ആധാര്‍ വഴി ലാഭിച്ചത് 60000 കോടി രൂപയെന്ന് മോദിസര്‍ക്കാര്‍; നേട്ടം വിശദീകരിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്നതുവഴിയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതെന്നും സുപ്രീംകോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ആധാര്‍ വഴി ലാഭിച്ചത് 60000 കോടി രൂപയെന്ന് മോദിസര്‍ക്കാര്‍; നേട്ടം വിശദീകരിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി : ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതുവഴി 60000 കോടി രൂപയുടെ ലാഭം ഖജനാവിന് ഉണ്ടായതായി കേന്ദ്രസര്‍ക്കാര്‍. അനര്‍ഹരെ കണ്ടെത്താന്‍ സാധിച്ചതുവഴി കഴിഞ്ഞ മൂന്നുവര്‍ഷകാലയളവിലാണ് ഇത്രയുമധികം രൂപയുടെ നേട്ടം ഉണ്ടായതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു. ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്നതുവഴിയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതെന്നും സുപ്രീംകോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ അനുകൂല സാഹചര്യം ആധാര്‍ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണോ എന്ന വിഷയം സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ പ്രയോജനപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആധാര്‍ വഴി ലഭിക്കുന്ന ബയോമെട്രിക്ക് രേഖകള്‍ ബാങ്കിങ് ഇടപാടുകള്‍, മൊബൈല്‍ കണക്ഷന്‍, തുടങ്ങി വിവിധ സേവനങ്ങള്‍ക്ക് ലഭ്യമാക്കുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നാണ് ആധാനിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികളില്‍ പറയുന്നത്. എന്നാല്‍ ആധാര്‍ ലിങ്ക് ചെയ്ത് കൊണ്ട് രാജ്യത്ത് 12.4 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു.

വിവിധ സര്‍ക്കാര്‍ സബ്‌സിഡികള്‍ അര്‍ഹരില്‍ മാത്രം വന്നുചേരുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആധാര്‍ വഴി സാധിക്കുന്നുണ്ട്. ഇതുവഴി ചോര്‍ച്ച മുഖേനയുളള കോടികളുടെ നഷ്ടം ഒഴിവാക്കാന്‍ സാധിച്ചതായും കേന്ദ്രസര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. എല്‍പിജി സിലിണ്ടറുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതുവഴി 55000 വ്യാജ കണക്ഷനുകള്‍ റദ്ദാക്കാന്‍ പൊതുമേഖ എണ്ണ കമ്പനികള്‍ക്ക് സാധിച്ചു. ഇതുവഴി മാത്രം 35 കോടി രൂപയാണ് ലാഭിച്ചത്. 

ആഗസ്റ്റ് 24ലെ ചരിത്രപരമായ വിധിയില്‍ സ്വകാര്യത മൗലികവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എങ്കിലും ഇത് നിരുപാധികമല്ലെന്നും ചില നിയന്ത്രണങ്ങള്‍ക്ക് വിേേധയമാണെന്നും കോടതി വിധിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആധാര്‍ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിന് മുന്‍പാകെ തങ്ങളുടെ വാദങ്ങള്‍ സാധൂകരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com