മോദിയുടെ മകന്റെ കല്യാണം കലക്കും; അതിഥികളുടെ മുന്നിലിട്ടു തല്ലുമെന്ന് ലാലുപ്രസാദിന്റെ മകന്‍

ഞാന്‍ അവിടെ ചെന്ന് അതിഥികളുടെ മുന്നിലിട്ട് അയാളെ അവഹേളിക്കും. എന്നെ അപമാനിക്കാനാണ് അയാള്‍ കല്യാണത്തിനു വിളിച്ചിരിക്കുന്നത്
മോദിയുടെ മകന്റെ കല്യാണം കലക്കും; അതിഥികളുടെ മുന്നിലിട്ടു തല്ലുമെന്ന് ലാലുപ്രസാദിന്റെ മകന്‍

പറ്റ്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹം അലങ്കോലമാക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ്. വിവാഹ വീട്ടില്‍ കയറി സുശീല്‍ മോദിയെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന തേജ് പ്രതാപിന്റെ പ്രസംഗം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദമാണ് ഉയര്‍ത്തിയിരിക്കുന്നത്. 

ഈ മാസം 19ന് ഔറംഗബാദില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്‍ ആരോഗ്യമന്ത്രി കൂടിയായ തേജ് പ്രതാപ് സുശീല്‍ മോദിക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ''അയാള്‍ മകന്റെ വിവാഹത്തിന് എന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ അവിടെ ചെന്ന് അതിഥികളുടെ മുന്നിലിട്ട് അയാളെ അവഹേളിക്കും. എന്നെ അപമാനിക്കാനാണ് അയാള്‍ കല്യാണത്തിനു വിളിച്ചിരിക്കുന്നത്. നമ്മള്‍ ചതിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അവിടെ നിങ്ങള്‍ക്കൊരു പോരാട്ടം കാണാനാവും. ഞാന്‍ വീട്ടിലേക്കു കയറിച്ചെന്ന് അയാളെ അടിച്ചുവീഴ്ത്തും. അവിടെ ഞാനൊരു സീനുണ്ടാക്കും. അതിഥികളുടെ മുന്നില്‍ വച്ച് അയാളെ അപമാനിക്കും. ഞാന്‍ വൈകാരികമായി പ്രതികരിക്കുന്നയാളാണ്. ഇതു ഞാന്‍ ആത്മാര്‍ഥമായി പറയുന്നതാണ്''- തേജ് പ്രതാപ് പറഞ്ഞു.

സുശീല്‍ കുമാര്‍ മോദിയുടെ പേരു പരാമര്‍ശിക്കാതെയാണ് തേജ് പ്രതാപിന്റെ പ്രസംഗം. എന്നാല്‍ സൂചനകള്‍ വ്യക്തമാണ്. അടുത്ത മാസം മൂന്നിനാണ് സുശീല്‍ മോദിയുടെ മകന്‍ ഉത്കര്‍ഷിന്റെ വിവാഹം. തേജ് പ്രതാപിന്റെ പ്രസംഗം വിവാദമായെങ്കിലും ആര്‍ജെഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

തേജ് പ്രതാപിന്റെ പരാമര്‍ശങ്ങള്‍ തെളിയിക്കുന്നത് വളര്‍ത്തിയതിന്റെ കുഴപ്പമാണെന്ന് സുശീല്‍ കുമാര്‍ മോദി പ്രതികരിച്ചു. എന്റെ മകന്റെ വിവാഹം അലങ്കോലമാക്കുമെന്ന് എങ്ങനെയാണ് ഒരാള്‍ക്കു പറയാനാവുക. അദ്ദേഹം ആകെ നിരാശയിലാണെന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും അഴിമതി തുറന്നുകാട്ടുകയാണ് ഞാന്‍ ചെയ്തത്. അതുകൊണ്ടാണ് അവരുടെ പാര്‍ട്ടി പരാജയപ്പെട്ടത്. എന്തായാലും ഈ പ്രസംഗത്തില്‍ എനിക്ക് ഉത്കണ്ഠയുണ്ട്. ഇക്കാര്യത്തില്‍ ഇടപെട്ട് മകനെ നിയന്ത്രിക്കാന്‍ ലാലുവിനോട് ആവശ്യപ്പെടുമെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com