പലിശക്കാരുടെ ഭീഷണി മൂലം തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പണമിടപാട് നടത്തുന്നയാള്‍ തന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് തള്ളിവിടുകയായിരുന്നെന്ന് അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.  
പലിശക്കാരുടെ ഭീഷണി മൂലം തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് തമിഴ് സിനിമാ നിര്‍മ്മാതാവ് അശോക് കുമാര്‍ ആത്മഹത്യ ചെയ്തു. സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പണമിടപാട് നടത്തുന്നയാള്‍ തന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് തള്ളിവിടുകയായിരുന്നെന്ന് അശോക് കുമാറിന്റെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.  

കഴിഞ്ഞ ദിവസം ചെന്നൈയിലെ ആള്‍വര്‍തിരുനഗറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തൂങ്ങിമരിച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംവിധായകനും നടനുമായ എം ശശികുമാറിന്റെ ഈശന്‍, പോരാളി എന്നീ ചിത്രങ്ങളും റിലീസ് ചെയ്യാനിരിക്കുന്ന കൊടി വീരന്‍ എന്ന ചിത്രത്തിന്റെയും സഹനിര്‍മാതാവാണ് മധുര സ്വദേശിയായ അശോക്. 

പൊലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പണമിടപാടു നടത്തുന്ന അന്‍മ്പുചെഴിയന്‍ തന്നെ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തായി സൂചിപ്പിച്ചിട്ടുണ്ട്. പൊലീസ്- രാഷ്ട്രീയ വൃത്തങ്ങളില്‍ സ്വാധീനമുള്ള ഇയാള്‍ നിര്‍മ്മാണ കമ്പനിക്ക് നല്‍കിയ വായ്പയുടെ പലിശയായി കൂടുതല്‍ പണം ഈടാക്കിയതായും കത്തില്‍ പറയുന്നുണ്ട്.

തമിഴ് സിനിമാ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടനുമായ വിശാല്‍, അശോക് കുമാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പലിശക്കാര്‍ നല്‍കിയ കടുത്ത മാനസികസമ്മര്‍ദ്ദം മൂലമാണ് അശോകിന് ജീവന്‍ ത്വജിക്കേണ്ടി വന്നത് അതുകൊണ്ട് സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നുണ്ടായ അശോകിന്റെ ആത്മഹത്യ കൊലപാതകമായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വിശാല്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com