ജയിലിലും ഗുര്‍മീത് ദൈവം തന്നെ; വെളിപ്പെടുത്തലുമായി സഹതടവകാരന്‍

ഗുര്‍മീത് ജയിലില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നാണ് ജയില്‍ അധികൃതരുടെ ഭാഷ്യം - ഞങ്ങളതു വിശ്വസിക്കുന്നില്ല - പ്രത്യേക സുഖസൗകര്യങ്ങള്‍ ലഭിക്കുന്നതായും ആരോപണം 
ജയിലിലും ഗുര്‍മീത് ദൈവം തന്നെ; വെളിപ്പെടുത്തലുമായി സഹതടവകാരന്‍

റോത്തക്:  മാനഭംഗക്കേസില്‍ കോടതി ശിക്ഷിച്ച് ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനു ജയിലില്‍ പ്രത്യേക പരിഗണന.ഗുര്‍മീതിനൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന രാഹുല്‍ ജെയ്ന്‍ ജാമ്യത്തില്‍ പുറത്തെത്തിയപ്പോഴാണു വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മറ്റു തടവുകാര്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ പരിഗണനയാണ് ജയിലില്‍ ആള്‍ദൈവത്തിന് ലഭിക്കുന്നത്. 

ജയിലിലുള്ള ഗുര്‍മീതിനെ മറ്റ് തടവുകാര്‍ ആരും ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിനടത്തേക്ക് മറ്റു  തടവുകാര്‍ക്ക് പ്രവേശനത്തിന് അനുവാദവുമില്ല.  ഗുര്‍മീതിനെ സെല്ലില്‍നിന്നു പുറത്തിറക്കുമ്പോള്‍ മറ്റു തടവുകാരെ സെല്ലിനുള്ളില്‍ പൂട്ടിയിടും. അദ്ദേഹത്തിന് നല്‍കുന്ന ഭക്ഷണവും തടവുകാര്‍ക്കൊപ്പമല്ല. ഇദ്ദേഹത്തിന് കുടിക്കാനായി നല്‍കുന്നത് പാലും ജ്യ്ൂസൂമാണെന്നെന്നും ജെയ്ന്‍ പറയുന്നു. 

ഗുര്‍മീത് എത്തിയതിന് പിന്നാലെയാണ് മറ്റുതടവുകാര്‍ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നേരത്തേ തടവുപുള്ളികള്‍ക്ക്  ജയില്‍വളപ്പില്‍ സ്വതന്ത്രമായി നടക്കാമായിരുന്നെന്നും നല്ല രീതിയിലുള്ള ഭക്ഷണവും ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഇതേ തുടര്‍ന്ന് സഹതടവുകാരന്‍ കോടതിയെ  സമീപിച്ചപ്പോഴാണ് ചെറിയ മാറ്റങ്ങള്‍ ഉണ്ടായത്. ഇതിനെതിരെ ജയിലില്‍ സമരം നടത്തിയിട്ടും സാഹചര്യങ്ങള്‍ മാറിയില്ലെന്നും അദ്ദേഹം പറയുന്നു. 

ഗുര്‍മീത് ജയിലില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നാണ് ജയില്‍ അധികൃതരുടെ ഭാഷ്യം. ഞങ്ങളതു വിശ്വസിക്കുന്നില്ല.കാരണം ഒരിക്കല്‍പ്പോലും ഗുര്‍മീത് ജോലി ചെയ്യുന്നതു ഒരു തടവുകാരും കണ്ടിട്ടില്ല. ഗുര്‍മീതിന് സന്ദര്‍ശകരുമായി മണിക്കൂറുകളോളം കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കുന്നു. ഗുര്‍മീതിനും ജയില്‍ അധികൃതര്‍ക്കും ഭക്ഷണവുമായി പ്രത്യേക വാഹനം എത്താറുണ്ടെന്നും രാഹുല്‍ ജെയ്ന്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷത്തെ തടവാണു ഗുര്‍മീതിന് കോടതി വിധിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com