മലേറിയ ഇല്ലാതാക്കാന്‍ ഇന്ത്യ പരീക്ഷണ കളരിയാകുമോ?  

ഇന്ത്യയുടെ ടാറ്റാ ട്രസ്റ്റില്‍ നിന്നും അനുവദിച്ചുകിട്ടിയ 460കോടി രൂപ ഉപയോഗപ്പെടുത്തിയാണ്‌  മലേറിയ വ്യാപകമായി കണ്ടുവരുന്ന ഇന്ത്യയെ പരീക്ഷണ ഇടമാക്കാന്‍ യുഎസ് ടീം പദ്ധതിയിടുന്നത്. 
മലേറിയ ഇല്ലാതാക്കാന്‍ ഇന്ത്യ പരീക്ഷണ കളരിയാകുമോ?  

മലേറിയ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണ കളരിയായി ഇന്ത്യ മാറാന്‍ സാധ്യത. റെഗുലേറ്റേഴ്‌സ് അംഗീകരിച്ചാല്‍ രാജ്യത്തുനിന്ന് മലേറിയയെ തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന യുഎസ് സംഘത്തിന്റെ പരീക്ഷണം ഇന്ത്യയില്‍ പരീക്ഷിക്കും. 

അനോഫിലസ് വിഭാത്തില്‍പെടുന്ന പെണ്‍ കൊതുകുകളാണ് മലേറിയ പരത്തുന്നത്. ജീന്‍-എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അനോഫിലിസ് സ്റ്റെഫന്‍സി കൊതുകുകളില്‍ ജനിതക മാറ്റം വരുത്തികൊണ്ട് മനുഷ്യരിലേക്ക് മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം ഫാല്‍സിപാറം എന്ന പാരസൈറ്റിനെ നിയന്ത്രിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. ഇത്തരത്തില്‍ ജനിതക മാറ്റം വരുത്തിയ കൊതുകുകളില്‍ മലേറിയയുടെ പ്രസരണം തടയുന്ന ജീന്‍ അവയുടെ കുഞ്ഞുങ്ങളിലേക്കും കടക്കും. അങ്ങനെ തലമുറകള്‍ പിന്നിട്ട് എല്ലാ അനോഫിലിസ് സ്റ്റെഫന്‍സി കൊതുകുകളും മലേറിയ പടര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തും. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. 

എന്നാല്‍ ഗവേഷണശാലയില്‍ വിജയിച്ച സാങ്കേതികവിദ്യ യഥാര്‍ത്ഥത്തില്‍ എങ്ങനെയായിത്തീരും എന്നത് ചോദ്യം തന്നെയാണ്. ഇന്ത്യയുടെ ടാറ്റാ ട്രസ്റ്റില്‍ നിന്നും അനുവദിച്ചുകിട്ടിയ 460കോടി രൂപ ഉപയോഗപ്പെടുത്തി ഇതിനുള്ള ഉത്തരം കണ്ടുപിടിക്കാനാണ് മലേറിയ വ്യാപകമായി കണ്ടുവരുന്ന ഇന്ത്യയെ പരീക്ഷണ ഇടമാക്കാന്‍ യുഎസ് ടീം പദ്ധതിയിടുന്നത്. 

ജീന്‍-ഡ്രൈവ് സാങ്കേതികവിദ്യ ഇതുവരെ എങ്ങും പരീക്ഷിച്ചിട്ടില്ല. ഇന്ത്യയില്‍ പരീക്ഷണം അനുവദിക്കപ്പെട്ടാല്‍ അത് ലോകത്തെ ആദ്യ പരീക്ഷണമാകും. എന്നാല്‍ പുതുച്ചേരിയിലെ വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്ററിലെ മുന്‍ മേധാവി പി കെ രാജഗോപാല്‍ അടക്കമുള്ള ഗവേഷകര്‍ ഈ പരീക്ഷണം ഒരിക്കലും അനുവദിക്കരുതെന്ന അഭിപ്രായക്കാരാണ്. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ മുന്‍ ഡയറക്ടര്‍മാരായ ആര്‍ എസ് ശര്‍മയും എ സി ധരിവാളും ഈ പരീക്ഷണത്തെ എതിര്‍ത്തു. പകര്‍ച്ചവ്യാദികളുടെ ജീവശാസ്ത്രം അറിയാതെയാണ് ഇപ്പോള്‍ എല്ലാവരും ഈ പരീക്ഷേത്തിനായി യത്‌നിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. 

എന്നാല്‍ ഈ പരീക്ഷണത്തെ പിന്തുണച്ചുകൊണ്ടു ഇന്ത്യന്‍ ഗവേഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. പൂനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എഞ്ചിനിയറിംഗ് ആന്‍ഡ് റിസേര്‍ച്ച് ബയോളജി പ്രൊഫസര്‍ എല്‍ എസ് ശശിധര ഈ പരീക്ഷണം കൈവിട്ടുകളയരുതെന്ന അഭിപ്രായക്കാരനാണ്. പൊതുവായ തീരുമാനം കൈകൊണ്ടിട്ടില്ലെങ്കിലും തല്‍പരരല്ലാത്ത ആളുകളിലേക്ക് ഈ സാങ്കേതികവിദ്യ പരീക്ഷിക്കില്ലെന്ന് യുഎസ് സംഘം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com