മോദിയെ വീണ്ടും ചായക്കടക്കാരനാക്കി  യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധവുമായി ബിജെപി 

വിവാദ പോസ്റ്റില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകങ്ങള്‍ മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമാണെന്ന് ബിജെപി ചൂണ്ടികാട്ടി . 
മോദിയെ വീണ്ടും ചായക്കടക്കാരനാക്കി  യൂത്ത് കോണ്‍ഗ്രസ്; പ്രതിഷേധവുമായി ബിജെപി 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും ചായവില്‍പ്പനക്കാരനായി ചീത്രീകരിച്ച് പരിഹസിച്ച കോണ്‍ഗ്രസ് വിവാദക്കുരുക്കില്‍.  ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ മോദിയെ യൂത്ത് കോണ്‍ഗ്രസ് തൊഴില്‍പരമായി അധിക്ഷേപിച്ചത് ജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്ന ഭീതിയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പോസ്റ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മോദിയ്ക്ക് ഒപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രീട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയും നില്‍ക്കുന്ന ട്വിറ്റര്‍ പോസ്റ്റ് ആണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പോസ്റ്റില്‍ ആലേഖനം ചെയ്തിരിക്കുന്ന വാചകങ്ങള്‍ മോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതും അധിക്ഷേപിക്കുന്നതുമാണെന്ന് ബിജെപി ചൂണ്ടികാട്ടി . എന്നാല്‍ പോസ്റ്റില്‍ നിന്നും അകലം പാലിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് പോസ്റ്റ് പിന്‍വലിച്ചു.

ഇന്റര്‍നെറ്റിലുടെ പ്രചരിക്കുന്ന തമാശകളെ പ്രതിപാദിക്കുന്ന പേരായ മെം(meme) എന്ന വാക്ക് തെറ്റായി ഉച്ചരിക്കുന്ന മോദിയെ ഡൊണാള്‍ഡ് ട്രംപ് തിരുത്തുന്നതും, ഇതിന് തെരേസാ മേ നല്‍കുന്ന പ്രതികരണവുമാണ് പോസ്റ്റിന്റെ ഉളളടക്കം. ചായവില്‍പ്പനയില്‍ തന്നെ ശ്രദ്ധിക്കാന്‍ മോദിയോട് തെരേസാ മേ ഉപദേശിക്കുന്ന നിലയിലുളള വാചകമാണ് കോണ്‍ഗ്രസിന് വിനയായിരിക്കുന്നത്. മോദിയെ വ്യക്തിഹത്യ ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റ് , കോണ്‍ഗ്രസിന്റെ വരേണ്യബോധം വെളിവാക്കുന്നതാണെന്ന് ബിജെപി ആരോപിച്ചു. 


മോദിയെ വീണ്ടും ചായ വില്‍പ്പനക്കാരനായി ചിത്രീകരിച്ച കോണ്‍ഗ്രസിന്റെ നടപടിയ്ക്ക് ജനങ്ങള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിലുടെ മറുപടി പറയുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളെ യൂത്ത് കോണ്‍ഗ്രസ് അപഹസിച്ചതില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു. അതേസമയം  ഇത്തരം നടപടികളെ പാര്‍ട്ടി ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല സംഭവത്തെ അപലപിച്ചു. 

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മോദിയെ ചായവില്‍പ്പനക്കാരനായി ചിത്രീകരിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ മോദിയ്ക്ക് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ സാധിക്കില്ലെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. മണിശങ്കര്‍ അയ്യറുടെ അധിക്ഷേപ പരാമര്‍ശം തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ആയുധമാക്കിയ ബിജെപി വലിയ മാര്‍ജിനിലാണ് ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ താന്‍ ചെറുപ്പത്തില്‍ ചായ വിറ്റാണ് കുടുംബം പുലര്‍ത്തിയിരുന്നത് എന്ന് അഭിമാനത്തോടെ പറഞ്ഞ മോദി ജനങ്ങളുടെ കൈയടി നേടുകയും ചെയ്തു.  ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ വീണ്ടും സമാനമായ വാക്കുകള്‍ പ്രയോഗിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നത് കോണ്‍ഗ്രസിന് തലവേദനയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com