ഒപ്പുവയ്ക്കുകയും ചെയ്താല്‍ ബ്രിട്ടന്‍ പാര്‍ലമെന്റ് ആ ജനപ്രതിനിധിയുടെ അംഗത്വം പുനഃപരിശോധിക്കുമെന്നും വരുണ്‍ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. ഇവിടെ ക്രിക്കറ്റ്, സിനിമ, ബിസിനസ് അങ്ങിനെ എന്തിലായാലും എല്ലാ വതിലുകളും സാധാരണക്കാരന് മുന്നില്‍ അടഞ്ഞു കിടക്കുകയാണെന്ന് ബിജെപി എംപി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com