മുസ്ലീം സ്ത്രീയുടെ പര്‍ദ്ദ അഴിച്ചുമാറ്റി പൊലീസ്; സംഭവം ആദിത്യനാഥിന്റെ റാലിക്കിടെ

യുവതിയുടെ പര്‍ദ്ദ അഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനേയും പൊലീസ് അധിക്ഷേപിച്ചു
മുസ്ലീം സ്ത്രീയുടെ പര്‍ദ്ദ അഴിച്ചുമാറ്റി പൊലീസ്; സംഭവം ആദിത്യനാഥിന്റെ റാലിക്കിടെ

ബല്ലിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ മുസ്ലീം യുവതിയുടെ പര്‍ദ്ദ നിര്‍ബന്ധിച്ച് അഴിറ്റുമാറ്റി പൊലീസ്. ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഇരിക്കുകയായിരുന്ന മുസ്ലീം സ്ത്രീയുടെ അടുത്തേക്ക് എത്തിയാണ് മൂന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് യുവതി ധരിച്ചിരുന്ന പര്‍ദ്ദ അഴിപ്പിച്ചത്. 

മുഖ്യമന്ത്രിക്ക് നേരെ കരിംകൊടി കാണിച്ച് പ്രതിഷേധം ഉയര്‍ന്നേക്കും എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കറുത്ത ബുര്‍ഖ അഴിച്ചുമാറ്റാന്‍ നിര്‍ദേശിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. പര്‍ദ്ദ അഴിപ്പിച്ചതിന് ശേഷം പൊലീസ് അത് യുവതിക്ക് നല്‍കാന്‍ തയ്യാറായില്ല. 

യുവതിയുടെ പര്‍ദ്ദ അഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകനേയും പൊലീസ് അധിക്ഷേപിച്ചു. താന്‍ ബിജെപി അനുഭാവിയാണെന്നും, ഗ്രാമത്തില്‍ നിന്നും തങ്ങളുടെ പരമ്പരാഗത വേഷത്തില്‍ എത്തുകയായിരുന്നു എന്നുമാണ് ബുര്‍ഖ അഴിക്കേണ്ടി വന്ന സൈറ എന്ന സ്ത്രീ പറയുന്നത്. കറുപ്പ് നിറത്തിലെ ബുര്‍ഖയായിരുന്നു അത്. ചിലപ്പോള്‍ അതിന് ഇവിടെ എന്തെങ്കിലും നിരോധനം ഉണ്ടായിരുന്നിരിക്കാം, അതിനാലാകാം അഴിക്കാന്‍ നിര്‍ദേശിച്ചതെന്നും സൈറ  പറയുന്നു. 

എന്നാല്‍ ബുര്‍ഖ അഴിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. റാലിയില്‍ കറുത്ത പതാകകള്‍ ഉയരരുത് എന്ന നിര്‍ദേശം നല്‍കപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ബന്ധിച്ച് ഒരാളെ കൊണ്ടും ബുര്‍ഖ അഴിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com