ഹൈന്ദവവികാരം വ്രണപ്പെടുത്തി, നൈസാമിനെ പ്രകീര്‍ത്തിച്ച തെലുങ്കാന മുഖ്യമന്ത്രിക്ക് എതിരെ ബിജെപി 

ഹൈദരാബാദ് നൈസാമിനെ പ്രകീര്‍ത്തിച്ച തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് എതിരെ ബിജെപിനേതാവിന്റെ പരാതി
ഹൈന്ദവവികാരം വ്രണപ്പെടുത്തി, നൈസാമിനെ പ്രകീര്‍ത്തിച്ച തെലുങ്കാന മുഖ്യമന്ത്രിക്ക് എതിരെ ബിജെപി 

ഹൈദരാബാദ്: ഹൈദരാബാദ് നൈസാമിനെ പ്രകീര്‍ത്തിച്ച തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് എതിരെ ബിജെപിനേതാവിന്റെ പരാതി. ഹൈദരാബാദിന്റെ അവസാന നൈസാമായ മീര്‍ ഉസ്മാന്‍ അലി ഖാനെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രിയുടെ നടപടി ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഭാരതീയ ജനത യുവ മോര്‍ച്ച നേതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഹൈദരാബാദിന്റെ ചരിത്രം വളച്ചൊടിച്ച ചന്ദ്രശേഖര്‍ റാവു മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന നടപടിയാണ് ഇതുവഴി സ്വീകരിച്ചതെന്ന് ഭാരതീയ ജനത യുവ മോര്‍ച്ച ഹൈദരാബാദ് യൂണിറ്റ് വൈസ് പ്രസിഡന്റ് സിന്‍ഹപുരം ഭാരത് രാജ് ആരോപിച്ചു. തെലുങ്കാന രാഷ്ട്രീയ സമിതിയുമായി സഖ്യത്തിന് തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ച മജ്‌ലീസ്- ഇ- ഇത്തഹാദുല്‍ മുസ്ലീമീനെ പിന്തുണയ്ക്കുന്ന നടപടിയാണ് ഇതിലുടെ വെളിവായത് എന്നും ഭാരത് രാജ് ചൂണ്ടിക്കാട്ടി.

നൈസാമിന്റെ കിരാത ഭരണത്തില്‍ ആയിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ ഏറ്റവുമധികം നഷ്ടം ഉണ്ടായത് നൈസാമിന് എതിരെ യുദ്ധം ചെയ്ത ഹിന്ദുക്കള്‍ക്കാണ്. നൈസാമിന്റെ സ്വകാര്യസേന ഹിന്ദുക്കളെ ക്രൂരമായി പീഡിപ്പിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഭാരത് രാജ് ആരോപിച്ചു.

മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാര്‍ വില്ലനായി ചിത്രീകരിച്ചിരുന്ന നൈസാം മഹാമനസ്‌ക്കനായിരുന്ന ഭരണാധികാരി ആയിരുന്നു എന്ന നിലയിലുളള ചന്ദ്രശേഖര്‍ റാവുവിന്റെ പ്രസ്താവനയാണ് ബിജെപി ആയുധമാക്കിയത്.തെലുങ്കാനയില്‍ ക്ഷേമ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ച നൈസാം 1962ലെ ചൈന യുദ്ധത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ആറുടണ്‍ സ്വര്‍ണം സംഭാവന ചെയ്തു എന്നിങ്ങനെയായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ പ്രസ്താവന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com