മോദി എതിരാളികളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രി: സോണിയ

രു തയാറെടുപ്പുമില്ലാതെ നടപ്പാക്കുന്ന ജിഎസ്ടിയുടെ ഉദ്ഘാടനം അര്‍ധരാത്രി പാര്‍ലമെന്റ് കൂടി ആഘോഷിച്ച പ്രധാനമന്ത്രിക്ക് ഇപ്പോള്‍ പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതായിരിക്കുന്നു
മോദി എതിരാളികളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രി: സോണിയ

ന്യൂഡല്‍ഹി: എതിരാളികളെ നേരിടാന്‍ ധൈര്യമില്ലാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അട്ടിമറിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.

മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ സമീപനം ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പായി ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് അടച്ചിട്ടാല്‍ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ ഒളിച്ചോടാമെന്നാണ് കരുതുന്നതെങ്കില്‍ സര്‍ക്കാരിനു തെറ്റുപറ്റി. ഒരു തയാറെടുപ്പുമില്ലാതെ നടപ്പാക്കുന്ന ജിഎസ്ടിയുടെ ഉദ്ഘാടനം അര്‍ധരാത്രി പാര്‍ലമെന്റ് കൂടി ആഘോഷിച്ച പ്രധാനമന്ത്രിക്ക് ഇപ്പോള്‍ പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതായിരിക്കുന്നു.- സോണിയ പറഞ്ഞു.

ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാണ് പാര്‍ലമെന്റ്. ഉന്നതങ്ങളിലെ അഴിമതി, മന്ത്രിമാരുടെ താത്പര്യ സംഘര്‍ഷങ്ങള്‍, പ്രതിരോധ ഇടപാടുകളിലെ ദുരൂഹതകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്. ഇവയ്‌ക്കെല്ലാം സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും. ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ഇത് ഒഴിവാക്കാനാണ് സര്‍ക്കാര്‍ പാര്‍ലമെന്റ് ചേരാന്‍ മടിക്കുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. 

തൊഴിലില്ലായ്മ, പണപ്പെരുപ്പം, കയറ്റുമതിയിലെ ഇടിവ്, ജിഎസ്ടി  തുടങ്ങിയവയെല്ലാം കോടിക്കണക്കിനു മനുഷ്യരെ ദുരിതത്തിലാക്കിയിരിക്കുന്നു. നോട്ടുനിരോധനത്തിലൂടെ ദുരിതത്തിലായ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും ദിവസക്കൂലിക്കാരുടെയും മുറിവുകളില്‍ ഉപ്പുപുരട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചെലവില്‍ കുറച്ചുപേര്‍ക്കു സമ്പത്ത് വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നതില്‍ ഒരു കുറവും വരുത്തുന്നില്ല, പ്രധാനമന്ത്രി. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വാഗ് വിലാസങ്ങള്‍. ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും ഉള്‍പ്പെടെയുള്ള മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകളെ മറച്ചുവച്ച് ചരിത്രത്തെ വളച്ചൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും സോണിയ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com