മരുമകളുടെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളെ കൂട്ടത്തോടെ ഒഴിപ്പിച്ച് ബിജെപി മുഖ്യമന്ത്രി

മരുമകളുടെ പ്രസവത്തിനായി മുഖ്യമന്ത്രി രമണ്‍ സിങ് സര്‍ക്കാര്‍ ആശുപത്രി തെരഞ്ഞെടുത്തപ്പോള്‍, പെരുവഴിയിലായത് 1200 ഓളം രോഗികള്‍ 
മരുമകളുടെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളെ കൂട്ടത്തോടെ ഒഴിപ്പിച്ച് ബിജെപി മുഖ്യമന്ത്രി

റായ്പൂര്‍ : മരുമകളുടെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രി ബിജെപി മുഖ്യമന്ത്രി തെരഞ്ഞെടുത്തപ്പോള്‍ പെരുവഴിയിലായത് നിര്‍ധനരായ 1200 ഓളം രോഗികള്‍. ഛത്തീസ് ഗഡിലാണ് സംഭവം. മരുമകളായ ഐശ്വര്യ സിംഗിന്റെ പ്രസവത്തിനായി മുഖ്യമന്ത്രി രമണ്‍ സിംഗ് തെരഞ്ഞെടുത്തത് റായ്പൂരിലെ ഭീംറാവു അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയായിരുന്നു. 

എന്നാല്‍ വിഐപി ചികില്‍സയ്‌ക്കെത്തിയതോടെ ആശുപത്രിയിലുണ്ടായിരുന്ന സാദാരണക്കാരായ രോഗികള്‍ ദുരിതത്തിലായി. വിഐപിയുടെ സുരക്ഷയ്ക്കായി ആശുപത്രിയുടെ രണ്ടാം നില പൂര്‍ണമായി ഒഴിപ്പിച്ചു. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന 700 ബെഡ്ഡുകളിലായി ഉണ്ടായിരുന്ന 1200 ഓളം രോഗികളെയാണ് ഒഴിപ്പിച്ചത്. ഐശ്വര്യയ്ക്കായി പ്രത്യേക സജ്ജീകരണങ്ങളുള്ള റൂമും ഒരുക്കി. കൂടാതെ 50 ഓളം സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ക്കും വേണ്ടിയായിരുന്നു രണ്ടാം നിലയിലെ രോഗികളെ പൂര്‍ണമായി ഒഴിപ്പിച്ചത്. 

ഒഴിപ്പിച്ച രോഗികളെ ഒന്നാംനിലയിലേക്ക് മാറ്റിയതോടെ ഇവിടെ നില്‍ക്കാന്‍ പോലും ഇടമില്ലാതായി. നടക്കാനും ഇരിക്കാനും സാധിക്കാത്തവരും പൂര്‍ണ ഗര്‍ഭിണികളും അടക്കമുള്ളവര്‍ക്കാണ് മന്ത്രി ബന്ധു ചികില്‍സയ്‌ക്കെത്തിയതോടെ ഈ ദുര്‍ഗതി നേരിട്ടത്. പ്രസവിച്ചവരും പൂര്‍ണ ഗര്‍ഭിണഇകളും അടക്കം ഒരു ബെഡ്ഡില്‍ കിടക്കേണ്ട അവസ്ഥയായി. ശനിയാഴ്ച മുഖ്യമന്ത്രി രമണ്‍ സിംഗ് മരുമകളുടെ കുട്ടിയെ കാണാനെത്തിയതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. മുഖ്യമന്ത്രിയുടെ സുരക്ഷ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസുകാര്‍ കൂടിയെത്തിയതോടെ രോഗികള്‍ വീണ്ടും വലഞ്ഞു. 

വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിന്റെ നടപടി വന്‍ വിവാദമാകുകയായിരുന്നു. ജയിപ്പിച്ച ജനത്തോടു കാണിച്ച ക്രൂരതയെന്നാണ് കോണ്‍ഗ്രസ് നേതാവ് വികാസ് തിവാരി ആരോപിച്ചത്. അതേസമയം മരുമകളുടെ പ്രസവത്തിനായി മുഖ്യമന്ത്രി സര്‍ക്കാര്‍ ആശുപത്രി തെരഞ്ഞെടുത്തത് അഭിനന്ദനീയമായ പ്രവൃത്തിയാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വവും, സംസ്ഥാന ആരോഗ്യമന്ത്രി അജയ് ചന്ദ്രാകറും അഭിപ്രായപ്പെട്ടു. 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com