കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്കൊപ്പം അമ്മയ്ക്കും അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ 

പാക്കിസ്ഥാനിലെത്തുന്ന ഇരുവരെയും ചോദ്യംചെയ്യാനോ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന ഉറപ്പു ലഭിക്കണമെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍
കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്കൊപ്പം അമ്മയ്ക്കും അനുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ 

ന്യൂഡല്‍ഹി :   പാക്കിസ്ഥാന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്കൊപ്പം അമ്മയ്ക്കും അനുമതി നല്‍കണമെന്നു കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതിനൊപ്പം മൂന്നു നിബന്ധനകളും ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെത്തുന്ന ഇരുവരെയും ചോദ്യംചെയ്യാനോ ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന ഉറപ്പു ലഭിക്കണമെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ഡല്‍ഹിയില്‍ പറഞ്ഞു. ഇരുവരുടെയും സുരക്ഷിതത്വവും ഉറപ്പാക്കണം.

കൂടാതെ, പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനു മുഴുവന്‍ സമയവും ഇവരോടൊപ്പമുണ്ടാകാന്‍ അനുവാദം നല്‍കണം. മകനെ കാണാന്‍ അനുവദിക്കണമെന്ന ജാദവിന്റെ അമ്മയുടെ അഭ്യര്‍ഥനയില്‍ പാക്കിസ്ഥാന്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. എന്നാല്‍ ജാദവിന്റെ ഭാര്യയ്ക്കു അനുമതി നല്‍കിയിട്ടുണ്ട്.

ഏപ്രിലിലാണ് ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷ വിധിച്ചത്. ഇറാനില്‍ വ്യാപാരം നടത്തുന്നതിനിടെ കുല്‍ഭൂഷനെ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാന്റെ ആരോപങ്ങളെ ഇന്ത്യ പൂര്‍ണമായി തള്ളുകയും ചെയ്തു. മേയില്‍ ഇന്ത്യയുടെ അപ്പീലില്‍ ഹേഗിലെ രാജ്യാന്തര കോടതി വധശിക്ഷ തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ച് ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല, ജാദവിനു കോണ്‍സുലാര്‍ സഹായം നല്‍കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും ഐസിജെ അംഗീകരിച്ചിരുന്നു. അന്തിമ വിധിക്കായി ജനുവരിയില്‍ കോടതി വാദം കേട്ടുതുടങ്ങുമെന്നാണു പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com