ശിരോവസ്ത്രം എന്തിന് ധരിച്ചിരിക്കുന്നു?; ട്രെയിനില്‍ മൂന്ന് മുസ്‌ലീം പണ്ഡിതര്‍ക്ക് മര്‍ദനം

എന്തിനാണ് തങ്ങളെ മര്‍ദിക്കുന്നത് എന്ന ചോദ്യത്തിന് ശിരോവസ്ത്രം എന്ന കാരണം ചൂണ്ടികാണിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് മദ്രസ അധ്യാപകര്‍
ശിരോവസ്ത്രം എന്തിന് ധരിച്ചിരിക്കുന്നു?; ട്രെയിനില്‍ മൂന്ന് മുസ്‌ലീം പണ്ഡിതര്‍ക്ക് മര്‍ദനം

ലകനൗ: ഉത്തരേന്ത്യയില്‍  ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വീണ്ടും മുസ്‌ലിങ്ങള്‍ക്ക് നേരെ ആക്രമണം. മൂന്ന് മുസ്‌ലീം  പണ്ഡിതരാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. ന്യൂഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് പോകുന്നതിന് ഇടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. എന്തിനാണ് ശിരോവസ്ത്രം ധരിച്ചിരിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചു കൊണ്ടായിരുന്നു ആക്രമണം. മൂന്ന് മദ്രസ അധ്യാപകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. സ്ഥലം എത്താറായപ്പോള്‍ ഇറങ്ങാന്‍ തുടങ്ങവേ കോച്ചിന്റെ പുറത്തേയ്ക്കുളള വാതില്‍ അടച്ച് അക്രമികള്‍ ഇവര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുമ്പുദണ്ഡും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് മദ്രസ അധ്യാപകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ വര്‍ഗീയ താല്പര്യങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.

എന്തിനാണ് തങ്ങളെ മര്‍ദിക്കുന്നത് എന്ന ചോദ്യത്തിന് ശിരോവസ്ത്രം എന്ന കാരണം ചൂണ്ടികാണിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് മദ്രസ അധ്യാപകര്‍ പറഞ്ഞു. സീറ്റ് സംബന്ധിച്ച തര്‍ക്കമാകാം ആക്രമണത്തില്‍ കലാശിച്ചത് എന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ജൂണ്‍ 16 ന് ട്രെയിനില്‍ നടന്ന സമാനമായ ആക്രമണത്തില്‍ ജുനൈദ് ഖാന്‍ എന്ന പതിനാറുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ബീഫ് തിന്നുന്നവര്‍, രാജ്യദ്രോഹികള്‍ എന്നി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയായിരുന്നു അന്ന് ആക്രമണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com