'എന്റെ ഭാര്യക്ക് വോട്ടു ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അനുഭവിക്കും'; വോട്ട് നേടാന്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

'എന്റെ ഭാര്യക്ക് വോട്ടു ചെയ്തില്ലെങ്കില്‍ നിങ്ങള്‍ അനുഭവിക്കും'; വോട്ട് നേടാന്‍ മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

തന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത ദുരിതങ്ങള്‍ നേരിടേണ്ടതായി വരുമെന്നാണ് ബിജെപി കൗണ്‍സിലര്‍ രന്‍ജീത് കുമാര്‍ ശ്രിവാസ്തവ മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്

ലക്‌നൗ: ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങളെ കഷ്ടപ്പെടുത്തുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവാണ് ഭാര്യക്ക് വോട്ട് പിടിക്കാന്‍ ഭീഷണിയുമായി രംഗത്തെത്തിയത്. തന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജീവിതത്തില്‍ ഇതുവരെ അനുഭവിക്കാത്ത ദുരിതങ്ങള്‍ നേരിടേണ്ടതായി വരുമെന്നാണ് ബിജെപി കൗണ്‍സിലര്‍ രന്‍ജീത് കുമാര്‍ ശ്രിവാസ്തവ മുസ്ലീങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. 

കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ട് സംസ്ഥാന മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ശ്രിവാസ്തവയുടെ വിവാദ പ്രസംഗം. 

രന്‍ജീത് കുമാര്‍ ശ്രിവാസ്തവയുടെ ഭാര്യ ഷഷി ശ്രിവാസ്തവ പ്രാദേശിക തെരഞ്ഞെടുപ്പിലേക്കാണ്‌ മത്സരിക്കുന്നത്. ബരബന്‍കിയില്‍ ഈ മാസം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭാര്യയ്ക്ക് വേണ്ടി ഈ ആഴ്ച ആദ്യം നടത്തിയ പ്രചാരണത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ ഭീഷണി. 'ഇത് സമാജ്വാദി പാര്‍ട്ടിയുടെ ഗവണ്‍മെന്റല്ല. നിങ്ങളുടെ നേതാക്കള്‍ക്കൊന്നും നിങ്ങളെ രക്ഷിക്കാനാവില്ല. റോഡുകളും ജലവുമെല്ലാം പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലാണ് വരുന്നത്. സന്‍ജീത് സാഹിബിന്റെ ഭാര്യയ്ക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഇതുവരെ നിങ്ങള്‍ അനുഭവിക്കാത്ത പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്.'- ബിജെപി നേതാവ് പറഞ്ഞു. 

മുസ്ലീം മതസ്ഥരോട് കുറച്ചുകൂടി രൂക്ഷമായാണ് സന്‍ജീത് വോട്ട് ചോദിക്കുന്നത്. 'ഞങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ഞാന്‍ മുസ്ലീങ്ങളോട് പറയുന്നത്. ഒരിക്കലും വോട്ട് അഭ്യര്‍ത്ഥിക്കുകയല്ല. നിങ്ങള്‍ വോട്ട് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കും. അതല്ലെങ്കില്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടി വരിക എന്ന് നിങ്ങള്‍ അറിയും'- എന്നാണ് സന്‍ജീതിന്റെ ഭീഷണി. യോഗി ആദിത്യ നാഥ് മന്ത്രിസഭയിലുള്ള ധറ സിംഗ് ചൗഹാന്‍, രാമപതി ശാസ്ത്രി എന്നിവരുടെ മുന്നില്‍ വെച്ചാണ് ഭീഷണി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com