യുപിഎ സര്‍ക്കാര്‍ സേനയെ പിന്നോട്ടടിപ്പിച്ചു, റാഫേല്‍ കരാറില്‍ കോണ്‍ഗ്രസിനെ തളളി കേന്ദ്രം

പ്രതിരോധ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം പിന്നോട്ടടിപ്പിച്ചു
യുപിഎ സര്‍ക്കാര്‍ സേനയെ പിന്നോട്ടടിപ്പിച്ചു, റാഫേല്‍ കരാറില്‍ കോണ്‍ഗ്രസിനെ തളളി കേന്ദ്രം

ന്യൂഡല്‍ഹി : റാഫേല്‍ യുദ്ധവിമാനകരാറില്‍ ക്രമക്കേട് നടന്നതായുളള കോണ്‍ഗ്രസ് ആരോപണങ്ങളെ തളളി കേന്ദ്രം.  സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള കരാര്‍ ഉറപ്പിച്ചത് എന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. പ്രതിരോധ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പത്ത് വര്‍ഷം പിന്നോട്ടടിപ്പിച്ചു. സേനയെ യുദ്ധസജ്ജമാക്കാന്‍ വേണ്ട  താല്പര്യം കാണിക്കാതിരുന്ന കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. വ്യോമസേനയുടെ ആവശ്യം കണ്ടറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അതിവേഗമാണ് മുന്നേറുന്നതെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അനില്‍ അംബാനിയെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് നിര്‍മ്മല സീതാരാമന്‍ സര്‍ക്കാര്‍ ഭാഗം ന്യായീകരിച്ചത്.

കൂടിയ വിലയ്ക്ക് യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 36 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രം 60000 കോടി രൂപ ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ധാരണയില്‍ എത്തിയത്. അന്ന് നിശ്ചയിച്ചിരുന്ന വിലയേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോള്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഇതെല്ലാം നിഷേധിച്ച നിര്‍മ്മല സീതാരാമന്‍ സുരക്ഷാകാര്യങ്ങള്‍ക്കുളള മന്ത്രിതല സമിതിയുടെ അംഗീകാരത്തോടെയാണ് കരാറില്‍ ഒപ്പുവെച്ചത് എന്ന് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com