സിപിഎം-സിപിഐ തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ടതില്ലെന്ന് പ്രകാശ് കാരാട്ട്

സംസ്ഥാന തലത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോടിയേരി സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും കാരാട്ട്
സിപിഎം-സിപിഐ തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ടതില്ലെന്ന് പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി : തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. സംസ്ഥാന തലത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് അറിയിച്ചു. 

തോമസ് ചാണ്ടിയുടെ രാജി സിപിഐ നേതാക്കള്‍ക്ക് രാത്രി തന്നെ ഉറപ്പു നല്‍കിയതാണ്. എന്നിട്ടും മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത്, തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് എടുക്കാനാണ്. കയ്യടി തങ്ങള്‍ക്കും, വിമര്‍ശനം മറ്റേ കൂട്ടര്‍ക്കും എന്ന നിലപാടാണത്. സിപിഐയുടെ നടപടി മുന്നണി മര്യാദയുടെ ലംഘനമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. 

അതേസമയം സിപിഎം-സിപിഐ തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. കോടിയേരി അടുത്ത സുഹൃത്താണ്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിരുന്നു. മന്ത്രിസഭയില്‍ നിന്നും മാറി നിന്നത് മുന്നണിയില്‍ വിള്ളലുണ്ടാക്കില്ല. എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല. രണ്ടുപാര്‍ട്ടികളായതിനാല്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുക സ്വാഭാവികം. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com