മായാതെ മോദി തരംഗം; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് മോദിയാണെന്ന് സര്‍വേ ഫലം

അധികാരത്തിലേറി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോദി പ്രഭാവത്തില്‍ കുറവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
മായാതെ മോദി തരംഗം; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് മോദിയാണെന്ന് സര്‍വേ ഫലം

മോദി തരംഗത്തിന്റെ ശക്തിയിലാണ് എന്‍ഡിഎ ഗവണ്‍മെന്റ് രാജ്യത്ത് അധികാരം പിടിച്ചത്. അധികാരത്തിലേറി മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോദി പ്രഭാവത്തില്‍ കുറവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമേരിക്കന്‍ സംഘടനയായ പ്യു റിസര്‍ച്ച് സെന്ററിന്റെ സര്‍വേയില്‍ കണ്ടെത്തി. മറ്റ് നേതാക്കളില്‍ നിന്ന് ബഹുദൂരം മുന്നിലാണ് മോദിയുടെ സ്ഥാനം.

88 ശതമാനം പേരാണ് മോദിയെ പിന്തുണക്കുന്നത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയേക്കാള്‍ (58 %) 30 പോയിന്റ് മുന്നിലാണ് പ്രധാനമന്ത്രി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയേക്കാള്‍ (57%) 31 ശതമാനവുംഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനേക്കാള്‍ (39%) 49 പോയിന്റുകള്‍ക്ക് മുന്നിലാണ് മോദി. ഈ വര്‍ഷം ഫെബ്രുവരി 21 നും മാര്‍ച്ച് 10 നും ഇടയില്‍ ഇന്ത്യയില്‍ നിന്നുള്ള 2,464 പേരെയാണ് സര്‍വേ നടത്തിയത്. 

മോദിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ജനങ്ങളില്‍ നിന്നുള്ളതെന്നും പ്യു പറഞ്ഞു. പത്തില്‍ എട്ട് പേരും സമ്പദ് വ്യവസ്ഥ നല്ലരീതിയിലാണെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥ വളരെ മെച്ചപ്പെട്ടതായാണ് 30 ശതമാനത്തിന്റെ അഭിപ്രായം. രാജ്യത്ത് നടക്കുന്ന കാര്യങ്ങളില്‍ പത്തില്‍ ഏഴ് പേരും സന്തുഷ്ടരാണ്. 

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേയും രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലുള്ള മഹാരാഷ്ട്ര ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പത്തില്‍ ഒന്‍പത് പേര്‍ക്കും പ്രധാനമന്ത്രിയെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്. അതുപോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളും മോദിയില്‍ സംതൃപ്തരാണ്. 

വടക്കേ ഇന്ത്യയിലെ മോദിയുടെ പ്രശസ്തിയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടില്ല. ദക്ഷിണേന്ത്യയിലേയും പശ്ചിമ ഭാഗത്തിലേയും ജനങ്ങള്‍ക്ക് മോദിയോടുള്ള താല്‍പ്പര്യത്തില്‍ വര്‍ധനവുണ്ടായി. എന്നാല്‍ കിഴക്കന്‍ മേഖലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ചെറിയ ഇടിവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com