സൊഹ്‌റാബുദ്ധീന്‍ കേസ്; അമിത് ഷായെ കുറ്റവിമുക്തനാക്കാന്‍ 100 കോടി വാഗ്ദാനം ചെയ്തതായി മരിച്ച ജഡ്ജിയുടെ കുടുംബം

2014 നവംബര്‍ 31നും  നവംബര്‍ ഒന്നിനും മധ്യേ, നാഗ്പൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ലോയയുടെ  മരണം
സൊഹ്‌റാബുദ്ധീന്‍ കേസ്; അമിത് ഷായെ കുറ്റവിമുക്തനാക്കാന്‍ 100 കോടി വാഗ്ദാനം ചെയ്തതായി മരിച്ച ജഡ്ജിയുടെ കുടുംബം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രധാന കുറ്റാരോപിതനായ സൊഹാറാബുദ്ദീന്‍ കേസ് പരിഗണിച്ചിരുന്ന പ്രത്യേക സിബിഐ കോടതിയിലെ ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരി. അമിത് ഷായ്ക്ക് അനുകൂല വിധി ലഭിക്കുന്നതിനായി ആ സമയം ചീഫ് ജസ്റ്റിസായിരുന്ന മോഹിത് ഷാ ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന ലോയയുടെ സഹോദരിയുടെ വെളിപ്പെടുത്തലാണ് ദി കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2014 നവംബര്‍ 31നും  നവംബര്‍ ഒന്നിനും മധ്യേ, നാഗ്പൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ലോയയുടെ  മരണം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ലോയയുടെ മരണവുമായി ബന്ധപ്പെട്ട് 2016 നവംബറിനും 2017 നവംബറിനും ഇടയില്‍ നടത്തിയ അന്വേഷണത്തില്‍ ദൂരൂഹമായ പല കാര്യങ്ങളും തനിക്ക് ബോധ്യപ്പെട്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത നിരജ്ഞന്‍ താക്ലെ പറയുന്നു. 

കുടുംബത്തിന് കൈമാറുന്ന സമയത്തെ ലോയയുടെ മൃതദേഹത്തിന്റെ അവസ്ഥയും ദുരൂഹത വര്‍ധിപ്പിച്ചിരുന്നതായി നിരജ്ഞന്‍ പറയുന്നു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ താന്‍ അദ്ദേഹത്തിന്റെ സഹോദരിയേയും കണ്ടിരുന്നു. അവരില്‍ നിന്നുമാണ്‌, അനുകൂല വിധി ലഭിക്കുന്നതിന് മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്ന മോഹിത് ഷാ ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു എന്ന വിവരം തനിക്ക് ലഭിക്കുന്നതെന്ന് നിരജ്ഞന്‍ പറയുന്നു.  

ലോയ മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് പണം വാഗ്ദാനം ചെയ്ത കാര്യം തന്നോട് പറയുന്നത്. ദിവാലി ആഘോഷങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ ഒത്തുകൂടിയപ്പോഴായിരുന്നു ഇത്. ലോയയുടെ പിതാവും പണം വാഗ്ദാനം ചെയ്യപ്പെട്ട കാര്യം പറഞ്ഞിരുന്നതായി  നിരജ്ഞന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ലോയ പണം നിരസിക്കുകയായിരുന്നു.  പദവി രാജിവയ്ക്കുകയോ, ട്രാന്‍സ്ഫര്‍ ആരായുകയോ ആണ് തന്റെ മുന്നില്‍ ഇനിയുള്ള വഴിയെന്നും ലോയ പിതാവിനോട് പറഞ്ഞിരുന്നു. 

2014ല്‍ നിര്‍ബന്ധമായും അമിത് ഷാ കോടതിയില്‍ ഹാജരായിരിക്കണം എന്ന താക്കീത് നല്‍കിയതിന് പിന്നാലെ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ജെ.ടി.ഉത്പത്തിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയ ചുമതലയേല്‍ക്കുന്നത്. ഉത്പത് കേസ് പരിഗണിച്ചിരുന്ന ഒരു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അമിത് ഷാ കോടതിയില്‍ എത്തിയിരുന്നില്ലെന്ന് 2015 ഫെബ്രുവരിയില്‍ ഔട്ട്‌ലുക്കില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടുന്നു. 

പ്രമേഹ രോഗിയാണെന്നും അനങ്ങാന്‍ സാധിക്കില്ലെന്നുമുള്ള വാദങ്ങള്‍ നിരത്തിയായിരുന്നു അമിത് ഷാ കോടതിയില്‍ ഹാജരാവാതിരുന്നത്. എന്നാല്‍ രോഗം വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ ഒന്നും കോടതിയില്‍ ഹാജരാക്കിയിരുന്നുമില്ല. 2014 ജൂണ്‍ ആറിന് കോടതിയില്‍ അമിത് ഷാ കോടതിയില്‍ ഹാജരാകണമെന്ന് ഉത്പത് നിര്‍ദേശിച്ചു. എന്നാല്‍ അതുണ്ടായില്ല.  ജൂണ്‍ 20 വീണ്ടും ഹാജരാവാന്‍ നിര്‍ദേശിച്ചു. അന്നും അമിത് ഷാ എത്തിയില്ല. ജൂണ്‍ 26ന് ഹാജരാവാന്‍ അന്തിമ നിര്‍ദേശം നല്‍കി. എന്നാല്‍ ജൂണ്‍ 25ന് ഉത്പത്തിനെ ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു.  

സൊഹ്‌റാബുദ്ദിന്‍ കേസ് തുടക്കം മുതല്‍ ഒടുക്കം വരെ ഒരു ജഡ്ജിയുടെ കീഴില്‍ പരിഗണിക്കണമെന്ന 2012ലെ സുപ്രീംകോടതി വിധി ലംഘിക്കലായിരുന്നു ഇത്. എന്നാല്‍ ഉത്പത്തില്‍ നിന്നും വ്യത്യസ്തമായി കുറ്റങ്ങള്‍ ചുമത്തുന്നത് വരെ കോടതിയില്‍ അമിത് ഷാ ഹാജരാവേണ്ടതില്ല എന്ന നിലപാടായിരുന്നു ലോയ സ്വീകരിച്ചതെന്ന് ഔട്ട്‌ലുക്കിലെ വാര്‍ത്തയില്‍ പറയുന്നു.

10,000 പേജുകളിലായുള്ള ചാര്‍ജ് ഷീറ്റ് ലോയ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതായി ബന്ധു ബാലപ്രസാദ്  ബിയാനി പറയുന്നു. പ്രധാനപ്പെട്ട കേസാണിത്. ടെന്‍ഷന്‍ വല്ലാതെയാവുന്നു എന്ന് ലോയ പറഞ്ഞിരുന്നതായും അവര്‍ പറയുന്നു. 

അമിത് ഷായെ കുറ്റവിമുക്തനാക്കണം എന്നായിരുന്നു എതിര്‍ഭാഗം ശക്തമായി ഉന്നയിച്ചിരുന്നത്. അതിനാല്‍ തന്നെ സമ്മര്‍ദ്ദം നിറഞ്ഞ കോടതി അന്തരീക്ഷമായിരുന്നു നിലനിന്നിരുന്നതെന്ന് ലോയ തന്നോട് പറഞ്ഞിരുന്നതായി  അഭിഭാഷകന്‍ മിഹിര്‍ ദേശായി പറയുന്നു. സിബിഐ കോടതിയില്‍ ഹാജരാക്കിയ ഫോണ്‍കോള്‍ സംഭാഷണം അടങ്ങിയ ടേപ്പിന്റെ തര്‍ജിമ തങ്ങള്‍ക്ക് വേണമെന്ന് ലോയ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിച്ചിരുന്ന ലോയയ്ക്കും,  പരാതിക്കാരനും ഗുജറാത്തി ഭാഷ അറിയില്ല. ഗുജറാത്തിയിലായിരുന്നു ഫോണ്‍ സംഭാഷണം.

എന്നാല്‍ ടേപ്പിന്റെ തര്‍ജിമ എന്ന ആവശ്യം എതിര്‍ഭാഗം നിരന്തരം നിഷേധിച്ചിരുന്നതായി ദേശായി പറയുന്നു. ഇതുകൂടാതെ പരാതിക്കാരന്റെ അഭിഭാഷകനെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കുറേ ആളുകള്‍ കോടതിയില്‍ നിലയുറപ്പിക്കാറുണ്ടായിരുന്നതായും ദേശായി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com