ഡ്യൂട്ടി സമയത്ത് പൊലീസ് സ്റ്റേഷനെ ഡാന്‍സ് സ്‌റ്റേജാക്കി കല്യാണ ആഘോഷം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഡ്യൂട്ടി കളഞ്ഞ് ഹിന്ദി ഗാനത്തിന്റെ വരികള്‍ക്ക് ചുവടുവെക്കുന്ന പൊലീസുകാരുടെ വീഡിയോ പുറത്തുവന്നതോടെ കളി കാര്യമായി
ഡ്യൂട്ടി സമയത്ത് പൊലീസ് സ്റ്റേഷനെ ഡാന്‍സ് സ്‌റ്റേജാക്കി കല്യാണ ആഘോഷം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍: ഡ്യൂട്ടി സമയത്തെ ആനന്ദകരമാക്കാന്‍ പൊലീസ് സ്‌റ്റേഷനെ ഡാന്‍സ് സ്‌റ്റേജാക്കി പൊലീസ് ഉദ്യോഗസ്ഥര്‍. മധ്യപ്രദേശിലെ വിഡിഷ ജില്ലയിലെ ദിപ്‌നകേത പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് നിറങ്ങളിലുള്ള ലൈറ്റുകളും അടിപൊളി ഡിജെ സംഗീതവും വെച്ച് ഡാന്‍സ് കളിച്ചത്. സ്റ്റേഷനിലെ പ്രധാന കവാടത്തിനു മുന്നിലായിരുന്നു ആഘോഷം. ഡ്യൂട്ടി കളഞ്ഞ് ഹിന്ദി ഗാനത്തിന്റെ വരികള്‍ക്ക് ചുവടുവെക്കുന്ന പൊലീസുകാരുടെ വീഡിയോ പുറത്തുവന്നതോടെ കളി കാര്യമായി. സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്നു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. 

പൊലീസ് കോണ്‍സ്റ്റബിളിന്റെ വിവാഹനിശ്ചയത്തിന്റെ ആഘോഷമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള യോഗേന്ദ്ര പര്‍മറിന്റെ സ്ഥലം മാറ്റം നീട്ടിവെച്ചതിന്റെ സന്തോഷത്തിലാണ് ആഘോഷം നടന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് എന്‍ക്വയറിയുടെ ഭാഗമായി രണ്ട് ദിവസം മുന്‍പ് ഗന്‍ജ് ബസോദ പൊലീസ് സ്റ്റേഷനിലേക്കുള്ള പര്‍മയുടെ സ്ഥലം മാറ്റം നീട്ടിവെച്ചിരുന്നു. 

പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന ഡാന്‍സ് പാര്‍ട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ഇതില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരേ നടപടിയെടുത്തു. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള യൊഗേന്ദ്ര പര്‍മയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മൂന്ന് ഡെഡ്‌കോണ്‍സ്റ്റബിള്‍മാരേയും ഒരു കോണ്‍സ്റ്റബിളിനേയും ദിപനകേത പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറ്റിയെന്നും വിധിത ജില്ലയിലെ പൊലീസ് സൂപ്രണ്ട് വിനീത് കപൂര്‍ വ്യക്തമാക്കി. 

പൊലീസ് സ്റ്റേഷനിലുള്ള ഒരു കോണ്‍സ്റ്റബിളിന്റെ വിവാഹ നിശ്ചയത്തിന്റെ ഭാഗമായി ഗ്രാമവാസികളാണ് പാര്‍ട്ടി നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസിലാക്കിയതെന്ന്് കപൂര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തിലുള്ള അച്ചടക്കമില്ലാത്ത നടപടികള്‍ പൊലീസിന്റെ പേര് ചീത്തയാക്കുമെന്നും അതിനാലാണ് ഉടനടി നടപടിയുണ്ടായതെന്നും ആദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com